Quantcast

'തീവെട്ടികൊളള ചൂണ്ടിക്കാണിക്കുന്നവരോട് സ്വന്തമായി വിമാനം പറത്താന്‍ ഉപദേശിക്കുന്നത് വിശ്വാസികളോടുളള അവഹേളനമാണ്'; പി.എം.എ.സലാം

മീഡിയവണിന്‍റെ വിമാനം കൊണ്ടുവന്നാൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്താമെന്നും വിഷയത്തിൽ ഇടപെടാനാകില്ലെന്നുമായിരുന്നു അബ്ദുല്ലക്കുട്ടി പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2024-01-29 09:48:02.0

Published:

29 Jan 2024 9:08 AM GMT

P. M. A. Salam, abdullakutty, hajj commity, air india, karippur, latest malayalam news, പി എം എ സലാം, അബ്ദുള്ളക്കുട്ടി, ഹജ്ജ് കമ്മിറ്റി, എയർ ഇന്ത്യ, കരിപ്പൂർ,
X

മലപ്പുറം: കരിപ്പൂരിലെ ഹജ്ജ് വിമാന നിരക്കിലെ അമിത വർധനവില്‍ നിരുത്തരവാദപരമായ മറുപടി നൽകിയ കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന പദവിക്ക് യോജിച്ചതല്ലെന്നും ഇത് വിശ്വാസികളോടുളള അവഹേളനമാണെന്നും പി.എം.എ സലാം തന്‍റെ ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്രത്തെ പഴിപറയുന്നതിന് പകരം അത്യന്തം ഗൗരവതരമായ ഈ വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്താന്‍ കേരള ഗവണ്‍മെന്‍റ് ഇനിയും വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മീഡിയവണിന്‍റെ വിമാനം കൊണ്ടുവന്നാൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്താമെന്നും വിഷയത്തിൽ ഇടപെടാനാകില്ലെന്നുമായിരുന്നു അബ്ദുല്ലക്കുട്ടി മീഡിയവണിനോട് പറഞ്ഞത്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നൊരു ചൊല്ലുണ്ട്‌ നമ്മുടെ നാട്ടില്‍. മലബാറിലെ ഹജ്ജ് തീര്‍ത്ഥാടകരോട് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്ര- സംസ്ഥാന ഹജ്ജ് വകുപ്പുകളും ചെയ്യുന്ന കൊടും ക്രൂരത മറ നീക്കി പുറത്ത് വന്നപ്പോള്‍ നടത്തിയ പ്രതികരണം അബ്ദുളളക്കുട്ടിക്ക് ഭൂഷണമെങ്കിലും കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന പദവിക്ക് യോജിച്ചതല്ല.

എയര്‍ ഇന്ത്യയുടെ തീവെട്ടികൊളള ചൂണ്ടിക്കാണിക്കുന്നവരോട് സ്വന്തമായി വിമാനം പറത്താന്‍ ഉപദേശിക്കുന്നത് വിശ്വാസികളോടുളള അവഹേളനമാണ്. കേന്ദ്രത്തെ പഴിപറഞ്ഞ് കാഴ്ച്ചക്കാരായി നില്‍ക്കുന്നതിന് പകരം അത്യന്തം ഗൗരവതരമായ ഈ വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്താന്‍ കേരള ഗവണ്‍മെന്‍റ് ഇനിയും വൈകിക്കൂടാ.

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ കരിപ്പൂരിൽനിന്നും ഹജ്ജിന് പോകേണ്ട തീർഥാടകർ ആശങ്കയിലാണ്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കരിപ്പൂരിലത് 1,65,000 രൂപയാണ്. കരിപ്പൂർ വിമാനത്താവളത്തെയാണ് കേരളത്തിൽ നിന്നുള്ള ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ ആശ്രയിക്കുന്നത്. 14,464 തീർഥാടകരാണ് ഇത്തവണ കരിപ്പൂരില്‍ നിന്നും തെരഞ്ഞെടുത്തിരിക്കുന്നത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. 70 വയസ്സിന് മുകളിൽ പ്രായമുള്ള തീർഥാടകരും വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.തീർഥാടകനും സഹായിയായി ഹജ്ജിന് പോകുന്നവർക്കുമായി ഒന്നരലക്ഷം രൂപയിലധികം അധികമായി നൽകണം.

കരിപ്പൂര്‍ എയർപോർട്ടിൽ നിന്നുള്ള ഹാജിമാർക്ക് മാത്രം 80,000 രൂപ അമിതമായി ഈടാക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. ലീഗ് എം.പിമാർ ഡൽഹിയിലെത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായും വ്യോമയാന വകുപ്പുമായും ചർച്ചനടത്തും. എം.എൽ.എമാരും ഭാരവാഹികളും ഇക്കാര്യത്തിൽ കേരള സർക്കാരിലും സമ്മർദം ചെലുത്തും. ന്യായമായ തീരുമാനമുണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിം ലീഗ് നേതൃത്വം നൽകുമെന്നും പി.എം.എ സലാം പറഞ്ഞു.

TAGS :

Next Story