Quantcast

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പരാമർശം: മണിശങ്കർ അയ്യരെ തള്ളി എഐസിസി

മണിശങ്കർ അയ്യർക്ക് കോൺഗ്രസുമായി ഇപ്പോൾ ബന്ധമില്ലെന്ന് പവൻ ഖേഡ

MediaOne Logo

Web Desk

  • Published:

    16 Feb 2026 6:55 AM IST

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പരാമർശം: മണിശങ്കർ അയ്യരെ തള്ളി എഐസിസി
X

തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പരാമർശത്തിന് പിന്നാലെ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യരെ തള്ളി എഐസിസി. മണിശങ്കർ അയ്യർക്ക് കോൺഗ്രസുമായി ഇപ്പോൾ ബന്ധമില്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേഡ എക്സിലൂടെ അറിയിച്ചു. വ്യക്തിപരമായ അഭിപ്രായമാണ് മണിശങ്കർ അയ്യർ പറയുന്നതെന്നും പവൻ ഖേഡ പ്രതികരിച്ചു

കേരളത്തിൽ യുഡിഎഫിനെ ജനങ്ങൾ അധികാരത്തിൽ എത്തിക്കുമെന്ന് ജയ്റാം രമേശും എക്സിൽ കുറിച്ചു.സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിഷൻ 2031 പരിപാടിയിലാണ് മണിശങ്കർ വിവാദ പരാമർശം നടത്തിയത്.

പഞ്ചായത്തീരാജ് സംവിധാനത്തിൽ കേരളത്തിന്റെ ഒന്നാം സ്ഥാനം നിയമപരമായി കൂടി ഉറപ്പിക്കാനാവശ്യമായ ഭേദഗതികൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നിർദ്ദേശിക്കുകയാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ പരാമർശിച്ചിരുന്നു. പാവപ്പെട്ടവർക്കും ഇത് തങ്ങളുടെ രാജ്യമാണെന്ന് തോന്നുന്ന, രാജ്യനിർമ്മാണത്തിൽ അവർക്ക് ഫലപ്രദമായ പങ്കാളിത്തമുള്ള ഒരു ഇന്ത്യയായിരുന്നു ഗാന്ധിജിയുടെ സ്വപ്നമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ ലക്ഷ്യത്തിലേക്ക് ഏറ്റവും പ്രശംസനീയമായ പുരോഗതി കൈവരിച്ചത് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്നത് ഒരു കൗതുകകരമായി തോന്നാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പിണറായി വിജയൻ തന്നെയാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഞാൻ ഒന്നുകൂടി അഭ്യർത്ഥിക്കുകയാണ്: പഞ്ചായത്തീരാജ് രംഗത്ത് കേരളത്തിന്റെ ഒന്നാം സ്ഥാനം പൂർണ്ണമായി ഉറപ്പിക്കാൻ നമ്മുടെ അനുഭവങ്ങളുടെയും, തോമസ് ഐസക്കിന്റെ ഉൾക്കാഴ്ചകളുടെയും, ഞാൻ അധ്യക്ഷനായിരുന്ന അഞ്ച് വാല്യങ്ങളുള്ള റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാന നിയമ ഭേദഗതി കൊണ്ടുവരണം.

എല്ലാറ്റിനുമുപരി, ആസൂത്രണ കമ്മീഷൻ പഞ്ചായത്തീരാജിൽ വിശ്വസിച്ചിരുന്ന കാലത്ത് വി.കെ. രാമചന്ദ്രൻ തയ്യാറാക്കിയ ജില്ലാ ആസൂത്രണത്തെക്കുറിച്ചുള്ള കുറിപ്പും ഇതിനായി പരിഗണിക്കണം. രാജ്യത്ത് ഇന്ന് പഞ്ചായത്തീരാജിനായി ശബ്ദമുയർത്താൻ അധികം ആരും അവശേഷിക്കുന്നില്ല. അതിനാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ പക്കൽ ഞാൻ അപേക്ഷിക്കുന്നു: സർ, ദയവായി കോൺഗ്രസ് കൈവിട്ട ആ ദൗത്യം അങ്ങ് ഏറ്റെടുക്കുക'. എന്നായിരുന്നു മണി ശങ്കര്‍ അയ്യര്‍ പ്രസംഗിച്ചത്.

TAGS :

Next Story