' പരാമർശം നിരുത്തരവാദപരം; എ.കെ.ബാലനെ തള്ളി എം.വി.ഗോവിന്ദൻ
'സാങ്കൽപിക ചോദ്യത്തിന് സാങ്കൽപ്പിക ഉത്തരം നൽകുകയായിരുന്നു. പാർട്ടി അതിനെ തള്ളിക്കളയുന്നു'

തിരുവനന്തപുരം: എ.കെ.ബാലന്റെ വിവാദ പ്രസ്താവന തള്ളി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തിരുവനന്തപുരം ജില്ല കമ്മിറ്റി യോഗത്തിൽ ചർച്ചക്ക് ശേഷം മറുപടി പറയുമ്പോഴാണ് സംസ്ഥാന സെക്രട്ടറി എ.കെ.ബാലന്റെ നിലപാട് തള്ളിയത്. 'എ.കെ.ബാലന്റെ പരാമർശം നിരുത്തരവാദപരമാണ്. സാങ്കൽപിക ചോദ്യത്തിന് സാങ്കൽപ്പിക ഉത്തരം നൽകുകയായിരുന്നു. പാർട്ടി അതിനെ തള്ളിക്കളയുന്നു. അതുകൊണ്ടാണ് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ മറുപടി നൽകാതിരുന്നതെന്നും എം.വി.ഗോവിന്ദൻ യോഗത്തിൽ പറഞ്ഞു.
യുഡിഎഫ് ഭരണത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരവകുപ്പ് ഭരിക്കുമെന്നും മാറാട് ആവർത്തിമെന്നുമുള്ള മുൻ മന്ത്രി എ.കെ ബാലന്റെ പ്രസ്താവനയെ പിന്തുണക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മാറാട് കലാപം ഓർമിപ്പിക്കുക മാത്രമാണ് ബാലൻ ചെയ്തതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
വർഗീയ സംഘർഷങ്ങളെ നേരിടുന്നതിൽ യുഡിഎഫ് കൃത്യമായ നിലപാട് സ്വീകരിച്ചില്ല. വർഗീയ ശക്തികൾ കേരളം വിട്ടുപോയിട്ടില്ല. പക്ഷേ, അവർക്ക് അഴിഞ്ഞാടാൻ കഴിയുന്നില്ല. അവർ തല പൊക്കാൻ ശ്രമം നടത്തിയാൽ കർക്കശ നടപടികളിലൂടെ നേരിടുന്നതാണ് ഇന്നത്തെ സർക്കാർ രീതി. വർഗീയതയോട് വിട്ടുവീഴ്ചയില്ലെന്നുമാണ് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞത്.
Adjust Story Font
16

