Quantcast

എകെജി സെന്റർ ആക്രമണം: സ്‌ഫോടകവസ്തു നിർമിച്ചത് ജൂൺ 23ന് ശേഷം; നിർണായകമായത് 'കേരള കൗമുദി' പത്രം

അക്രമി സഞ്ചരിച്ചത് ഡിയോ സ്‌കൂട്ടറിലാണെന്ന് വ്യക്തമായതോടെ കിടക്കപ്പൊറുതി ഇല്ലാതായത് ജില്ലയിലെ ഡിയോ സ്‌കൂട്ടർ ഉടമകൾക്കാണ്. സ്‌കൂട്ടറുമായി സ്റ്റേഷനിലെത്തണം, കുഴപ്പക്കാരനല്ലെന്ന് തെളിയിക്കണം.

MediaOne Logo
എകെജി സെന്റർ ആക്രമണം: സ്‌ഫോടകവസ്തു നിർമിച്ചത് ജൂൺ 23ന് ശേഷം; നിർണായകമായത് കേരള കൗമുദി പത്രം
X

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ദുരൂഹമായി തുടരുന്ന എകെജി സെൻറർ ആക്രമണത്തിനായി ഉപയോഗിച്ച സ്‌ഫോടകവസ്തു നിർമിച്ചത് ജൂൺ 23 ന് ശേഷമെന്ന് കണ്ടെത്തൽ. ഈ നിഗമനത്തിലെത്താൻ പൊലീസിനെ സഹായിച്ചത് കേരള കൗമുദി പത്രമാണ്. കാരണം ജൂൺ 23ലെ കേരള കൗമുദി പത്രമുപയോഗിച്ചാണ് സ്‌ഫോടകവസ്തു നിർമിച്ചിരിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിനാണ് ഈ വിവരം ലഭിച്ചത്. ഇതോടെ കേരള കൗമുദിക്ക് പിന്നിലായി അന്വേഷണം. മുമ്പ് കേസുകളിൽ ഉൾപ്പെട്ട പത്രവിതരണക്കാർ ഉണ്ടോയെന്നും സംഘം അന്വേഷിച്ചു. കൂടാതെ കേരള കൗമുദി ലഭിക്കുന്ന സമീപത്തെ കോളജുകൾ, ക്ലബുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലും അന്വേഷണസംഘം അരിച്ചുപെറുക്കി. എന്നാൽ യാതൊരു തുമ്പും ലഭിച്ചില്ല.

അക്രമിക്ക് പൈലറ്റായി സ്വിഫ്റ്റ് കാർ

പ്രതി സഞ്ചരിച്ച ഡിയോ സ്‌കൂട്ടറിനെ കൂടാതെ മറ്റൊരു വാഹനത്തിന്റെ സാന്നിധ്യമാണ് അന്വേഷണസംഘത്തിന് ലഭിച്ച മറ്റൊരു പ്രധാന വിവരം. അക്രമി സഞ്ചരിച്ചതിന് മുന്നിലായി ഒരു സ്വിഫ്റ്റ് കാർ പൈലറ്റ് പോകുന്നതിന്റെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. എന്നാൽ ഈ വാഹനത്തിന്റെ നമ്പറും കണ്ടെത്താനായില്ല. 25 വയസിൽ താഴെയുള്ള സ്‌ഫോടകവസ്തു കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ഒരാൾ, ഇതുമാത്രമാണ് നിലവിൽ പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

പൊലീസിനെ കുടുക്കിയ ഡിയോ സ്‌കൂട്ടർ ഉടമകൾ

അക്രമി സഞ്ചരിച്ചത് ഡിയോ സ്‌കൂട്ടറിലാണെന്ന് വ്യക്തമായതോടെ കിടക്കപ്പൊറുതി ഇല്ലാതായത് ജില്ലയിലെ ഡിയോ സ്‌കൂട്ടർ ഉടമകൾക്കാണ്. സ്‌കൂട്ടറുമായി സ്റ്റേഷനിലെത്തണം, കുഴപ്പക്കാരനല്ലെന്ന് തെളിയിക്കണം. എന്നാൽ ഈ പരിശോധന പൊലീസിനെയും ചില പുലിവാലുകൾ പിടിപ്പിച്ചു. ഒരു ഡിയോ സ്‌കൂട്ടർ ഉടമയെ ഫോണിൽ വിളിച്ച് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. പിന്നാലെ വരുന്നു മജിസ്‌ട്രേട്ടിന്റെ ഫോൺ. തന്റെ ഭർത്താവിനോട് സ്റ്റേഷനിൽ വരാൻ പറഞ്ഞതെന്തിനെന്ന് ചോദ്യം. കാര്യം പറഞ്ഞ് തൽക്കാലം ഉദ്യോഗസ്ഥൻ സ്‌കൂട്ടായി. പിന്നെ വിളിച്ചയാൾ യുഎഇ കോൺസലേറ്റിലെ ഉന്നതൻ. പേരും സ്ഥാനവും പറഞ്ഞതോടെ 'അങ്ങോട്ടു വന്നോളാം സാർ' എന്നായി മറുപടി.

ചുരുളിയായി ചുഴറ്റുന്ന ദൃക്‌സാക്ഷി മൊഴി

അക്രമത്തെ സംബന്ധിച്ച് പൊലീസിന് ആകെ ലഭിച്ച നിർണായ മൊഴി ചെങ്കൽചൂള സ്വദേശി വിജയ് എന്ന യുവാവിന്റേതാണ്. സ്‌ഫോടകവസ്തു എറിഞ്ഞ് സ്‌കൂട്ടറിൽ വേഗത്തിൽ പോകുന്നയാളെ കണ്ടെന്നാണ് മൊഴി. തട്ടുകയിലെക്ക് വെള്ളമെടുക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യം കണ്ടതെന്നും വിജയ് മൊഴി നൽകി. സംഭവത്തിൽ പ്രതിയാണെന്ന് സംശയിക്കപ്പെട്ട് പൊലീസ് ആദ്യം പിടികൂടിയ ആളാണ് വിജയ്. ആദ്യ ഘട്ടത്തിലൊന്നും ഇയാൾ ഇത്തരമൊരു മൊഴി നൽകിയിരുന്നില്ല. വീട്ടുകാർ പറഞ്ഞിട്ടാണ് ആദ്യം ഇക്കാര്യം പറയാതിരുന്നതെന്നാണ് വിശദീകരണം. ഇയാളുടെ ഫോണിൽ നിന്നും പ്രാദേശിക സിപിഎം നേതാവിനെ ഫോൺ വിളിച്ചെന്ന വാർത്തകളും വന്നിരുന്നു. ഇതാണ് കേസിലെ ഇപ്പോഴത്തെ ദുരൂഹത. എന്നാൽ അന്വേഷണസംഘത്തിലെ ഒരു വിദ്വാന്റെ 'കഥ'യാണ് ഫോൺ വിളി വിവാദമെന്നാണ് വിശദീകരണം.

TAGS :

Next Story