Quantcast

മഞ്ചേശ്വരത്ത് എ.കെ.എം അഷ്റഫ് 15000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സിപിഎം വിലയിരുത്തൽ

എസ്ഡിപിഐയുടെ വോട്ടുകൾ ഇത്തവണ എൽഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2026-04-15 04:55:16.0

Published:

15 April 2026 8:04 AM IST

മഞ്ചേശ്വരത്ത് എ.കെ.എം അഷ്റഫ് 15000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സിപിഎം വിലയിരുത്തൽ
X

മഞ്ചേശ്വരം: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫ് 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പിന് ശേഷം സിപിഎം മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ബിജെപി സ്ഥാനാർഥിയായ കെ. സുരേന്ദ്രൻ ഇത്തവണ ഏറെ പിന്നോട്ട് പോകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മണ്ഡലത്തിൽ എൽഡിഎഫ് തങ്ങളുടെ നില മെച്ചപ്പെടുത്തുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എൽഡിഎഫ് സ്ഥാനാർഥി ജയാനന്ദ തുളു-കന്നഡ ഭാഷാ മേഖലകളിൽ ചെലുത്തിയ ശക്തമായ സ്വാധീനം ഇതിന് വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ട്. തുളു അക്കാദമിയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധവും ജനകീയതയും കാരണം, മുമ്പ് ബിജെപിയിലേക്ക് കൊഴിഞ്ഞുപോയ എൽഡിഎഫ് വോട്ടുകൾ ഗണ്യമായി തിരികെ പിടിക്കാൻ പാർട്ടിക്ക് സാധിച്ചു. കൂടാതെ, എസ്ഡിപിഐയുടെ വോട്ടുകൾ ഇത്തവണ എൽഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

അതേസമയം, കെ. സുരേന്ദ്രന് ഇത്തവണ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് സിപിഎമ്മിന്റെ നിരീക്ഷണം. മുൻകാലങ്ങളിൽ അതിർത്തി പ്രദേശങ്ങളിൽ ബിജെപിക്ക് ലഭിച്ചിരുന്ന കർണാടകയിൽ നിന്നുള്ള വോട്ടുകളും ഇരട്ടവോട്ടുകളും ഇത്തവണ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് സുരേന്ദ്രന്റെ വോട്ട് നിലയെ സാരമായി ബാധിക്കുമെന്ന് പാർട്ടി ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫിന്റെ ഭൂരിപക്ഷം 15,000ലേക്ക് ഉയരാൻ പ്രധാന കാരണം മണ്ഡലത്തിൽ അതിശക്തമായി നടന്ന ന്യൂനപക്ഷ ഏകീകരണമാണെന്ന് സിപിഎം വിലയിരുത്തുന്നു. എസ്ഡിപിഐ സ്ഥാനാർഥി നിർത്തിയത് കെ. സുരേന്ദ്രന്റെ വിജയത്തിന് വഴിയൊരുക്കുമെന്ന ആശങ്ക മണ്ഡലത്തിൽ ശക്തമായിരുന്നു. ഇത് ഒഴിവാക്കുന്നതിനായി പരമ്പരാഗതമായി എൽഡിഎഫിനെ പിന്തുണച്ചിരുന്ന മുസ്‌ലിം വിഭാഗങ്ങൾ ഉൾപ്പെടെ ഒറ്റക്കെട്ടായി യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിന് വോട്ട് ചെയ്തു എന്നാണ് പാർട്ടിയുടെ കണ്ടെത്തൽ.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 89 വോട്ടുകൾക്കും, 2021ൽ 745 വോട്ടുകൾക്കുമായിരുന്നു കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്. എന്നാൽ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ബിജെപി ഏറെ പിന്നോട്ട് പോകുമെന്നും മഞ്ചേശ്വരത്ത് 15,000ത്തിലധികം വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നുമാണ് സിപിഎം ജില്ലാ കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നത്.

TAGS :

Next Story