അൽ മുഖ്താദിർ ജ്വല്ലറി തട്ടിപ്പ്: ഗ്ലോബൽ മാനേജർ ഗുൽസാർ അഹമ്മദ് സേട്ട് പിടിയിൽ
നൂറുക്കണക്കിന് പേരിൽനിന്ന് സ്വർണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്നാണ് കേസ്

തിരുവനന്തപുരം: അൽ മുഖ്താദിർ ജ്വല്ലറി ഗ്രൂപ്പിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ ഗ്ലോബൽ മാനേജർ ഗുൽസാർ അഹമ്മദ് സേട്ട് അറസ്റ്റിൽ. 24.86 കോടി രൂപ തട്ടിയ കേസിൽ രണ്ടാം പ്രതിയായ ഗുൽസാർ അഹമ്മദിനെ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്റ്റേഷനുകളിലായി 246 കേസുകളാണ് രജിസ്റ്റർ ചെയ്തത്. നൂറുക്കണക്കിന് പേരിൽനിന്ന് സ്വർണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്നാണ് കേസ്.
അൽ മുഖ്താദിർ ജ്വല്ലറിയുടെ ഗ്ലോബൽ മാനേജർ ഗുൽസാർ അഹമ്മദ് സേട്ടിന്റെ അറസ്റ്റോടെ മറനീറുന്നത് കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നിന്റെ ഞെട്ടിക്കുന്ന കഥയാണ്. തിരുവനന്തപുരം മുതൽ പാലക്കാട് വരെ നാല്പതോളം ശാഖകളോടെ പ്രവർത്തിച്ചിരുന്ന 'അൽ മുഖ്താദിർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പ്' സിഇഒയും ചെയർമാനുമായ മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലായിരുന്നു ഈ വൻകിട തട്ടിപ്പ് അരങ്ങേറിയത്.
പണിക്കൂലിയോ പണിക്കുറവോ ഇല്ലാതെ സ്വർണം നൽകാമെന്നും നിക്ഷേപങ്ങൾക്ക് ആകർഷകമായ ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം ചെയ്താണ് ഇവർ ആളുകളെ വലയിലാക്കിയത്. 'സ്വർണ്ണാഭരണ വിൽപ്പന മൂലധന കരാർ' എന്ന പേരിൽ അഞ്ചു ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ പലരും ഇവിടെ മുൻകൂറായി നിക്ഷേപിച്ചു. പുതിയ നിക്ഷേപകരിൽ നിന്ന് വാങ്ങുന്ന പണം ഉപയോഗിച്ച് പഴയ നിക്ഷേപകർക്ക് ലാഭവിഹിതം നൽകുന്ന ഒരു മണിചെയിൻ രീതിയാണ് യഥാർഥത്തിൽ ഇവർ പിന്തുടർന്നിരുന്നത്.
സ്ഥാപനത്തിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബഡ്‌സ് ആക്ടിന്റെ (BUDS Act) ലംഘനങ്ങളെക്കുറിച്ചും പൊലീസിന് നേരത്തെ തന്നെ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ആദായനികുതി വകുപ്പ് ജ്വല്ലറിയിൽ റെയ്ഡ് നടത്തുകയും കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തുകയും ചെയ്തതോടെയാണ് കമ്പനിയുടെ തകർച്ച ആരംഭിക്കുന്നത്. അധികം വൈകാതെ തന്നെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും അൽ മുഖ്താദിറിന്റെ ശാഖകൾ ഓരോന്നായി അടച്ചുപൂട്ടുകയും ചെയ്തു.
വാഗ്ദാനം ചെയ്ത സ്വർണമോ നിക്ഷേപിച്ച പണമോ തിരികെ കിട്ടാതെ വന്നതോടെ വഞ്ചിക്കപ്പെട്ടവർ സംഘടിക്കുകയും സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പെടെയുള്ള വലിയ പ്രതിഷേധ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ഏകദേശം രണ്ടായിരത്തിലധികം ആളുകൾക്ക് തങ്ങളുടെ അധ്വാനിച്ച പണം നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിയമക്കുരുക്കുകൾ മുറുകുന്നതിനിടയിൽ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് മൻസൂർ കോടിക്കണക്കിന് രൂപയുമായി വിദേശത്തേക്ക് കടന്നതായാണ് വിവരങ്ങൾ.
പരാതികളുടെ എണ്ണം പെരുകുകയും തട്ടിപ്പിന്റെ വ്യാപ്തി വലുതാകുകയും ചെയ്തതോടെ കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി നടന്ന ഊർജിതമായ അന്വേഷണത്തിലാണ് ഇപ്പോൾ കമ്പനിയുടെ പ്രധാന നടത്തിപ്പുകാരിലൊരാളും കേസിലെ രണ്ടാം പ്രതിയുമായ ഗ്ലോബൽ മാനേജർ ഗുൽസാർ അഹമ്മദ് സേട്ട് പിടിയിലായിരിക്കുന്നത്. വൻ ലാഭം മോഹിപ്പിച്ച് എത്തുന്ന അനധികൃത നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കുന്ന സാധാരണക്കാർക്ക് മുന്നറിയിപ്പായി മാറുകയാണ് അൽ മുഖ്താദിർ തട്ടിപ്പ് കേസ്.
Adjust Story Font
16

