Quantcast

'ഒരു സീനിലും ഇല്ലാത്ത എന്റെ പേര് ഇതിലേക്ക് കൊണ്ടുവന്നതിന്റെ പേരാണ് വർഗീയത'; ചിത്രപ്രിയയുടെ കൊലയിൽ തനിക്കെതിരായ വ്യാജ- വർഗീയ പ്രചാരണത്തിനെതിരെ അലൻ ഷുഹൈബ്

വർ​ഗീയ പ്രചാരണത്തിനെതിരെ പരാതിയുമായി മുന്നോട്ടുപോകുമെന്ന് അലൻ ഷുഹൈബ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-12-12 17:45:22.0

Published:

12 Dec 2025 11:14 PM IST

ഒരു സീനിലും ഇല്ലാത്ത എന്റെ പേര് ഇതിലേക്ക് കൊണ്ടുവന്നതിന്റെ പേരാണ് വർഗീയത; ചിത്രപ്രിയയുടെ കൊലയിൽ തനിക്കെതിരായ വ്യാജ- വർഗീയ പ്രചാരണത്തിനെതിരെ അലൻ ഷുഹൈബ്
X

കോഴിക്കോട്: എറണാകുളം മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വർഗീയ പ്രചാരണത്തിനെതിരെ അലൻ ഷുഹൈബ്. പ്രതിയായ അലന് പകരം അലൻ ഷുഹൈബിന്റെ പേര് പരാമർശിച്ചാണ് വർഗീയ- വിദ്വേഷ പ്രചാരണം നടക്കുന്നത്.

'ചിത്രപ്രിയയെ കൊന്നവന്റെ പേര് അലൻ എന്ന് കേട്ടപ്പോൾ ഈ ക്രൂരൻ ക്രിസ്ത്യാനിയാണെന്ന് നിങ്ങൾ സംശയിച്ചുകാണും. എന്നാൽ ആ പേരിന്റെ കൂടെ ഷുഹൈബ് എന്നൊരു ഭാഗം കൂടിയുണ്ട്. അലൻ ഷുഹൈബ് എന്നാണ് ആ ജിഹാദിയുടെ പേര്'- എന്നാണ് വിദ്വേഷ പ്രചാരണം.

'ഒരാളുടെ കൊലപാതകത്തിന്റെ അന്വേഷണം നീതിയുക്തമായി നടത്തണമെന്നും പ്രതിക്ക് ശിക്ഷ നൽകണമെന്നും ആവശ്യപ്പെടുന്നതിന് പകരം ഇവിടെ പ്രതിയുടെ മതം നോക്കി വർഗീയത പറയുകയാണെന്ന് അലൻ ഷുഹൈബ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഒരു സീനിലും ഇല്ലാത്ത തന്റെ ഇതിലേക്ക് കൊണ്ടുവന്നതിന്റെ പേരാണ് വർഗീയത'.

'ഇവ കേരളത്തിലും ഇന്ത്യയിലുമുള്ള വർഗീയ ആക്രമണങ്ങളുടെ പല ഉദാഹരണങ്ങളിൽ ഒന്നുമാത്രം. കേരളത്തിലെ ആഭ്യന്തര വകുപ്പ് ഇതിനെയും ഒരു ഒറ്റപ്പെട്ട സംഭവമെന്ന് പറയുമായിരിക്കും. എന്നാലും ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്'- അലൻ ഷുഹൈബ് വ്യക്തമാക്കി.

അതേസമയം, ചിത്രപ്രിയയുടെ സുഹൃത്ത് അലനാണ് കേസില്‍ അറസ്റ്റിലായത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. കൃത്യത്തില്‍ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അലനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നതിനൊപ്പം കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.

അലൻ ഷുഹൈബിന്റെ പോസ്റ്റിന്റെ പൂർണരൂപം

അച്ഛനും അമ്മയും എനിക്ക് അലൻ എന്ന് പേരിട്ടത് ക്രിക്കറ്റ്റർ ആയ അലൻ ഡോണൾഡ് ന്റെ പേരിൽ നിന്നാണ്. എന്റെ ഏട്ടൻ കെവിന് 7 വയസ് ഉള്ളപ്പോൾ ആണ് ഞാൻ ജനിച്ചത്. അന്ന് ഏട്ടൻ ന്റെ ക്രിക്കറ്റ് കാർഡ്സ് ൽ നിന്നാണ് അവർക്ക് ഈ പേര് കിട്ടിയത്. അച്ഛൻ മുസ്ലിമും അമ്മ ഹിന്ദുവും ആണ് 34 വർഷമായി അവർ ഒന്നിച്ചു ജീവിക്കുന്നു. രണ്ട് പേരുടെയും മതത്തിൽ നിന്ന് അല്ലാത്ത പേരുകൾ എന്ന നിലയിലാണ് എനിക്ക് അലൻ എന്നും ഏട്ടന് കെവിൻ എന്നും പേരിട്ടത്. ജീവിച്ച ജീവിതത്തിൽ ഒരിക്കലും ഞങ്ങൾ ഒരു മതത്തിലും വിശ്വസിച്ചിട്ടുമില്ല. ഒഫീഷ്യൽ ആയ മതമോ ജാതിയോ ഇല്ല.

ഒരാളുടെ കൊലപാതകത്തിന്റെ അന്വേഷണം നീതിയുക്തമായി നടത്തണമെന്നും പ്രതിക്ക് ശിക്ഷ നൽകണമെന്നും ആവിശ്യപെടുന്നതിന് പകരം ഇവിടെ പ്രതിയുടെ മതം നോക്കി വർഗ്ഗീയത പറയുകയും, ഒരു സീനിലും ഇല്ലാത്ത എന്റെ പേര് ഇതിലേക്ക് കൊണ്ട് വന്നതിന്റെ പേരാണ് വർഗീയത.

കഴിഞ്ഞ ദിവസം ലാലി പിഎം ന് എതിരെ നടന്നത് ഇതിലും സംഘടിതവും വ്യാപകവും ആയ വർഗീയ അക്രമണമായിരിന്നു.

ഇവ കേരളത്തിലും ഇന്ത്യയിലും ഉള്ള വർഗീയ ആക്രമണങ്ങളുടെ പല ഉദാഹരണങ്ങളിൽ ഒന്ന് മാത്രം.

കേരളത്തിലെ ആഭ്യന്തര വകുപ്പ് ഇതിനെയും ഒരു ഒറ്റപെട്ട സംഭവം ആയി പറയുമായിരിക്കും എന്നാലും ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടുണ്ട്.





TAGS :

Next Story