ശബരിമല സ്വർണക്കൊള്ള: പ്രതികൾ സോണിയക്കൊപ്പം നിൽക്കുന്ന ചിത്രം ആയുധമാക്കി സിപിഎം
ശബരിമല സ്വർണക്കൊള്ള നിയമസഭാ തെരഞ്ഞെടുപ്പിലും ആയുധമാക്കാൻ കോൺഗ്രസ് തീരുമാനിച്ച പശ്ചാത്തലത്തിലാണ് സമാനവിഷയത്തിൽ കോൺഗ്രസിനെതിരെ സിപിഎം നീക്കം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന് ആരോപിച്ച് സിപിഎം. പ്രതികൾ സോണിയാ ഗാന്ധിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ആയുധമാക്കിയാണ് സിപിഎം നീക്കം. കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും സോണിയയെ കാണാൻ ആരാണ് അവസരമൊരുക്കിയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു.
ശബരിമലക്ക് ആംബുലൻസ് കൊടുക്കുന്ന ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റി തന്റെ അടുത്ത് ഉണ്ടായത് ചൂണ്ടിക്കാട്ടി പ്രചാരണം നടത്തി. എന്നാൽ സോണിയാ ഗാന്ധിയുടെ അടുത്ത് ഇരുവരും എത്തിയത് അങ്ങനെയല്ലല്ലോ. സോണിയയുടെ വസതിയിലേക്ക് ഇവരെ കൊണ്ടുപോകാൻ മാത്രം അടൂർ പ്രകാശിനും ആന്റോ ആന്റണിക്കും എന്ത് ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ശബരിമല സ്വർണക്കൊള്ള പ്രചാരണമാക്കിയത് എൽഡിഎഫിന് തിരിച്ചടിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വരെ സമാനമായ പ്രചാരണം തുടരാൻ യുഡിഎഫ് തീരുമാനിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തന്നെ കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. ശബരിമല സ്വർണക്കൊള്ള തന്നെ ആയുധമാക്കി കോൺഗ്രസിനെ തിരിച്ചടിക്കാനാണ് സിപിഎം തീരുമാനം.
Adjust Story Font
16

