'ഞങ്ങൾക്ക് മനസിലാകുന്നു ഗൗരി'; യൂട്യൂബറുടെ ബോഡി ഷേമിങ്ങിൽ നടിയെ പിന്തുണച്ച് താരസംഘടന
തന്റെ ശരീരഭാരം എത്രയെന്ന് ചോദിച്ച യൂട്യൂബർക്കാണ് താരം രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയത്.

Photo| Special Arrangement
കൊച്ചി: വാർത്താസമ്മേളനത്തിൽ ബോഡി ഷേമിങ് നടത്തിയ യൂട്യൂബർക്കെതിരെ ശക്തമായി പ്രതികരിച്ച നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടനയായ അമ്മ. 'ഞങ്ങൾക്ക് മനസിലാകുന്നു ഗൗരി, ആരായാലും എപ്പോൾ ആയാലും എവിടെ ആയാലും ബോഡി ഷേമിങ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചുവിശ്വസിക്കുന്നു'- അമ്മ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് താരസംഘടന പിന്തുണ അറിയിച്ചത്.
തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. തന്റെ ശരീരഭാരം എത്രയെന്ന് ചോദിച്ച യൂട്യൂബർക്കാണ് താരം രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയത്. ചോദ്യം തന്നെ മണ്ടത്തരമാണെന്നും യൂട്യൂബർ മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടു. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്ക് പോവുകയായിരുന്നു. ഗൗരിക്ക് നേരെ യൂട്യൂബർ അടക്കമുള്ളവർ വലിയ ശബ്ദം ഉയർത്തിയെങ്കിലും സംവിധായകനും നായകനും പിന്തുണച്ചതുമില്ല.
ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബർ നായകനോട് ചോദിച്ചത്. എന്നാൽ ഈ ചോദ്യത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡി ഷേമിങ് ആണെന്നും നടി മറുപടി നൽകി. താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നുമായിരുന്നു യൂട്യൂബറുടെ വാദം.
യൂട്യൂബർ ഇപ്പോൾ ചെയ്യുന്നത് ജേണലിസമല്ലെന്നും നടി തുറന്നടിച്ചു. ആദ്യഘട്ടത്തിൽ പ്രതികരിക്കാൻ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ - റിലീസ് അഭിമുഖത്തിൽ തനിക്ക് പ്രസ്തുത ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്നും വ്യക്തമാക്കി. തുടർന്ന് സിനിമയുടെ പ്രസ് മീറ്റിനു ശേഷം നടന്ന ചോദ്യോത്തരവേളയിൽ ഈ ചോദ്യം ഉന്നയിച്ച യൂട്യൂബർ ഈ വിഷയം ന്യായീകരിച്ച് വീണ്ടും ശബ്ദമുയർത്തിയതോടെ ഗൗരി തുറന്നടിക്കുകയായിരുന്നു.
'എന്‍റെ ശരീരഭാരം നിങ്ങൾക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത്? ഓരോ സ്ത്രീക്കും വ്യത്യസ്ത ശരീരപ്രകൃതിയാണ് ഉള്ളത്. എന്‍റെ കഴിവ് സംസാരിക്കട്ടെ. ഞാൻ ഇതുവരെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല'- ഗൗരി പറഞ്ഞു. 'ഇതൊരു തമാശയായി എനിക്ക് തോന്നിയില്ല. ബോഡി ഷേമിങ് സാധാരണവത്കരിക്കരുത്, എന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് അവകാശമുണ്ട്’- ഗൗരി വ്യക്തമാക്കി.
Adjust Story Font
16

