Quantcast

അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; സർവീസ് നാളെ മുതൽ

കേരളത്തിനായി തുടങ്ങിയ ട്രെയിൻ ഇനി കൂടുതൽ ദൂരം ഓടുക തമിഴ്‌നാട്ടിലായിരിക്കും

MediaOne Logo

Web Desk

  • Published:

    15 Oct 2025 9:39 PM IST

അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; സർവീസ് നാളെ മുതൽ
X

തിരുവനന്തപുരം: തിരുവനന്തപുരം- മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി. 16343/16344 തിരുവനന്തപുരം- മധുര അമൃത എക്‌സ്പ്രസ് നാളെ മുതൽ 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. വെള്ളിയാഴ്ച രാവിലെ 9.50ന് മധുരയിൽ എത്തുന്ന വണ്ടി ഉച്ചക്ക് 12.45ന് രാമേശ്വരത്ത് എത്തും.

തിരിച്ച് ഉച്ചക്ക് 1.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 4.55ന് തിരുവനന്തപുരത്ത് എത്തും. രാമേശ്വരത്ത് പുതിയ പാമ്പൻ പാലം തുറന്നതോടെയാണ് അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടാൻ റെയിൽവേ തീരുമാനിച്ചത്. മധുരക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണ് അധികമായി വരുന്നത്. അതേസമയം കേരളത്തിലെ സമയക്രമത്തിൽ മാറ്റമില്ല. രാമേശ്വരത്ത് എത്തുന്ന അമൃത, അവിടെ നിന്നു രാമേശ്വരം- ചെന്നൈ എഗ്മോർ ബോട്ട്‌മെയിലായും, ചെന്നൈയിൽ നിന്നു രാമേശ്വരത്ത് എത്തുന്ന ബോട്ട്‌മെയിൽ അമൃതയായി തിരുവനന്തപുരത്തേക്കും സർവീസ് നടത്തും.

ഫലത്തിൽ കേരളത്തിനായി തുടങ്ങിയ ട്രെയിൻ ഇനി കൂടുതൽ ദൂരം ഓടുക തമിഴ്‌നാട്ടിലായിരിക്കും. ഒരു എസി ഫസ്റ്റ് ക്ലാസ് ടു ടയർ, ഒരു എസി ടു ടയർ, മൂന്ന് എസി ത്രീ ടയർ, 12 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിങ്ങനെയാണ് ട്രെയിനിനുള്ളത്. പുതിയ പാമ്പൻ പാലം തുറന്നതോടെയാണ് അമൃത എക്‌സ്പ്രസുകൾ രാമേശ്വരത്തേക്ക് നീട്ടുന്നതിന് വഴി തുറന്നത്. റെയിൽവേ ബോർഡ് തീരുമാനത്തിന് പിന്നാലെ രാമേശ്വരത്തേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

2001 ജനുവരിയിലാണ് തിരുവനന്തപുരം- പാലക്കാട് അമൃത എക്‌സ് ആരംഭിച്ചത്. പാലക്കാട്-ഷൊർണൂർ-നിലമ്പൂർ പാസഞ്ചറിന്റെ കണക്ഷൻ ട്രെയിനായും ഈ ട്രെയിൻ ഓടിയിരുന്നു. 2015 നവംബറിൽ പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് സ്‌പെഷൽ ട്രെയിനായി പരീക്ഷണയോട്ടം തുടങ്ങി.

TAGS :

Next Story