'ദാദാസാഹെബ് ഫാൽക്കെ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടൻ'; മോഹൻലാലിന് ആദരവുമായി അമുൽ
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ചൊവ്വാഴ്ചയാണ് ഏറ്റുവാങ്ങിയത്

തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടി മലയാളത്തിന്‍റെ പ്രിയനടൻ മോഹൻലാലിന് ആദരവുമായി അമുൽ കേരള. ലാല്‍ രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്ന ചിത്രം കാരിക്കേച്ചര്‍ രൂപത്തിൽ പങ്കുവച്ചിരിക്കുകയാണ് അമുൽ.
'ദാദാസാഹെബ് ഫാൽക്കെ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി മലയാളത്തിന്‍റെ മോഹൻലാൽ!' എന്നാണ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ച പോസ്റ്ററിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നേരത്തെ മിൽമയും ലാലിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ' അഭിനന്ദനങ്ങൾ ലാലേട്ടാ...അയാൾ ചരിത്രം എഴുതുകയാണ്' എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ചൊവ്വാഴ്ചയാണ് ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിനൊപ്പമാണ് ലാൽ അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഭാര്യ സുചിത്രയും സുഹൃത്ത് ആന്‍റണി പെരുമ്പാവൂരും മോഹൻലാലിനൊപ്പം ചടങ്ങിനെത്തിയിരുന്നു. ആദ്യമായാണ് മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മലയാളത്തിൽ മോഹൻലാലിനെ അഭിനന്ദിച്ചിരുന്നു.
Adjust Story Font
16

