Quantcast

സാദിഖലി തങ്ങളുടെ പര്യടനം: ഉറപ്പും ഊർജവും

വിവിധ മുസ്ലിം സംഘടനാ നേതാക്കൾ, എസ്എൻഡിപി, എൻഎസ്എസ്, കെപിഎംഎസ് അടക്കമുള്ള സംഘടനകൾ, വിവിധ ക്രൈസ്തവ സഭാ നേതാക്കള്‍, വ്യവസായപ്രമുഖര്‍, സാംസ്കാരിക പ്രവർത്തകർ, കലാകാരന്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ പരിച്ഛേദം തന്നെ എല്ലാ ജില്ലകളിലും സാദിഖലി തങ്ങള്‍ക്ക് മുന്നിലെത്തി.

MediaOne Logo

എം.കെ ഷുക്കൂര്‍

  • Updated:

    2022-06-24 12:09:18.0

Published:

24 Jun 2022 11:36 AM GMT

സാദിഖലി തങ്ങളുടെ പര്യടനം: ഉറപ്പും ഊർജവും
X

മുസ്ലിം ലീഗ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിറകേ സാദിഖലി തങ്ങള്‍ നടത്തിയ കേരള പര്യടനം പാര്‍ട്ടിയിലും സമുദായത്തിലും അദ്ദേഹത്തിന്റെ ഇടം അരക്കിട്ടുറപ്പിക്കുന്നതായി. ഹൈന്ദവ - ക്രൈസ്തവ നേതാക്കളുമായി ആശയവനിമയത്തിന് വേദി തുറന്ന സാദിഖലി തങ്ങളുടെ സൗഹൃദ സംഗമങ്ങള്‍ 14 ജില്ലകളിലും സാഹോദര്യ സന്ദേശം പകര്‍ന്നാണ് വ്യാഴാഴ്ച കോഴിക്കോട് സമാപിച്ചത്. വിവിധ ആശയധാരകളിൽ പെട്ട മുസ്ലിം സംഘടനാ നേതാക്കളുടെ സാന്നിധ്യവും യോഗങ്ങളിൽ സജീവമായിരുന്നു. യുഡിഎഫും മുസ്ലിം ലീഗും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് നടത്തിയ കേരള പര്യടനം സാദിഖലി തങ്ങള്‍ക്കും മുസ്ലിം ലീഗിനും അക്ഷരാര്‍ത്ഥത്തില്‍ പുതുജീവൻ നൽകുന്നതായി.



ഗൃഹപാഠവും നിലപാടുകളിലെ സൂക്ഷ്മതയും

സാമുദായിക സൗഹാര്‍ദ്ദം വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് സാദിഖലി തങ്ങളുടെ കേരള പര്യടനം. യുഡിഎഫും മുസ്ലിം ലീഗും നേരിടുന്ന രാഷ്ട്രീയ- സംഘടനാ പ്രശ്നങ്ങള്‍ , തെരഞ്ഞെടുപ്പ് തോല്‍വിയുണ്ടാക്കിയ നിരാശ, ലീഗിനെ പിടിച്ചുകുലുക്കിയ എംഎസ്എഫ്- ഹരിത വിവാദം, ഹൈദരലി തങ്ങള്‍ക്ക് ശേഷം പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് ഇരിക്കുന്നതിലെ വെല്ലുവിളി, അധികാരമില്ലാത്ത പാർട്ടിയുടെ നേതൃത്വം; ഇതെല്ലാമുണ്ടാക്കുന്ന പിരിമുറുക്കങ്ങള്‍ക്കിടയിലാണ് സാദിഖലി തങ്ങള്‍ കേരള പര്യടനം നടത്തിയത്. മുസ്ലിം ലീഗിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ കൂടി ലക്ഷ്യമിട്ട് നടത്തിയ 20 ദിനം നീണ്ട കേരള പര്യടനം പ്രതീക്ഷിച്ചതിലും വിജയമായി എന്നാണ് ലീഗ് വിലയിരുത്തൽ.

രാവിലെ വിവിധ മത-സമുദായ നേതാക്കളുമായുള്ള സൗഹൃദ സംഗമം, വൈകീട്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ എന്ന ക്രമത്തില്‍ പതിനാല് ജില്ലകളിലും ഒരു ദിനം നീണ്ട പരിപാടിയാണ് നടത്തിയത്. കാസര്‍ഗോഡ് നടത്തിയ ആദ്യ സംഗമത്തില്‍ തന്നെ, രാഷ്ട്രീയമായി വിരുദ്ധ പക്ഷത്തുള്ള കാന്തപുരം ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. സാദിഖലി തങ്ങളുമായുള്ള ആശയവിനിമയമാണ് സംഗമത്തിലെ പ്രധാന ഇനമായി നിശ്ചയിച്ചിരുന്നത്. കൃത്യമായ ഗൃഹപാഠത്തിന് ശേഷമാണ് ഓരോ സംഗമത്തിലും സാദിഖലി തങ്ങള്‍ എത്തിയത്. അളന്നുമുറിച്ച് കാര്യങ്ങള്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ കുറിച്ചെടുത്തു. ചിലരെങ്കിലും ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് സൂക്ഷ്മതയോടെ മറുപടി നല്‍കി. 'മതേതരത്വം ഇന്ത്യന്‍ ജനതക്ക് ഭരണഘടനയില്‍ നിന്ന് ലഭിച്ചതല്ല. ഭരണഘടനക്ക് പൗരന്‍മാര്‍ നല്‍കിയതാണ്. അതുകൊണ്ട് ഞങ്ങളുടെ ഉത്തരവാദിത്തം പൗരന്‍മാരോടാണ്' - എല്ലാ സംഗമങ്ങളിലും ഈ വാചകങ്ങള്‍ സാദിഖലി തങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു. സാമൂഹിക സംവാദത്തിന്റെ പുതിയ കീഴ്‍വഴക്കം അദ്ദേഹം ശ്രമിക്കുന്നതായി അനുഭവപ്പെട്ടു.

വിവിധ മുസ്ലിം സംഘടനാ നേതാക്കൾ, എസ്എൻഡിപി, എൻഎസ്എസ്, കെപിഎംഎസ് അടക്കമുള്ള ദലിത് സംഘടനകൾ, വിവിധ ക്രൈസ്തവ സഭാ നേതാക്കള്‍, വ്യവസായപ്രമുഖര്‍, സാംസ്കാരിക പ്രവർത്തകർ, കലാകാരന്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ പരിച്ഛേദം തന്നെ എല്ലാ ജില്ലകളിലും സാദിഖലി തങ്ങള്‍ക്ക് മുന്നിലെത്തി. കോഴിക്കോട്ട് നടന്ന പതിനാലാമത്തെ സംഗമത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സാദിഖലി തങ്ങളുടെ ഇടത്തും വലത്തുമായി ഇരുന്നു. ലീഗ് വിളിച്ച ഒരു യോഗത്തില്‍ സമസ്തയുടെ അധ്യക്ഷനും കാന്തപുരവും വേദി പങ്കിട്ടത് അപൂര്‍വ്വ കാഴ്ചയായി മാറി. 14 ജില്ലകളിലും ക്ഷണിച്ചവരെല്ലാം പരിപാടിക്കെത്തി. 50-60 പേരെയാണ് ഓരോ വേദിയിലും ക്ഷണിച്ചത്. വരാൻ പറ്റാത്തവർ പ്രതിനിധികളെ അയച്ചു.




പാര്‍ട്ടിയുടെ അമരക്കാരൻ

കേരള പര്യടനം പൂര്‍ത്തിയായതോടെ പാര്‍ട്ടിയില്‍ ചോദ്യം ചെയ്യാനാകാത്ത ശക്തിയായി സാദിഖലി തങ്ങള്‍ മാറുകയാണ്. പാര്‍ട്ടിയിലെ മാനേജര്‍മാര്‍ ദുര്‍ബ്ബലരായി. പാണക്കാട് തങ്ങള്‍ വിളിച്ചത് കൊണ്ടാണ് വന്നതെന്ന് സമൂഹത്തിലെ പല പ്രമുഖരും സംഗമത്തില്‍ പറഞ്ഞത് സാദിഖലി തങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതായി. എല്ലാ അര്‌‍ഥത്തിലും പാര്‍ട്ടിയിലെ ഒന്നാമന്‍ താന്‍ തന്നെയെന്ന് അദ്ദേഹം അരക്കിട്ടുറപ്പിക്കുകയായിരുന്നു. ആരുടെയും നിഴലായി നിൽക്കുകയല്ല താൻ എന്ന സന്ദേശം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകൾ.പ്രഭാഷണ കുറിപ്പ് ഇല്ലാതെയാണ് സംഗമങ്ങളില്‍ അദ്ദേഹം പ്രസംഗിച്ചത്. അതീവ ഗൗരവമുള്ള പല വിഷയങ്ങളിലും അദ്ദേഹം സംഗമ പ്രതിനിധികളോട് അഭിപ്രായം പറഞ്ഞതും അങ്ങനെ തന്നെ. പല പത്രങ്ങളും സാദിഖലി തങ്ങളുടെ കേരള പര്യടനത്തെ പ്രകീര്‍ത്തിച്ച് മുഖപ്രസംഗമെഴുതി.

നിലപാടെടുക്കുന്ന അധ്യക്ഷൻ

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി രണ്ട് പ്രതികരണങ്ങള്‍ സാദഖലി തങ്ങള്‍ ഈ കാലയവളവില്‍ നടത്തി. കെ എന്‍ എ ഖാദര്‍ ആര്‍ എസ് എസ് വേദിയില്‍ പോയതിനെ പരസ്യമായി തന്നെ അദ്ദേഹം തള്ളി. വിളിക്കുന്നിടത്തെല്ലാം ലീഗുകാര്‍ പോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ആര്‍എസ്എസ് വേദിയില്‍ ലീഗുകാര്‍ പോകാറില്ലെന്നും അദ്ദഹം വ്യക്തതയോടെ പറഞ്ഞു. കൽപറ്റയിലെ പരിപാടിയിൽ എം.എം മണിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ പി.കെ ബഷീർ എം.എൽ.എ നടത്തിയ പ്രഭാഷണത്തെ തള്ളിപ്പറഞ്ഞതാണ് രണ്ടാമത്തെത്. വംശീയതയും വ്യക്തി അധിക്ഷേപവും ലീഗ് നയമല്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം ബഷീറിനെ പാർട്ടി ശാസിച്ചതായി അറിയിക്കുകയും ചെയ്തു. അതായത്, തിരുത്തൽ നടത്തേണ്ടിടത്ത് അഴകൊഴമ്പൻ നിലപാട് സ്വീകരിക്കില്ല എന്ന സന്ദേശം നൽകുകയായിരുന്നു സാദിഖലി തങ്ങൾ.

തീവ്രനിലപാടുകാരോടും മൃദുവായ ഭാഷയില്‍ സംസാരിക്കുന്നതാണ് ലീഗിന്റെ ശൈലിയെന്ന് പറഞ്ഞ സാദിഖലി തങ്ങള്‍, വിശുദ്ധ ഖുർആനിലെ മൂസാ- ഫറോവ സംഘർഷ സന്ദർഭത്തെ അതിന് ആധാരമായി ചൂണ്ടിക്കാട്ടി. പാർട്ടി നിലപാടിന് സൈദ്ധാന്തിക അടിത്തറ നിശ്ചയിക്കാനുള്ള ശ്രമം അതിൽ കാണാം. പാര്‍ട്ടിയുടെ അജണ്ട നിശ്ചയിക്കാന്‍ ശ്രമിക്കുന്ന പുറത്തുനിന്നുള്ളവരെയും തള്ളിപ്പറഞ്ഞു. തീരുമാനങ്ങള്‍ പാര്‍ട്ടി പറയുമെന്നും പാര്‍ട്ടി നയങ്ങള്‍ വ്യാഖ്യാനിക്കുന്നവരെ അവഗണിക്കാനും അദ്ദേഹം മലപ്പുറത്തെ സമ്മേളനത്തില്‍ അണികളെ ഉപദേശിച്ചു. പാര്‍ട്ടിയുടെ നയങ്ങളിലും തീരുമാനങ്ങളിലും വ്യക്തതയുണ്ടാകുമെന്നും അതേ സമയം സംയമന ശൈലി തുടരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പാർട്ടിയിലും മുസ്‌ലിം സമുദായത്തിലും പൊതു സമൂഹത്തിലും പാണക്കാട് സാദിഖലി തങ്ങൾ എന്ന നേതൃ വ്യക്തിത്വത്തെ സ്ഥാപിച്ചു എന്ന അർഥത്തിൽ ഈ പര്യടനം വിജയകരമായി എന്നു പറയാം. അത് പാർട്ടിക്ക് മൊത്തത്തിൽ ഊർജവും നൽകിയിട്ടുണ്ട്. സംഘടനാ ഘടനയെയും പാർട്ടി സംവിധാനങ്ങളെയും ഭരണഘടനാപരമായി ചിട്ടപ്പെടുത്തുകയെന്നതാവും അദ്ദേഹത്തിന്റെ അടുത്ത വെല്ലുവിളി. കുത്തഴിഞ്ഞ സംവിധാനങ്ങളുമായി മുന്നോട്ട് പോകാൻ ആവില്ലഎന്ന ചർച്ച ലീഗിനകത്ത് നിന്ന് തന്നെ യുവ നേതൃത്വം ഉയർത്തുന്നുണ്ട്. ഒപ്പം, ഹിന്ദുത്വ രാഷ്ട്രീയം മുസ്‌ലിം ജനതയെ വംശീയ ഉന്മൂലനത്തിന്റെ വക്കിലെത്തിച്ച ഘട്ടത്തിൽ സമുദായത്തെ രാഷ്ട്രീയമായി മുന്നോട്ട് നയിക്കുക എന്നതും ക്ലേശകരമായ ജോലി ആയിരിക്കും.

TAGS :

Next Story