'ഇന്‍ഡ്യ സഖ്യം പാഠം പഠിക്കാത്തതിന്റെ കാഴ്ചകളാണ് ബിഹാറിൽ കാണുന്നത്'; ആനി രാജ
ഇനിയും ദിവസങ്ങൾ ഉണ്ടെന്നും ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആനി രാജ മീഡിയവണിനോട് പറഞ്ഞു

ന്യൂഡല്‍ഹി:ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട മഹാസഖ്യത്തിലെ വിള്ളലിൽ പ്രതികരണവുമായി സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ. ഇന്‍ഡ്യ സഖ്യം പാഠം പഠിക്കാത്തതിന്റെ കാഴ്ചകളാണ് ബിഹാറിൽ കാണുന്നതെന്ന് ആനി രാജ മീഡിയവണിനോട് പറഞ്ഞു.ഒരുമിച്ച് നടത്തിയ പ്രചാരണങ്ങളുടെ ആവേശം നിലനിർത്താൻ സാധിച്ചില്ല.ഇനിയും ദിവസങ്ങൾ ഉണ്ടെന്നും ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആനി രാജ പറഞ്ഞു.
അതേസമയം, ആദ്യഘട്ടത്തിലെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും പരസ്പരം മത്സരിക്കുന്നതിൽ പിന്നോട്ടില്ല എന്ന നിലപാടാണ് മഹാസഖ്യ നേതാക്കൾക്ക്. ആർജെഡിയും കോൺഗ്രസ് നാല് മണ്ഡലങ്ങളിലും സിപിഐഎം കോൺഗ്രസും അഞ്ച് മണ്ഡലങ്ങളിലുമാണ് പത്രിക നൽകിയിരിക്കുന്നത്.
മുന്നണിയിലെ പരസ്പരം മത്സരം സൗഹൃദപരമെന്ന് നേതാക്കൾ പറയുമ്പോഴും വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. നിലവിൽ 143 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ആർജെഡി പ്രഖ്യാപിച്ചത്. 61 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുക.
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ മഹാസഖ്യകക്ഷികൾ തമ്മിൽ മത്സരിക്കുന്നത് എൻഡിഎ മുന്നണിക്ക് കൂടുതൽ ഗുണകരമാകും. വിഷയത്തിൽ മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടും നീക്കുപോക്ക് ഉണ്ടായിട്ടില്ല. അതിനിടെ സഖ്യം ഉപേക്ഷിച്ചു പുറത്തുപോയ ജെഎംഎം ആറ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും പ്രതിസന്ധി ഉയർത്തുന്നുണ്ട്.
അതേസമയം, മഹാസഖ്യത്തിലെ പടല പിണക്കങ്ങൾ പ്രചാരണ ആയുധം ആക്കുകയാണ് എൻഡിഎ. ഇന്ത്യ മുന്നണിയിലെ ചെറു പാർട്ടികൾ അസ്വസ്ഥരാണന്ന് എൽജെപി അധ്യക്ഷൻ ചിരാഗ് പസ്വാൻ പറഞ്ഞു. വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ എൻഡിഎ തെരഞ്ഞെടുപ്പ് കളത്തിൽ നിറയുകയാണ്. റാലികൾ കൊഴുപ്പിക്കാനായി പ്രധാനമന്ത്രി എത്തുന്നതോടെ ഇരട്ടി ആത്മവിശ്വാസമാണ് നേതാക്കൾക്കുള്ളത്. മഹാസഖ്യത്തിലെ ഭിന്നതകൾ മറച്ചുവെച്ച് നേതാക്കൾ ഇന്ന് സംയുക്ത വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. 9 ഇടങ്ങളിൽ പരസ്പരം മത്സരിക്കുന്ന സഖ്യമെന്ന എൻഡിഎ വിമർശനങ്ങൾക്കിടെയാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
Adjust Story Font
16

