'ആന്റണി രാജു അയോഗ്യൻ'; വിജ്ഞാപനമിറക്കി നിയമസഭാ സെക്രട്ടറി
കഴിഞ്ഞ ദിവസമാണ് ആന്റണി രാജുവിനെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി നിയമസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. കഴിഞ്ഞ ദിവസമാണ് ആന്റണി രാജുവിനെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് ആന്റണി രാജു.
ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമം 8(3) അനുസരിച്ച് ശിക്ഷ പൂർത്തിയാക്കി ജയിൽമോചിതനാകുന്ന ദിവസം മുതൽ ആറ് വർഷത്തേക്ക് മത്സരിക്കാനും വിലക്കുണ്ട്. കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ആന്റണി രാജുവിന് അവസരമുണ്ട്. ശിക്ഷ മേൽക്കോടതി സ്‌റ്റേ ചെയ്താൽ വീണ്ടും മത്സരിക്കാം.
ആന്റണി രാജുവിന് സിപിഎം ഇത്തവണ സീറ്റ് നൽകില്ലെന്നും സൂചന. തിരുവനന്തപുരം സെൻട്രൽ സിപിഎം ഏറ്റെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് വി.എസ് ശിവകുമാറിനെ 7,089 വോട്ടിന് പരാജയപ്പെടുത്തിയാണ് ആന്റണി രാജു നിയമസഭയിലെത്തിയത്. ഒരു എംഎൽഎ മാത്രമുള്ള കക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനുള്ള മുന്നണി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിയായി. പിന്നീട് ഗണേഷ് കുമാറിനായി സ്ഥാനമൊഴിയുകയായിരുന്നു.
Adjust Story Font
16

