Quantcast

ആന്റണി രാജു അയോ​ഗ്യൻ; അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

അപ്പീലിൽ ശിക്ഷയും വിധിയും കോടതി സ്റ്റേ ചെയ്താൽ മാത്രമേ ആന്റണി രാജുവിന് എംഎൽഎ തിരികെ പദവി ലഭിക്കൂ.

MediaOne Logo

Web Desk

  • Updated:

    2026-01-03 15:59:16.0

Published:

3 Jan 2026 6:25 PM IST

Antony Raju is disqualified from mla post
X

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജു അയോ​ഗ്യൻ. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായത്. ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അപ്പീലിൽ ശിക്ഷയും വിധിയും കോടതി സ്റ്റേ ചെയ്താൽ മാത്രമേ ആന്റണി രാജുവിന് എംഎൽഎ തിരികെ പദവി ലഭിക്കൂ.

വിധി വന്ന നിമിഷം തന്നെ ആന്റണി രാജു എംഎൽഎ അല്ലാതായി മാറി. രണ്ട് വർഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടാൽ ഒരു നിയമസഭാം​ഗം അയോ​ഗ്യനാക്കപ്പെടും. ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാവില്ല. വിധിയിൽ ആന്റണി രാജുവിന് അപ്പീൽ പോവാൻ ഒരു മാസം സമയമുണ്ട്. എന്നാൽ അപ്പീൽ പോയാലും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അതിൽ സ്റ്റേ ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിയമവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

നെടുമങ്ങാട് സിജെഎം കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. തൊണ്ടിമുതൽ തിരിമറി കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളിലായി ആറ് മാസം മുതൽ മൂന്ന് വർഷം വരെയാണ് തടവുശിക്ഷ.

ഐപിസി 120 ബി (ഗൂഢാലോചന) പ്രകാരം ആറ് മാസം തടവ്, 201 (തെളിവ് നശിപ്പിക്കൽ) പ്രകാരം മൂന്ന് വർഷം തടവ്, 193 (വ്യാജ തെളിവ് ചമയ്ക്കൽ) പ്രകാരം മൂന്ന് വർഷം തടവ്, 409 (ക്രിമിനൽ വിശ്വാസ വഞ്ചന) പ്രകാരം രണ്ട് വർഷം തടവുശിക്ഷ- എന്നിങ്ങനെയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷയെല്ലാം ചേർത്ത് പരമാവധി മൂന്ന് വർഷം അനുഭവിച്ചാൽ മതി.

കേസില്‍ രണ്ടാം പ്രതിയാണ് തിരുവനന്തപുരം മണ്ഡലത്തിൽനിന്നുള്ള നിയമസഭാം​ഗമായ ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. ഒന്നാം പ്രതി ക്ലാർക്ക് ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ആസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.

പിന്നീട് ആസ്ട്രേലിയയില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട കഴിയവെ സഹതടവുകാരനോട് തൊണ്ടിമുതലില്‍ കൃത്രിമം നടത്തി രക്ഷപെടുത്തിയ വിവരം ആന്‍ഡ്രൂ വെളിപ്പെടുത്തി. സഹതടവുകാരന്‍ ആസ്ട്രേലിയയിലെ പൊലീസിനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐക്ക് വിവരം കൈമാറിയത്. സിബിഐ കേരള പൊലീസിനെ ഇക്കാര്യം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ.കെ ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്നാണ് തൊണ്ടിമുതല്‍ കേസില്‍ അന്വേഷണം നടത്തിയത്. തൊണ്ടിമുതല്‍ ആന്റണി രാജുവിന് കൊടുത്തുവിട്ടയാളാണ് ക്ലാര്‍ക്ക് ജോസ്.

TAGS :

Next Story