തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമനയ്ക്ക് വേണ്ടി ആന്റണി രാജു ഇന്ന് പ്രചാരണത്തിനിറങ്ങും
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് ആന്‍റണി രാജു വിട്ടുനിന്നത് വിവാദമായതിന് പിന്നാലെയാണ് പ്രചാരണത്തിനെത്തുന്നത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമനയ്ക്ക് വേണ്ടി ആന്റണി രാജു ഇന്ന് പ്രചാരണത്തിനിറങ്ങും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ആൻറണി രാജു വിട്ടുനിന്നത് വിവാദമായതിന് പിന്നാലെയാണ് പ്രചരണത്തിന് എത്തുന്നത്. വൈകിട്ട് നടക്കുന്ന വഞ്ചിയൂർ മണ്ഡലം കൺവെൻഷന്റെ ഉദ്ഘാടനം ആന്റണി രാജു നിർവഹിക്കും.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.എസ് ശിവകുമാറിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം സെൻട്രൽ സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിൻറെ ആന്റണി രാജു പിടിച്ചെടുത്തത്. എന്നാൽ, അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോൾ ഉണ്ടായ തൊണ്ടിമുതൽ കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ആൻറണി രാജു എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനായി. ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് കരുതിയെങ്കിലും അതും തെറ്റി. ഇതോടെയാണ് സിപിഎം തിരുവനന്തപുരം സീറ്റിൽ നടൻ സുധീർ കരമനയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.
ജനാധിപത്യ കേരള കോൺഗ്രസിൻറെ സീറ്റ് ഏറ്റെടുത്തതിൽ അന്നുതന്നെ ആൻറണി രാജുവിന് എതിർപ്പുണ്ടായിരുന്നു. പക്ഷേ സിപിഎം അത് മുഖവിലക്കെടുത്തില്ല. ഇതോടെയാണ് ആൻറണി രാജു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി സുധീർ കരമനയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആൻറണി രാജു പങ്കെടുത്തിരുന്നില്ല. ഇത് ചർച്ചയായതോടെ സിപിഎം നേതൃത്വം വിഷയത്തിൽ ഇടപെട്ടു. കഴിഞ്ഞ കുറേ ദിവസമായി സിപിഎം നേതാക്കൾ ആൻറണി രാജുവിനോട് സംസാരിക്കുകയായിരുന്നു. ആദ്യമൊന്നും വഴങ്ങാതിരുന്ന ആൻറണി രാജു ഒടുവിൽ പ്രചാരണത്തിന് ഇറങ്ങാമെന്ന് സമ്മതിച്ചു.
ഇന്ന് വൈകിട്ട് നടക്കുന്ന വഞ്ചിയൂർ മേഖലാ കൺവെൻഷൻ ആൻറണി രാജുവാണ് ഉദ്ഘാടനം ചെയ്യുന്നത്. തീരദേശ മേഖലകളിൽ സ്ഥാനാർത്ഥിക്കൊപ്പം പോയി വോട്ട് തേടണം എന്ന നിർദ്ദേശവും ഇടതുമുന്നണി നേതൃത്വം ആന്റണി രാജുവിനു മുന്നിൽ വച്ചിട്ടുണ്ട്.
Adjust Story Font
16

