പ്രതിപക്ഷനേതാവിന് എതിരായ വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ കേരളം അവജ്ഞയോടെ തള്ളും: എ.പി അനിൽകുമാർ
നിരന്തരം നടത്തുന്ന വർഗീയ പ്രസ്താവനകളിലൂടെ കേരളത്തിന്റെ സാമുദായിക സൗഹാർദം തകർക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് അനിൽകുമാർ ആരോപിച്ചു.

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശന് എതിരായ വെള്ളാപ്പള്ളിയുടെ നിലവിട്ട പരാമർശങ്ങൾ കേരളം അവജ്ഞയോടെ തള്ളുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി അനിൽകുമാർ. ജാതി - മത ഭേദമെന്യേ ഓരോ മനുഷ്യനും നെഞ്ചേറ്റുന്ന ഗുരുദേവ ദർശനങ്ങളുടെ അന്തസ്സത്ത ഉൾക്കൊള്ളാൻ വെള്ളാപ്പള്ളി നടേശന് ബാദ്ധ്യതയുണ്ട്.
നിരന്തരം നടത്തുന്ന വർഗീയ പ്രസ്താവനകളിലൂടെ കേരളത്തിന്റെ സാമുദായിക സൗഹാർദം തകർക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ശ്രീ നാരായണ ഗുരുദേവനെയും കുമാരനാശാനെയുമൊക്കെ അധിക്ഷേപിച്ച പാരമ്പര്യമുള്ള സിപിഎമ്മിന്റെ മുൻ നിര പോരാളിയായി വെളളാപ്പള്ളി മാറിയത് ദൗർഭാഗ്യകരമാണ്.
ഓരോ ദിവസവും കേരളത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്ന പിണറായി സർക്കാരിനെതിരേ ഒരു വാക്കുരിയാടാത്ത വെള്ളാപ്പള്ളിയുടെ അന്ധമായ കോൺഗ്രസ് വിരോധത്തിന് കാരണം അദ്ദേഹത്തിന്റെ വ്യക്തി താൽപ്പര്യങ്ങളാന്നെറിയാത്തവരല്ല മലയാളികൾ. പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ നടത്തുന്ന നിലവിട്ട പരാമർശങ്ങൾ കേരളം അവജ്ഞയോടെ തള്ളിക്കളയും.
കോൺഗ്രസ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് പാർട്ടിക്ക് വ്യവസ്ഥാപിതമായ രീതികളുണ്ട്. അതിന് ഏതെങ്കിലും സമുദായ സംഘടനാ നേതാവിന്റെ തീട്ടൂരം വേണമെന്ന് വെള്ളാപ്പള്ളി ശാഠ്യം പിടിക്കരുത്. പാർട്ടി ഭാരവാഹികളെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കോൺഗ്രസിനു വിട്ടുനൽകാനുള്ള സൗമനസ്യം വെളളാപ്പള്ളി കാട്ടണം. കേരളത്തിന്റെ മതേതര മനസിൽ വർഗീയ വിഷം കലക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം കേരളത്തിൽ വിലപ്പോകില്ലെന്നും അനിൽകുമാർ പറഞ്ഞു.
Adjust Story Font
16

