ഉത്സവത്തിനിടെ കാലില്‍ ചവിട്ടി; തൃശൂരില്‍ പതിനാറുകാരന് ക്രൂരമര്‍ദനമേറ്റതായി പരാതി
സംഭവത്തിൽ അന്തിക്കാട് പൊലീസ് കേസെടുത്തു

തൃശൂർ: തൃശൂരില്‍ ഉത്സവത്തിനിടെ കാലില്‍ ചവിട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ 16കാരന് ക്രൂരമര്‍ദനമേറ്റതായി പരാതി. അരിമ്പൂര്‍ സ്വദേശിക്കാണ് മര്‍ദനമേറ്റത്. ആറ് പേര്‍ ചേര്‍ന്നാണ് കൗമാരക്കാരനെ മര്‍ദിച്ചത്. സംഭവത്തില്‍ അന്തിക്കാട് പൊലീസ് കേസെടുത്തു.
ജനുവരി അഞ്ചിന് തൃശൂരിലെ അരിമ്പൂര്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെയാണ് സംഭവം. പൂരത്തില്‍ കാവടിയാട്ടത്തിനിടെ കാലില്‍ ചവിട്ടിയതും തള്ളിയിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂരമര്‍ദനത്തിലേക്ക് നയിച്ചത്. വടികൊണ്ടും കൈകൊണ്ടും കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഓളന്തലിപ്പാറ കുളത്തിന്റെ പരിസരത്ത് വെച്ചാണ് ഈ കുട്ടിയെ യുവാക്കള്‍ മര്‍ദിച്ചത്.
സംഭവത്തില്‍ കുട്ടിയെ മര്‍ദിച്ച നാലുപേരെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ശ്രീഷ്ണവ്, സ്മിജിന്‍, ശ്രീഹരി, രാജേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് തൊട്ടുപിന്നാലെ പൊലീസ് കേസെടുത്തിരുന്നു. ജാതിപ്പേര് വിളിച്ചുള്ള അധിക്ഷേപം, കൊലപാതക ശ്രമം എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
Adjust Story Font
16

