എറണാകുളത്ത് തോക്ക് ചൂണ്ടി കവർച്ച; 80 ലക്ഷം രൂപ കവർന്നു
വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Photo|MediaOne News
എറണാകുളത്ത്: എറണാകുളം കുണ്ടന്നൂരിൽ തോക്ക് ചൂണ്ടി പണം കവർന്നു. കുണ്ടന്നൂരിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ നിന്ന് 80 ലക്ഷം രൂപ കവർന്നു. കേസിൽ വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിലാണ് കവർച്ച നടന്നത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് പണം കവർന്നത്. കാറിൽ വന്ന സംഘം പണം കവർന്ന ശേഷം രക്ഷപെട്ടു. സുബിൻ എന്നയാൾക്കാണ് പണം നഷ്ടമായത്.
80 ലക്ഷം രൂപ ക്യാഷ് ആയി കൊടുത്താൽ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം എന്നായിരുന്നു ഡീൽ. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലുള്ള തട്ടിപ്പ് കേരളത്തിൽ ആദ്യമായാണെന്ന് പൊലീസ് പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. കവർച്ച നടന്ന സ്ഥാപനത്തിൽ സിസിടിവി ദൃശ്യങ്ങളില്ല.
വന്നത് നാലംഗ കവർച്ചാ സംഘമെന്ന് സ്ഥാപന ഉടമ സുബിൻ വ്യക്തമാക്കി. സംഘത്തിൽ ഉണ്ടായിരുന്നത് നാലുപേരാണെന്നും തോക്ക് ചൂണ്ടുകയും വടിവാൾ വീശുകയും ചെയ്തുവെന്നും സുബിൻ പറഞ്ഞു. പണം ഇരട്ടിപ്പിക്കൽ ഡീൽ നടന്നിട്ടില്ല. കൈവശം ഉണ്ടായിരുന്ന 80 ലക്ഷം ബാങ്കിൽ നിന്ന് എടുത്ത പണമാണ്.15 ദിവസത്തെ ബന്ധം മാത്രമാണ് സജിയുമായി ഉണ്ടായിരുന്നത്. പണം ബാങ്കിൽ നിന്ന് എടുത്തതിന്റെ രേഖകളുണ്ട്. സജി സ്ഥാപനത്തിലെത്തി അരമണിക്കൂറിന് ശേഷമാണ് മുഖംമൂടി ധരിച്ചവർ എത്തിയതെന്നും അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് സജിയെ പരിചയപ്പെട്ടതെന്നും സുബിൻ വ്യക്തമാക്കി.
Adjust Story Font
16

