പ്രകോപനമുണ്ടാക്കിയത് എ.എസ്.ഐ; കിളിക്കൊല്ലൂർ പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
എ.എസ്.ഐ വിഷ്ണുണവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

കൊല്ലം: കിളിക്കൊല്ലൂരിൽ ഡി.വൈ.എഫ്.ഐ പേരൂർ മേഖല ജോയിന്റ് സെക്രട്ടറി വിഘ്‌നേഷിനെയും സഹോദരനും സൈനികനുമായ വിഷ്ണുവിനെയും പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. രണ്ടര മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണ് പൊലീസ് തന്നെ പുറത്തുവിട്ടത്. പ്രകാപനപരമായ നീക്കമുണ്ടായത് ആദ്യം എസ്.ഐ.യുടെ ഭാഗത്ത് നിന്നാണെന്ന് തെളിയിക്കുന്നതാണ് ദൃശ്യം. സംഭവത്തിൽ നാല് പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നു.
എ.എസ്.ഐ വിഷ്ണുണവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അതിന് ശേഷമാണ് വിഷ്ണു ഉരുണ്ടുവീഴുന്നതും പ്രതിരോധമെന്ന നിലയ്ക്ക് തിരിച്ച് കൈ പൊക്കുന്നതും. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തവരെ സ്റ്റേഷനിൽ കാണാനെത്തിയ സഹോദരങ്ങളെ പ്രതികളുടെ ജാമ്യക്കാരായി നിൽക്കണമെന്ന് ആവശ്യപ്പെട്ട് മർദിച്ചു എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ സ്റ്റേഷനിലെ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിൽ വിഷ്ണുവിനെ എഎസ്‌ഐ മർദിച്ചെന്നും ഇതിനെതിരെ വനിതാ എസ്‌ഐയോട് പരാതി പറയാൻ ശ്രമിച്ചപ്പോൾ വീണ്ടും മർദിച്ചെന്നുമുള്ള വാദത്തെ സാധൂകരിക്കുന്നതാണ് പുതിയ ദൃശ്യങ്ങൾ.
പ്രകോപനം തുടർന്നപ്പോൾ വിഷ്ണു പോലീസുകാരനെ തിരിച്ചടിക്കുന്നതും ഇരുവരും നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്നാണ് സൈനികന്റെ വിരൽ ഒടിയുന്ന രീതിയിലുള്ള മർദനം ഉണ്ടായത്. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ ലഭ്യമല്ല. സംഭവത്തിൽ എസ്എച്ച്ഒ കെ. വിനോദ്, എസ്‌ഐ എ.പി. അനീഷ്, എഎസ്‌ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
Adjust Story Font
16

