'മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഇൻ ചാർജ് ഭാര്യമാരുണ്ട്'; വിവാദ പരാമർശവുമായി ബഹാഉദ്ദീൻ നദ്‌വി
കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് വിവാദ പരാമർശം

ബഹാഉദ്ദീന്‍ നദ്‌വി
കോഴിക്കോട്: മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും എതിരെ വിവാദ പരാമർശവുമായി സമസ്ത നേതാവ് ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. പലർക്കും വൈഫ് ഇൻചാർജുമാർ ഉണ്ടെന്നും ഇത്തരക്കാരാണ് ബഹുഭാര്യത്വത്തെ എതിർക്കുന്നതെന്നും നദ്‌വി പറഞ്ഞു. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് വിവാദ പരാമർശം.
ഇഎംഎസിന്റെ മാതാവിന്റെ വിവാഹം നടന്നപ്പോൾ പ്രായം 11 വയസ്സായിരുന്നു. 11-ാം വയസ്സിൽ വിവാഹം നടന്നതിന്റെ പേരിൽ ഇഎംഎസിനെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്ടോ എന്നും നദ്‌വി ചോദിച്ചു.
''ഇഎംഎസിന്റെ മാതാവിനെ കെട്ടിച്ചപ്പോൾ പ്രായം 11 വയസ്. അതിന്റെ പേരിൽ അദ്ദേഹത്തെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്ടോ? ഇല്ല, അങ്ങനെ ചെയ്യാൻ പാടില്ല. അത് അക്കാലത്തെ രീതിയാണ്. ആ ഒരു നമ്പൂതിരി മാത്രമല്ല, മറ്റ് പല നമ്പൂതിരിമാരും അങ്ങനെയായിരുന്നു.
ബഹുഭാര്യത്വം എന്നാൽ നമ്മുടെ നാട്ടിൽ കുറേ മാന്യൻമാരുണ്ട്. അതിൽ ഉദ്യോഗസ്ഥരും എംപിമാരും എംഎൽഎമാരും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉണ്ട്. അവർക്കെല്ലാം ഭാര്യമാരുണ്ടാവും. പിന്നെ ഇൻചാർജ് ഭാര്യമാർ വേറെയുമുണ്ടാവും. വൈഫ് ഇൻചാർജ്, അങ്ങനെ പേര് പറയാറില്ല. അങ്ങനെ ഇല്ലാത്തവർ കൈ ഉയർത്താൻ പറഞ്ഞാൽ സമൂഹത്തിൽ എത്ര പേർ കയ്യുയർത്തും''- ബഹാഉദ്ദീൻ നദ്‌വി ചോദിച്ചു
Adjust Story Font
16

