ബിജെപിയിൽ രാജീവ്-മുരളീധരൻ തർക്കത്തിൽ പരിഹാരമായില്ല ; ബി.ബി ഗോപകുമാർ നിയമസഭാ കക്ഷി നേതാവ്
ചാത്തന്നൂർ എംഎൽഎയാണ് ബി.ബി ഗോപകുമാർ

തിരുവനന്തപുരം: ബിജെപി നിയമസഭാ കക്ഷി നേതാവായി ബി.ബി ഗോപകുമാറിനെ തിരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും തമ്മിലുള്ള തർക്കത്തിൽ ധാരണയിലേക്കെത്താൻ ബിജെപി നേതൃത്വത്തിന് സാധിക്കാത്തതിനാലാണ് ഗോപകുമാറിന് നറുക്ക് വീണത്. ചാത്തന്നൂർ എംഎൽഎയാണ് ബി.ബി ഗോപകുമാർ.
നേരത്തെ, വി. മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന ബിജെപി കോർ കമ്മിറ്റിയിലെ ആവശ്യം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. തന്നെ കക്ഷി നേതാവാക്കണമെന്നായിരുന്നു രാജീവിന്‍റെ ആവശ്യം. രണ്ട് അധികാര സ്ഥാനം പാർട്ടിക്കുള്ളിൽ രൂപപ്പെട്ടേക്കുമോയെന്ന വാദം ഉന്നയിച്ചാണ് രാജീവ് മറുനീക്കം നടത്തിയത്.
മൂന്ന് അംഗങ്ങളാണ് നിലവിൽ നിയമസഭാ പ്രതിനിധികളായി ബിജെപിക്കുള്ളത്. ഇതിൽ നിന്നാണ് ബി.ഗോപകുമാറിനെ തെരഞ്ഞെടുത്തത്. ദേശീയ നേതൃത്വങ്ങളുടേയും താൽപര്യം മുരളീധരനായിരുന്നെന്നാണ് വിവരം. എന്നാൽ, രാജീവ് ചന്ദ്രശേഖർ നിലപാട് കടുപ്പിച്ചതോടെ ഇരുവരെയും മാറ്റിനിർത്തി, പകരം ഗോപകുമാറിനെ പരിഗണിച്ചുകൊണ്ട് പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.
Adjust Story Font
16

