Quantcast

'പ്രിയപ്പെട്ട അന്‍സിബ, ഞാന്‍ താങ്കളോടൊപ്പം തന്നെയാണ്, എന്നാല്‍ ഒരു ചോദ്യം...'; പോസ്റ്റുമായി ഭാഗ്യലക്ഷ്മി

'ശ്വേതയുടെ കമ്മിറ്റിക്ക് മുന്‍പുള്ള കമ്മിറ്റിയിലും അന്‍സിബ അംഗമായിരുന്നല്ലോ? എന്തേ അന്ന് ഈ ചോദ്യം ചോദിച്ചില്ല?'

MediaOne Logo

Web Desk

  • Updated:

    2026-07-06 09:38:55

Published:

6 July 2026 3:07 PM IST

bhagyalakshmi facebook post
X

കൊച്ചി: 'അമ്മ' നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയില്‍ നിന്ന് രാജിവെച്ച് നിയമപോരാട്ടം നടത്തുന്ന നടി അന്‍സിബയോട് ചോദ്യവുമായി ആക്ടിവിസ്റ്റും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. 'അതിജീവിതയെ എന്തുകൊണ്ട് അമ്മയിലേക്ക് തിരിച്ചു കൊണ്ടുവന്നില്ല' എന്ന് അന്‍സിബ ശ്വേതാ മേനോനോട് ചോദ്യമുന്നയിച്ചിരുന്നു. ഇക്കാര്യം എന്തുകൊണ്ട് അന്‍സിബ ഇത്രയും കാലം ചോദിച്ചില്ലെന്നാണ് ഭാഗ്യലക്ഷ്മി ഉന്നയിക്കുന്നത്.

അതിജീവിത 'അമ്മ'യില്‍ നിന്ന് പോയിട്ട് ഒമ്പത് വര്‍ഷമായി. അവളുടെ പരാതിക്ക് ഉത്തരം കിട്ടാത്തത് കൊണ്ടാണ് അവള്‍ മാറി നിന്നത്. രാജി വെച്ചിട്ടല്ല പോയത്. പിന്നീടാണ് ദാരുണമായ ആ സംഭവം ഉണ്ടായത്. പലതും അറിയാമായിരുന്നിട്ടും സഹപ്രവര്‍ത്തകര്‍ ഒന്നും അറിയാത്തപോലെ അഭിനയിച്ചു കോടതിയില്‍. അന്നും അന്‍സിബ ഈ സംഘടനയില്‍ ഉണ്ടായിരുന്നല്ലോ? ശ്വേതയുടെ കമ്മിറ്റിക്ക് മുന്‍പുള്ള കമ്മിറ്റിയിലും അന്‍സിബ അംഗമായിരുന്നല്ലോ? എന്തെ അന്ന് ഈ ചോദ്യം ചോദിച്ചില്ല? അതെല്ലാം പോട്ടെ, വ്യക്തിപരമായി ആ സഹപ്രവര്‍ത്തകയെ നിങ്ങള്‍ പോയി കണ്ടോ? സംസാരിച്ചോ? -ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

ഇന്ന് 'നിങ്ങളോടൊപ്പം' ആരെങ്കിലും നില്‍ക്കുന്നുണ്ടെങ്കില്‍ അത് എതിരാളി ഉന്നതനല്ലാത്തതുകൊണ്ടാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. നിങ്ങളുടെ എതിരെ നില്‍ക്കുന്നത് ശക്തനായ സ്വാധീനമുള്ള, ഫാന്‍സ് ഉള്ള ഒരാള്‍ ആയിരുന്നെങ്കില്‍ ആരും നിങ്ങളോടൊപ്പം നില്‍ക്കില്ല. നിങ്ങളുടെ പോരാട്ടമെങ്കിലും വിജയിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു -ഭാഗ്യലക്ഷ്മി പറഞ്ഞു.

ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്...

പ്രിയപ്പെട്ട അൻസിബ

താങ്കളുടെ പോരാട്ടത്തെ ഞാൻ പൂർണമായും അംഗീകരിക്കുന്നു. ഞാൻ താങ്കളോടൊപ്പം തന്നെയാണ്.. ബാധിക്കപ്പെട്ട ഓരോ പെണ്ണിനോടൊപ്പം തന്നെയാണ്.

അതുകൊണ്ടാണ് താങ്കളെക്കുറിച്ച് ലക്ഷമിപ്രിയ ഉന്നയിച്ച ആരോപണങ്ങൾക്ക് താങ്കളുടെ സംഘണയിലുള്ളവർ പ്രതികരിക്കാഞ്ഞിട്ട് പോലും ഞാൻ പ്രതികരിച്ചത്.. ഞാൻ ഒരിക്കൽ മാത്രമേ താങ്കളെ പരിചയപ്പെട്ടിട്ടുള്ളു.. പക്ഷെ ഇപ്പോൾ താങ്കൾ പറഞ്ഞ ഈ വാചകം.

"അതിജീവിതയെ എന്തുകൊണ്ട് തിരിച്ചു കൊണ്ടുവന്നില്ല"

അതിപ്പോഴാണോ ഓർത്തത്. അവൾ A.M.M.A യിൽ നിന്ന് പോയിട്ട് 9 വർഷമായി. അവളുടെ പരാതിക്ക് ഉത്തരം കിട്ടാത്തത് കൊണ്ടാണ് അവൾ മാറി നിന്നത്. രാജി വെച്ചിട്ടല്ല പോയത്. പിന്നീടാണ് ദാരുണമായ ആ സംഭവം ഉണ്ടായത്.. പലതും അറിയാമായിരുന്നിട്ടും സഹപ്രവർത്തകർ

ഒന്നും അറിയാത്തപോലെ അഭിനയിച്ചു കോടതിയിൽ.

അന്നും അൻസിബ ഈ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? ശ്വേതയുടെ കമ്മിറ്റിക്ക് മുൻപുള്ള കമ്മിറ്റിയിലും അൻസിബ അംഗമായിരുന്നല്ലോ?

എന്തെ അന്ന് ഈ ചോദ്യം ചോദിച്ചില്ല?

അതെല്ലാം പോട്ടെ വ്യക്തിപരമായി ആ സഹപ്രവർത്തകയെ നിങ്ങൾ പോയി കണ്ടോ? സംസാരിച്ചോ?

നീച്ചമായ വാക്കുകൾ കൊണ്ട് ഈ കമ്മിറ്റി നിങ്ങളെ വേദനിപ്പിച്ചപ്പോൾ , അപമാനിച്ചപ്പോൾ നിങ്ങൾക്കത് താങ്ങാനായില്ല, നിങ്ങൾ പൊട്ടി കരഞ്ഞു, കേസ് കൊടുത്തു.

ഓർത്ത് നോക്കു അന്ന് ആ കാറിൽ അവൾ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം.. മുൻപിൽ നിൽക്കുന്നത് ശക്തനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ

അവൾ കേസ് കൊടുത്തു, കോടതിയിലും അവൾ അപമാനിക്കപ്പെട്ടു.

ആ പെൺകുട്ടിയെ കുറിച്ച്, സഹ പ്രവർത്തകയെ കുറിച്ച് എന്തേ നിങ്ങളാരും ഓർത്തില്ല..അവളോടൊപ്പം നിന്നില്ല, അവൾക്ക് വേണ്ടി ഒച്ചയുയർത്തിയില്ല അവൾക്ക് വേണ്ടി സംസാരിച്ച വരെയും കൂവി ഓടിച്ചു വിട്ടു .

അന്ന് തുടങ്ങിയതാണ് ഈ സംഘടനയുടെ വീഴ്ച്ച..

അവളുടെ കണ്ണുനീരിന്റെ ചൂടാണ് ഇന്ന് ഈ സംഘടന അനുഭവിക്കുന്നത്.

ഒന്നോർത്തോളൂ

ഇന്ന് "നിങ്ങളോടൊപ്പം" ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അത് എതിരാളി ഉന്നതനല്ലാത്തതുകൊണ്ടാണ്

നിങ്ങളുടെ എതിരെ നിൽക്കുന്നത് ശക്തനായ സ്വാധീനമുള്ള, ഫാൻസ്‌ ഉള്ള ഒരാൾ ആയിരുന്നെങ്കിൽ ആരും നിങ്ങളോടൊപ്പം നിൽക്കില്ല...

നിങ്ങളുടെ പോരാട്ടമെങ്കിലും വിജയിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

TAGS :

Next Story