Quantcast

തെരഞ്ഞെടുപ്പിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമുദായം; ജനസംഖ്യാനുപാതത്തെക്കാൾ എംഎൽഎമാർ: ടി.പി സെൻകുമാർ

തമിഴ്‌നാട്ടിലേത് പോലെ കേരളത്തിലും ക്രിപ്റ്റോ കൃസ്ത്യൻസ് വർധിക്കുകയാണോ എന്ന് പരിശോധിക്കണമെന്നും സെൻകുമാർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-05-09 14:16:32.0

Published:

9 May 2026 7:31 PM IST

തെരഞ്ഞെടുപ്പിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമുദായം; ജനസംഖ്യാനുപാതത്തെക്കാൾ എംഎൽഎമാർ: ടി.പി സെൻകുമാർ
X

തിരുവനന്തപുരം: കേരളത്തിൽ ക്രൈസ്തവ സമൂഹത്തിന് അവരുടെ ജനസംഖ്യാനുപാതത്തേക്കാൾ വളരെ കൂടിയ തോതിൽ നിയമസഭയിലും അധികാര സ്ഥാനങ്ങളിലും പ്രാതിനിധ്യം ലഭിക്കുന്നുവെന്ന് മുൻ ഡിജിപിയും ബിജെപി സഹയാത്രികനുമായ ടി.പി സെൻകുമാർ.

മതപരമായ കണക്കുകൾ പരിശോധിച്ചാൽ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹമാണ്. 2011ലെ സെൻസസ് പ്രകാരം കേരളത്തിൽ 18.38% മാത്രമാണ് ക്രിസ്ത്യൻ ജനസംഖ്യ. എന്നാൽ 140 അംഗ നിയമസഭയിൽ 36 പേർ ക്രിസ്ത്യൻ സമൂഹത്തിൽ നിന്നുള്ളവരാണ്. യുഡിഎഫിൽ ജയിച്ച 102 പേരിൽ 33 പേരും (ഏകദേശം 32 ശതമാനം) ഈ വിഭാഗത്തിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജനസംഖ്യാനുപാതത്തെക്കാൾ വലിയ പ്രാതിനിധ്യമാണ് അവർക്കുള്ളത്.

സർക്കാരിന്റെ ഔദ്യോഗിക ജനനനിരക്ക് രേഖകൾ പ്രകാരം ക്രിസ്ത്യൻ സമൂഹത്തിലെ ജനസംഖ്യ വളരെ കുറവാണെന്ന് അദ്ദേഹം പറയുന്നു. 2008ൽ 100 കുട്ടികൾ ജനിക്കുമ്പോൾ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 17.58 ശതമാനം കുട്ടികളുണ്ടായിരുന്നത്. 2015ൽ ഇത് 15.42 ശതമാനമായും, 2023ൽ എത്തിയപ്പോൾ 14.45 ശതമാനമായും കുറഞ്ഞു. ദേശീയ നയമനുസരിച്ച് ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പിലാക്കിയതിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനനനിരക്കിലും ജനസംഖ്യയിലും പിന്നിലായിട്ടും അധികാര സ്ഥാനങ്ങളിൽ ഇവർക്ക് വലിയ മേൽക്കൈ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറഞ്ഞ ജനസംഖ്യയുണ്ടായിട്ടും കൂടുതൽ ജനപ്രതിനിധികളെ ലഭിക്കുന്നതിന് പിന്നിൽ 'ക്രിപ്റ്റോ ക്രിസ്ത്യാനികൾ' ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് സെൻകുമാറിന്റെ മറ്റൊരു വാദം. രേഖകളിൽ ഹിന്ദുവായി തുടരുകയും, എന്നാൽ വിശ്വാസത്തിലും ജീവിതരീതിയിലും ക്രിസ്ത്യാനിയായി ജീവിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം കേരളത്തിലും തമിഴ്നാട്ടിലുമുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. ഒബിസി, എസ്‌സി തുടങ്ങിയ സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാനാണ് ഇവർ ഔദ്യോഗികമായി മതം മാറാത്തത്. 2027ലെ സെൻസസിൽ ഈ വിഭാഗം തങ്ങളുടെ യഥാർഥ മതം രേഖപ്പെടുത്തിയാൽ ഇന്ത്യയിലെ ക്രിസ്ത്യൻ ജനസംഖ്യ 14 മുതൽ 15 ശതമാനം വരെയായി വർധിക്കുമെന്നും ഹിന്ദു ജനസംഖ്യ 65 ശതമാനമായി കുറയുമെന്നും സെൻകുമാർ പറഞ്ഞു.

ക്രൈസ്തവ വിഭാഗത്തിന്റെ വോട്ടുകൾ ബിഷപ്പുമാരുടെയും വൈദികരുടെയും പൂർണ നിയന്ത്രണത്തിലാണെന്നും അവർ നിർദേശിക്കുന്നവർക്ക് മാത്രമാണ് ആ സമുദായത്തിന്റെ വോട്ട് ലഭിക്കുകയെന്നും സെൻകുമാർ ആരോപിച്ചു. കാസ പോലെയുള്ള ചുരുക്കം ചില സംഘടനകളൊഴികെ, ക്രൈസ്തവ സമൂഹത്തിലെ ബഹുഭൂരിപക്ഷവും ബിജെപിക്ക് വോട്ട് ചെയ്യാൻ തയ്യാറാവില്ല. മതപരിവർത്തനം അവരുടെ പ്രധാന ലക്ഷ്യമായി കാണുന്നതിനാലാണ് അവർ ഇത്തരമൊരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വിഭാഗം ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും സെൻകുമാർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നടന്ന സംഘ്പരിവാർ അനുകൂല ടെലിവിഷൻ ചാനലിൻ്റെ തെരഞ്ഞെടുപ്പ് വിശകലന ചർച്ചയിലാണ് സെൻകുമാർ ഈ വാദങ്ങൾ ഉയർത്തിയത്.

TAGS :

Next Story