തൃശൂരിൽ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവിന്റെ ദേഹത്തിലൂടെ ബസ് കയറി; ദാരുണാന്ത്യം
എൽത്തുരുത്ത് സ്വദേശി എബൽ ആണ് മരിച്ചത്

തൃശൂര്‍: തൃശൂരിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനെ തുടർന്ന് വീണ യുവാവ് മരിച്ചു. ബൈക്ക് വെട്ടിച്ചപ്പോൾ ബസ് കയറിയാണ് യുവാവ് മരിച്ചത്.
രാവിലെ 9. 15 ഓടെയാണ് അപകടം. ഫെഡറൽ ബാങ്ക് കുന്നംകുളം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ എൽതുരുത്ത് ലാലൂർ സ്വദേശി ആബേൽ ആണ് മരിച്ചത്. ബസ്സിനെ മറികടക്കുന്നതിനിടെ മുന്നിലെ കുഴിവെട്ടിച്ചപ്പോൾ ബസ്സിന് അടിയിൽപ്പെടുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തൃശ്ശൂർ നഗരത്തിൽ റോഡിലെ കുഴി മൂലം അപകടമുണ്ടായി ജീവൻ പൊലിയുന്നത്. കഴിഞ്ഞമാസം എംജി റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ അയ്യന്തോൾ കുറിഞ്ഞാക്കാൽ ജംഗ്ഷനിൽ ബൈക്ക് ബസിന് അടിയിൽപ്പെട്ട് വീണ്ടും ബൈക്ക് യാത്രികൻ മരിച്ചത്. സംഭവത്തിന് പിന്നാലെ കോൺഗ്രസ്, ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി അപകട സ്ഥലത്ത് എത്തി.
പ്രതിപക്ഷ സംഘടനകൾ ഒരു മണിക്കൂറോളം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് തൃശ്ശൂർ അയ്യന്തോൾ റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.
വീഡിയോ സ്റ്റോറി കാണാം...
Adjust Story Font
16

