'തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തില്‍ ബിജെപി സീല്‍'; ആരോപണവുമായി സിപിഎം
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രണ്ട് ദിവസം മുന്‍പ് ഇ-മെയില്‍ വഴി അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ ഉള്ളതായി ആരോപണം ഉയർന്നത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിയുടെ സീല്‍ പതിപ്പിച്ചതായി ആരോപണം. സിപിഎമ്മിന്റെ സമൂഹമാധ്യമ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എം.വി നികേഷ് കുമാറാണ് ആരോപണമുന്നയിച്ചത്. രണ്ട് ദിവസം മുന്‍പ് ഇ-മെയില്‍ വഴി അയച്ച കത്തിലാണ് ബിജെപിയുടെ സീല്‍ ഉള്ളത്. ഈ കത്തിലെ തീയതി 2019 മാര്‍ച്ച് 19 ആണ്.
നികേഷ് കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കത്തില്‍ കേരള ബിജെപിയുടെ സീല്‍ കാണാം. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ ലഭിച്ച കത്താണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിനൊപ്പം ചേര്‍ത്ത സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീലാണുള്ളതെന്ന് പോസ്റ്റില്‍ പറയുന്നു. വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ ഞെക്കിയാലും താമര തെളിയുന്നു എന്ന വാര്‍ത്ത പലവട്ടം കേട്ടിട്ടുണ്ടെന്നും എന്നാല്‍ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീല്‍ ആണ് ഉപയോഗിക്കുന്നത് എന്ന വാര്‍ത്ത ഇതാദ്യമാണെന്നുമാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്.
എല്ലാ ഇ-മെയില്‍ വിലാസക്കാര്‍ക്കും കത്ത് കിട്ടിയിട്ടുണ്ടെന്നും രണ്ട് വിലാസക്കാരോട് ഇക്കാര്യം ചോദിച്ചുറപ്പാക്കിയെന്നും നികേഷ് കുമാര്‍ പോസ്റ്റില്‍ പറയുന്നു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയിട്ടില്ല.
Adjust Story Font
16

