തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; കൂടുതൽ നടപടിയുമായി കമ്മീഷൻ
ഡെപ്യൂട്ടി സിഇഒ, സെക്ഷൻ ഓഫീസർ എന്നിവരെ ചുമതലകളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡെപ്യൂട്ടി സിഇഒ, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്തു. അഡീഷണൽ സിഇഒ പി.ബി. നൂഹ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഈ നടപടി സ്വീകരിച്ചത്.
സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ബിജെപിയുടെ സീൽ പതിഞ്ഞ കത്ത് ഉൾപ്പെട്ടത്. ബിജെപി മുൻപ് കമ്മീഷന് നൽകിയ ഒരു കത്തിന്റെ ഫോട്ടോകോപ്പി സൂക്ഷ്മപരിശോധനയില്ലാതെ മറ്റ് പാർട്ടികൾക്ക് അയച്ചു കൊടുത്തതാണ് പിഴവിന് കാരണമായതെന്ന് കമ്മീഷൻ വിശദീകരിക്കുന്നു. സംഭവത്തിൽ നേരത്തെ തന്നെ ഒരു അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ സസ്‌പെൻഡ് ചെയ്തിരുന്നു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവും ക്ലറിക്കൽ പിഴവുമാണ് ഇതിന് പിന്നിലെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏപ്രിൽ 9ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് സിപിഎം, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ രംഗത്തെത്തിയതോടെയാണ് വിഷയം വലിയ രാഷ്ട്രീയ വിവാദമായത്. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ നടപടി സ്വീകരിച്ച് വിവാദം തണുപ്പിക്കാൻ കമ്മീഷൻ നീക്കം നടത്തുന്നത്.
Adjust Story Font
16

