Quantcast

മന്ത്രിസഭാ പുനഃസംഘടന: പുതുമുഖങ്ങൾ വന്നേക്കും; എൻ. ഷംസീറിനും എം.ബി രാജേഷിനും സാധ്യത

കെ.കെ ശൈലജ അടക്കമുള്ള കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ ഒഴിവാക്കിയ ശേഷം ഇപ്പോൾ തിരിച്ചെടുത്താൽ അത് പഴയ തീരുമാനത്തിൽ തെറ്റ് പറ്റിയെന്ന് സമ്മതിക്കുകയാണെന്ന പ്രചരണം ഉണ്ടാകുമെന്നാണ് ചില സിപിഎം കേന്ദ്രങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ പുതിയ മന്ത്രിമാരായും പുതുമുഖങ്ങൾ തന്നെ വരാനാണ് സാധ്യത.

MediaOne Logo

Web Desk

  • Published:

    29 Aug 2022 1:15 AM GMT

മന്ത്രിസഭാ പുനഃസംഘടന: പുതുമുഖങ്ങൾ വന്നേക്കും; എൻ. ഷംസീറിനും എം.ബി രാജേഷിനും സാധ്യത
X

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ പുനഃസംഘടന ഉണ്ടാകുമ്പോൾ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങൾ തിരികെ വരാനുള്ള സാധ്യത വിരളമെന്ന് വിലയിരുത്തൽ. ചില പുതുമുഖങ്ങളെ ഉൾപ്പെടുന്നതിനൊപ്പം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനുമാണ് ആലോചന. മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന ഓണത്തിന് ശേഷം മാത്രമേ ഉണ്ടാകു എന്നാണ് വിവരം. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദൻ നിയമസഭാ സമ്മേളനം കഴിഞ്ഞ് രാജിവെക്കും.

സർക്കാർ തുടർഭരണം നേടിയപ്പോൾ മുഖ്യമന്ത്രി ഒഴികെ പഴയമന്ത്രിമാർ ആരും മന്ത്രിസഭയിൽ വേണ്ടതില്ലെന്നാണ് സിപിഎം തീരുമാനമെടുത്തിരുന്നത്. എന്നാൽ അധികാരമേറ്റ് ഒരു വർഷത്തിനുശേഷം മന്ത്രിസഭയുടെ പ്രവർത്തനത്തിനെതിരെ ഉയർന്ന വിമർശനം പാർട്ടിക്കുള്ളിലും എത്തി. ഇതിനിടയിലാണ് പാർട്ടി നേതൃത്വത്തിലെ മാറ്റം. തദ്ദേശ മന്ത്രിയായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയതോടെ മന്ത്രിസഭാ പുനഃസംഘനക്ക് കളമൊരുങ്ങിയിട്ടുണ്ട്.എന്നാൽ രണ്ടാം പിണറായി സർക്കാരിൽ പുതുമുഖങ്ങൾ മാത്രം മതി എന്ന തീരുമാനത്തിൽനിന്ന് സിപിഎം, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നോട്ട് പോകാൻ സാധ്യതയില്ല.

കെ.കെ ശൈലജ അടക്കമുള്ള കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ ഒഴിവാക്കിയ ശേഷം ഇപ്പോൾ തിരിച്ചെടുത്താൽ അത് പഴയ തീരുമാനത്തിൽ തെറ്റ് പറ്റിയെന്ന് സമ്മതിക്കുകയാണെന്ന പ്രചരണം ഉണ്ടാകുമെന്നാണ് ചില സിപിഎം കേന്ദ്രങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ പുതിയ മന്ത്രിമാരായും പുതുമുഖങ്ങൾ തന്നെ വരാനാണ് സാധ്യത. എം വി ഗോവിന്ദന് പകരം പൊന്നാനി എംഎൽഎ നന്ദകുമാർ മന്ത്രിയാകാൻ സാധ്യതയുണ്ട്. ഉദുമ എംഎൽഎ സി.എച്ച് കുഞ്ഞമ്പുവും പരിഗണിക്കപ്പെടും. നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിലും പുനക്രമീകരണം ഉണ്ടായേക്കും. മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ അഴിച്ചു പണിക്കാണ് തീരുമാനമെങ്കിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. അങ്ങനെയങ്കിൽ സ്പീക്കർ എം.ബി രാജേഷ് മന്ത്രിസഭയിൽ വന്നേക്കും. വി. ജോയ്, എ.എൻ ഷംസീർ എന്നിവരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവരാണ്. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കാര്യത്തിലും തീരുമാനമുണ്ടാകും.

TAGS :

Next Story