Quantcast

വയനാട്ടിൽ കടുവകളുടെ കണക്കെടുപ്പിന് സ്ഥാപിച്ച ക്യാമറകൾ മോഷണം പോയി

സാധാരണക്കാർ എത്താനിടയില്ലാത്ത ഉൾവനത്തിൽ നടന്ന സംഭവത്തിന് പിന്നിൽ മാവോയിസ്റ്റുകളോ നായാട്ട് സംഘങ്ങളോ ആകാമെന്നാണ് വനംവകുപ്പിൻ്റെ നിഗമനം

MediaOne Logo

Web Desk

  • Published:

    9 Sept 2021 9:50 PM IST

വയനാട്ടിൽ കടുവകളുടെ കണക്കെടുപ്പിന് സ്ഥാപിച്ച ക്യാമറകൾ മോഷണം പോയി
X

വയനാട്ടിലെ കാടുകളില്‍ കടുവകളുടെ കണക്കെടുപ്പിന് സ്ഥാപിച്ച ക്യാമറകള്‍ മോഷണം പോയി. കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ച്‌ ദിവസങ്ങൾക്കകമാണ് സംഭവം. കടുവകളുടെ കണക്കെടുപ്പിന് ചിത്രങ്ങള് പകര്ത്തുന്നതിനായി വനത്തിനുള്ളിൽ സ്ഥാപിച്ച രണ്ട് ഓട്ടോമാറ്റിക് ക്യാമറകളാണ് മോഷണം പോയത്.

55,000 രൂപ വിലയുള്ളതാണ് രണ്ട് ക്യാമറകളും. പറമ്പിക്കുളം കടുവാ സങ്കേതത്തിൽ നിന്നുള്ള പ്രത്യേക സംഘം വയനാട്ടിലേക്ക് 650 ക്യാമറകളാണ് കൊണ്ടുവന്നിരുന്നത്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, ബത്തേരി, കുറിച്യാട്, തോൽപ്പെട്ടി റേഞ്ചുകളെ വിവിധ മേഖലകളായി തിരിച്ചു കടുവകളെ കാണാൻ കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തിയാണ് ക്യാമറ സ്ഥാപിക്കുന്നത്. മാനന്തവാടി റെയിഞ്ചിന് കീഴിലെ മക്കിയാട് മേഖലയിലാണ് ഇപ്പോൾ മോഷണം പോയ ക്യാമറകൾ സ്ഥാപിച്ചിരുന്നത്.

സാധാരണക്കാർ എത്താനിടയില്ലാത്ത ഉൾവനത്തിൽ നടന്ന സംഭവത്തിന് പിന്നിൽ മാവോയിസ്റ്റുകളോ നായാട്ട് സംഘങ്ങളോ ആകാമെന്നാണ് വനംവകുപ്പിൻ്റെ നിഗമനം. വയനാട്ടില് മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവും കൂടുതലുള്ള വനമേഖലയാണ് മക്കിയാട്.

TAGS :

Next Story