Quantcast

ബാഗിലെ വസ്തുക്കൾ അന്വേഷണം വഴി തെറ്റിക്കാനോ? അടിമുടി ദുരൂഹത

ഇത്രയും ആസൂത്രിതമായ അക്രമം നടത്തിയിട്ട് നിർണായകമായേക്കാവുന്ന ബാഗ് ഉപേക്ഷിച്ച് പോകുമോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-04-03 05:01:34.0

Published:

3 April 2023 4:59 AM GMT

Train, Bag, Alappuzhakannurexecutive, Kozhikode
X

പ്രതിയുടെതെന്ന് സംശയിക്കുന്ന ബാഗ് ഫോറന്‍സിക് സംഘം പരിശോധിക്കുന്നു

കോഴിക്കോട്: പ്രകോപനമൊന്നുമില്ലാതെ അക്രമി ട്രെയിനിൽ നടത്തിയ തീവെപ്പിൽ അടിമുടി ദുരൂഹത. തികച്ചും ആസൂത്രണം ചെയ്ത് നടത്തിയ കൃത്യമാണിതെന്നാണ് സംശയിക്കുന്നത്. അക്രമിയുടെതെന്ന് കരുതുന്നു ബാഗിലെ വസ്തുവകകൾ അന്വേഷണം വഴിതെറ്റിക്കുന്നതിന്റെ ഭാഗമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മൊബൈൽഫോൺ, ഫോണിന്റെ പൗച്ച്, ചാർജർ, ടിഫിൻബോക്‌സ്, ആണികൾ, കണ്ണട, ചില മിഠായികള്‍ തുടങ്ങിയവയാണ് ഉണ്ടായിരുന്നത്.

നോട്ട്ബുക്കിൽ ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. ഡയറിപോലത്തെ കുറിപ്പാണ് നോട്ട്ബുക്കിലുള്ളത്. ഹിന്ദിയിലും എഴുത്ത് ഉണ്ട്. കോവളം, കഴക്കൂട്ടം, തിരുവനന്തപുരം എന്നിവ രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. കാർപന്റർ എന്ന അവസാനം വരുന്ന രീതിയില്‍ എഴുതിയ രണ്ട് മൂന്ന് പേരുകൾ കൂടി നോട്ട്ബുക്കിലുണ്ട്. ഈ ബാഗിന്റെ ഉടമസ്ഥൻ തന്നെയാകണം അക്രമി എന്ന് ഉറപ്പില്ല. പെട്രോൾ കൂടി കണ്ടെത്തിയതിനാലാണ് സംശയം ബലപ്പെടുന്നത്. ഇത്രയും ആസൂത്രിതമായ അക്രമം നടത്തിയിട്ട് നിർണായകമായേക്കാവുന്ന ബാഗ് ഉപേക്ഷിച്ച് പോകുമോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പ്രതി ബോധപൂർവം ചെയ്തതാണെന്ന വിലയിരുത്തലും ഉണ്ട്. ബാഗിലെ സൂചനകൾ വിലയിരുത്തുകയാണെങ്കിൽ പ്രതി മലയാളിയല്ലെന്ന് ആദ്യഘട്ടത്തില്‍ സംശയിക്കേണ്ടിവരും. മലയാളത്തിലുള്ള ഒരക്ഷരം പോലും ഡയറിയിൽ ഇല്ല. മാവോയിസ്റ്റ് ബന്ധംകൂടി അക്രമണത്തിന് പിന്നിലുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ബാഗിലെ മൊബൈൽഫോണാണ് നിർണായകം. അതേസമയം ഫോണിനൊപ്പം ലഭിച്ച ചാര്‍ജര്‍ ഈ ഫോണിന് ഉപയോഗിക്കാന്‍ പറ്റുന്നതല്ല. പരിസര പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. അക്രമി ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

എലത്തൂരിലെ റെയിൽവെ ട്രാക്കിൽ രാത്രി ഒന്നരയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത് ,സഹോദരിയുടെ മകൾ രണ്ട് വയസ്സുകാരി സഹറ എന്നിവരും മട്ടന്നൂര്‍ സ്വദേശി നൗഫീഖ്‌ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രാത്രി 9.30 ഓടെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവിൽ പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. അഞ്ച് പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


TAGS :

Next Story