കനാലില്‍ വെള്ളമെത്താത്തതോടെ ദുരിതത്തിലായി കര്‍ഷകര്‍; പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ
മൂവാറ്റുപുഴ, പെരിയാർ, ഇടമലയാർ തുടങ്ങിയ ജലസേചന പദ്ധതികളോടനുബന്ധിച്ചുള്ള കനാലുകളിലാണ് കൃത്യമായി വെള്ളമെത്താത്തത്

എറണാകുളം: ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ കിഴക്കന്‍ മേഖലകളിലെ വിവിധ കനാലുകളില്‍ വെളളമെത്താത്തതും കനാലിനോടനുബന്ധിച്ച ജോലികള്‍ മുടങ്ങുന്നതും കര്‍ഷകരെ ദുരിതത്തിലാക്കുന്നതായി പരാതി. സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ തങ്ങള്‍ നിസ്സഹായരാണെന്ന നിലപാടാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെന്ന് മാത്യു കുഴല്‍ നാടൻ എംഎല്‍എ കുറ്റപ്പെടുത്തി. വെള്ളം എത്തിക്കാൻ സർക്കാറിന് പണമില്ലെങ്കിൽ ജനങ്ങളിൽ നിന്ന് പിരിച്ച് നൽകാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
മൂവാറ്റുപുഴ, പെരിയാർ, ഇടമലയാർ തുടങ്ങിയ ജലസേചന പദ്ധതികളോടനുബന്ധിച്ചുള്ള കനാലുകളിലാണ് കൃത്യമായി വെള്ളമെത്താത്തത്. കനാൽ പരിസരം അറ്റകുറ്റപ്പണികൾ നടന്നിട്ടും കാലങ്ങളായെന്നാണ് ആരോപണം. ഇതോടെ ദുരിതക്കയത്തിൽ വലയുകയാണ് കർഷകർ.
കനാലുകളിലേക്ക് വെള്ളമെത്തിക്കാൻ സർക്കാരിന്‍റെ പക്കൽ ആവശ്യത്തിന് പണമില്ലെങ്കിൽ ജനങ്ങളിൽ നിന്ന് പിരിച്ചുനൽകാമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വിമർശിച്ചു. സർക്കാർ പണം അനുവദിക്കാത്തതിനാൽ വകുപ്പിന് ഒന്നും ചെയ്യാനാകില്ലെന്ന സ്ഥിരം മറുപടിയാണ് അധികൃതരിൽ നിന്നുണ്ടാകുന്നതെന്നും എംഎൽഎ കുറ്റപ്പെടുത്തി.
മൂവാറ്റുപുഴ കനാലിൽ വെള്ളം എത്താത്തതിനെ തുടർന്ന് മൂവാറ്റുപുഴയില്‍ മാത്രം എട്ട് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കർഷകരാണ് കടുത്ത ദുരിതം അനുഭവിക്കുന്നത്. പ്രതിഷേധ സൂചകമായി എംഎൽഎയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിലെ കനാൽ ഓഫീസിലേക്ക് ജനപ്രതിനിധികളുടെ പ്രതിഷേധ റാലി നടന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഈ വിഷയത്തിൽ അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കർഷകരെ അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Adjust Story Font
16

