നവജാത ശിശുവിന് വൈകല്യം; ആലപ്പുഴയിൽ നാല് ഡോക്ടർമാർക്കെതിരെ കേസ്
ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യമുള്ളത്
ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് വൈകല്യമുണ്ടായതിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തത്. ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യമുള്ളത്. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരെയാണ് പരാതി.
ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്കാനിങിലും ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്‍റെ പിതാവ് പറഞ്ഞു. സ്കാനിങ് റിപ്പോർട്ടിൽ ഒരു പ്രശ്നവുമില്ലെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ലാബിൽ ഡോക്ടമാർ തന്നെയാണോ റിപ്പോർട്ട് തയ്യാറാക്കിയത് എന്നതിൽ സംശയമുണ്ടെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. പ്രസവത്തിന്‍റെയന്നാണ് ഡോക്ടര്‍ ഇക്കാര്യത്തെക്കുറിച്ച് അനീഷിനോട് പറയുന്നത്. കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസ് എടുത്തത്.
സംഭവത്തില്‍ ആരോഗ്യ വിഭാഗം ഡയറക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്താൻ കടപ്പുറം W&C സൂപ്രണ്ടിനെ ചുമതലപ്പെടുത്തി . റിപ്പോർട്ട് ഉടൻ ആലപ്പുഴ ഡിഎംഒയ്ക്ക് കൈമാറും. ഡിഎംഒ ജമുനാ വർഗീസിന്‍റെ നേതൃത്വത്തിൽ മറ്റൊരു സമിതിയും അന്വേഷിച്ച് റിപ്പോർട്ട് നൽകും.
ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്‍റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷണം നടത്താന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാതലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു. സ്‌കാനിംഗ് സെന്‍ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തില്‍ മുസ്‌ലിം ലീഗ് പ്രവർത്തകർ കടപ്പുറം ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. കുഞ്ഞിന്‍റെയും മാതാവിന്‍റെയും ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. അര മണിക്കൂറോളം ഉപരോധം നീണ്ടു.സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Adjust Story Font
16