Quantcast

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസ്; മുഖ്യപ്രതി അക്ബർ പിടിയിൽ

സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടുന്നത്

MediaOne Logo

Web Desk

  • Updated:

    2026-06-06 15:34:02

Published:

6 Jun 2026 8:33 PM IST

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസ്; മുഖ്യപ്രതി അക്ബർ പിടിയിൽ
X

എറണാകുളം: കലൂരിൽ പെൺകുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസിലെ മുഖ്യപ്രതിയായ പാലക്കാട് മണ്ണാർക്കാട് സ്വദേശി അക്ബർ അലി പിടിയിലായി. സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടുന്നത്. പാലക്കാട് ചെർപ്പുളശേരിയിലുള്ള ഒരു വർക്ക്ഷോപ്പിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ച് ദിവസമായി അക്ബറിനായി പൊലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇയാൾ പാലക്കാട് വിട്ടുപോയിട്ടില്ലെന്ന കൃത്യമായ നിഗമനത്തിൽ തന്നെയായിരുന്നു പൊലീസ് അന്വേഷണം പുരോഗമിച്ചത്. തുടർന്ന് വാഹനങ്ങൾ രൂപമാറ്റം ചെയ്യുന്ന ചെർപ്പുളശേരിയിലെ ഒരു വർക്ക്ഷോപ്പിൽ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. സ്വന്തം വാഹനം രൂപമാറ്റം വരുത്തി ദൂരേക്ക് കടക്കാൻ, അല്ലെങ്കിൽ സംസ്ഥാനം തന്നെ വിടാൻ പ്രതി പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

പെൺകുട്ടികളെ ആക്രമിച്ച ഈ കേസിൽ ആകെ 10 പ്രതികളാണുള്ളത്. സംഭവം നടന്ന ആദ്യ ദിവസം തന്നെ ഇതിൽ മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. മുഖ്യപ്രതിയായ അക്ബർ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ആറ് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ഇതിനോടകം ലഭിച്ചിട്ടുള്ളതായാണ് സൂചന.

അറസ്റ്റിലായ അക്ബർ അലിക്ക് വലിയ രീതിയിലുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടികൾ ആക്രമിക്കപ്പെട്ട സ്ഥലത്തിനടുത്തുള്ള ഒരു ലോഡ്ജിൽ മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നില വാടകയ്ക്കെടുത്ത് ഇയാൾ അനാശാസ്യ കേന്ദ്രം നടത്തിവരികയായിരുന്നു. മുൻപും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയതിന് ഇയാൾ പിടിയിലായിട്ടുണ്ട്. അന്ന് അന്യസംസ്ഥാനക്കാരായ പെൺകുട്ടികളെ അടക്കം പൊലീസ് അവിടെനിന്ന് മോചിപ്പിച്ചിരുന്നു.

വഴിയിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടികളെ നെഞ്ചത്തും വയറ്റിലുമടക്കം അതിക്രൂരമായി ചവിട്ടി വീഴ്ത്തി മർദ്ദിച്ചത് അക്ബറായിരുന്നു. അക്ബറിന്റെ ഈ ക്രൂരമർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

TAGS :

Next Story