തിരുവമ്പാടിയില്‍ സഭയുടെ ആളുവേണം; ഹൈക്കമാൻഡിൽ കടുത്ത സമ്മർദവുമായി കത്തോലിക്കാ സഭ
മുസ്‌ലിം ലീഗ് മത്സരിക്കുന്ന സീറ്റാണ് തിരുവമ്പാടി

കോഴിക്കോട്: തിരുവമ്പാടി സീറ്റില്‍ പിടിവിടാതെ കത്തോലിക്കാസഭ. സീറ്റില്‍ യുഡിഎഫില്‍ നിന്നുള്ള കത്തോലിക്കനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി സഭ ഹൈക്കമാന്‍ഡിനെ സമീപിച്ചു. താമരശ്ശേരി, തലശ്ശേരി ബിഷപ്പുമാരെ മുന്നില്‍ നിര്‍ത്തിയാണ് സമ്മര്‍ദം. സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കാനാണ് സഭയുടെ നീക്കമെന്നാണ് സൂചന. മുസ്‌ലിം ലീഗ് മത്സരിക്കുന്ന സീറ്റാണ് തിരുവമ്പാടി.
തിരുവമ്പാടി സീറ്റില്‍ ഒരു കത്തോലിക്കനെ മത്സരിപ്പിക്കണമെന്ന ആവശ്യം ദീര്‍ഘകാലങ്ങളായി കത്തോലിക്കാ സഭ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് അദ്ദേഹത്തില്‍ നിന്ന് ഇക്കാര്യത്തില്‍ ഉറപ്പുലഭിച്ചതായി കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചകളില്‍ സഭാ നേതാക്കള്‍ അവകാശവാദം ഉന്നയിക്കാറുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗും കോണ്‍ഗ്രസും തമ്മില്‍ സീറ്റുകള്‍ വെച്ചുമാറാമെന്ന കരാറിലെത്തിയ നിലക്ക് തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് കത്തോലിക്കനെ മത്സരിപ്പിക്കണമെന്ന് സഭ ആവശ്യം ഉന്നയിക്കുകയായിരുന്നു.
എന്നാല്‍, സീറ്റ് ചര്‍ച്ചകളുടെ ഒരു ഘട്ടത്തില്‍ തിരുവമ്പാടി, കളമശ്ശേരി, ഗുരുവായൂര്‍ സീറ്റുകള്‍ വെച്ചുമാറുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി ആ അധ്യായം യുഡിഎഫ് അവസാനിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് കെ.സി വേണുഗോപാലിനും പ്രിയങ്കാ ഗാന്ധിക്കുമുള്ള സ്വാധീനമുപയോഗിച്ച് ഹൈക്കമാന്‍ഡിനോട് സഭ ഈ വിഷയം സംസാരിക്കുന്നത്.
നിലവില്‍, തിരുവമ്പാടിയില്‍ 44 ശതമാനം മുസ്‌ലിംകളും 28 ശതമാനം ഹിന്ദുക്കളുമാണുള്ളത്. ക്രൈസ്തവ വിഭാഗത്തില്‍ 26 ശതമാനം വോട്ടര്‍മാരുമാണുള്ളത്. എങ്കിലും, കത്തോലിക്കാ സഭയുടെ താമരശ്ശേരി ബിഷപ്പിന്റെ ആസ്ഥാനം നിലനില്‍ക്കുന്ന പ്രദേശമെന്ന നിലയില്‍ കൂടുതല്‍ ദൃശ്യത കത്തോലിക്കാ വിഭാഗത്തിനുണ്ട്. ഈ സാമൂഹികമണ്ഡലം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കത്തോലിക്കാ സഭയുടെ തിരുവമ്പാടി സീറ്റിനായുള്ള അവകാശവാദം.
ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിന് കനത്ത വിയോജിപ്പുണ്ടെങ്കിലും നേതൃത്വം കൂടിയാലോചിച്ച് പരിഹരിക്കട്ടെയെന്നാണ് കത്തോലിക്കാ സഭയുടെ വാദം.
Adjust Story Font
16

