Quantcast

ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്‍റെ വിവാദ പ്രസ്താവന; അനുകൂലിച്ച് കത്തോലിക്ക സഭ

ദീപിക ദിനപത്രത്തിലെ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചുവെന്നും കത്തോലിക്ക സഭ

MediaOne Logo

Web Desk

  • Published:

    12 Feb 2026 11:20 AM IST

ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്‍റെ വിവാദ പ്രസ്താവന; അനുകൂലിച്ച് കത്തോലിക്ക സഭ
X

കൊച്ചി: വിവാദ പ്രസ്താവനയിൽ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ അനുകൂലിച്ച് കത്തോലിക്ക സഭ. മാർ ആൻഡ്രൂസ് താഴത്തിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും ദുഷ്പ്രചരണങ്ങൾക്കെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും കത്തോലിക്ക സഭ ആവശ്യപ്പെട്ടു.

ദീപിക ദിനപത്രത്തിലെ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചു. ഇതര മതങ്ങളെ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. തെറ്റായി വ്യാഖ്യാനിച്ചവർ സംഭവം വിവാദമാക്കി.

ആൻഡ്രൂസ് താഴത്ത് വിശ്വാസികളിൽ മുസ്‌ലിം വിരുദ്ധത അടിച്ചേൽപ്പിക്കുന്നുവെന്ന് അൽമായ മുന്നേറ്റം ആരോപിച്ചിരുന്നു. ബിഷപ്പ് സംഘ്പരിവാർ ഏജന്റാണെന്നാണ് സംശയമെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ മീഡിയവണിനോട് പറഞ്ഞിരുന്നു.

വിവാദ പ്രസ്താവനയിൽ അന്വേഷണം വേണമെന്ന് എറണാകുളം അങ്കമാലി അതിരൂപതയും ആവശ്യപ്പെട്ടിരുന്നു. ഭിന്നിപ്പുണ്ടാക്കാൻ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെകിൽ അന്വേഷിക്കണം. രാജ്യത്തെ നിയമ സംവിധാനങ്ങൾ അന്വേഷണം നടത്തണം. ഏത് സാഹചര്യത്തിലാണ് പ്രസ്താവന നടത്തിയതെന്ന് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കണമെന്നും എറണാകുളം അങ്കമാലി അതിരൂപത ആവശ്യപ്പെട്ടു.

ക്രൈസ്തവരിൽ വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെന്നാണ് ആൻഡ്രൂസ് താഴത്ത് ദീപികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടാകുമെന്നാണ് തന്റെ നിരീക്ഷണമെന്നും ഓരോ വർഷം കഴിയുംതോറും കേരളത്തിലടക്കം തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണെന്നും ആൻഡ്രൂസ് പറയുന്നു. സഭയിൽ പിളർപ്പുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ടും മുസ്‍ലിം സാമുദായിക സംഘടനകളും ഇടപെട്ടെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

TAGS :

Next Story