Quantcast

ജനനായകനെ കാണാൻ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപുമടക്കമുള്ള പ്രമുഖർ

വിലാപ യാത്ര കോട്ടയം ഡിസിസി ഓഫീസിനരികിലെത്തി ചേരുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-07-20 05:03:43.0

Published:

20 July 2023 4:10 AM GMT

Celebrities including Mammootty, Suresh Gopi and Dileep came to see Oommen Chandy
X

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമാരംഗത്തെ പ്രമുഖരും. കോട്ടയം തിരുനക്കര മൈതാനിയിൽ ജനനായകനെ കാണാൻ സിനിമ നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി എംപി, ദിലീപ് തുടങ്ങിയവരാണ് എത്തിയത്. വയലാർ രവി, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും തിരുനക്കരയിലെത്തിയിട്ടുണ്ട്. മൂന്നോ നാലോ മണിക്കൂറാണ് തിരുനക്കരയിൽ പൊതുദർശനം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇവിടെയുള്ള ജനക്കൂട്ടത്തിന് ഈ സമയം മതിയാകില്ല. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ളവർ കോട്ടയത്ത് എത്തിച്ചേർന്നിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര ഏറെ നാളത്തെ തട്ടകമായ കോട്ടയം ഡിസിസി ഓഫീസിനരികിലെത്തി ചേരുകയാണ്. ഇവിടെ വെച്ച് ആദരമർപ്പിച്ചു പിന്നീട് തിരുനക്കരയിലേക്ക് കൊണ്ടുപോകും.

അതേസമയം, സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. കൊച്ചിയിൽ വിശ്രമിച്ച ശേഷം 12 മണിയോടെ കോട്ടയത്തേക്ക് തിരിക്കും. കെ സി വേണുഗോപാലും മറ്റ് നേതാക്കളും അദ്ദേഹത്തെ അനുഗമിക്കും.

വൈകീട്ട് മൂന്നു മണിക്കാണ് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ നടക്കുന്ന ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങ് നടക്കുക. ശുശ്രൂഷകളിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പൊതുദർശനം നീണ്ടുപോയാൽ സംസ്‌കാര ചടങ്ങുകൾ വൈകിയേക്കും.

അച്ഛനോടുള്ള ജനങ്ങളുടെ സ്‌നേഹമാണ് വിലാപയാത്രയിലുടനീളം കണ്ടതെന്നും 24 മണിക്കൂർ പ്രവർത്തിച്ച ഒരു മുഖ്യമന്ത്രിയ്ക്ക് 24 മണിക്കൂറിൽപ്പരം നീണ്ട സ്വീകരണം ഈ നാട് നൽകിയെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. സംസ്‌കാര ചടങ്ങ് വൈകുമോയെന്ന ചോദ്യത്തിന് മീഡിയവണിനോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു ദിവസം പിന്നിട്ടിട്ടും കേരളത്തിന്റെ പാതി ദൂരം പിന്നിടാതെ നീങ്ങുകയാണ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലപായാത്ര 24 മണിക്കൂറിലേക്ക് കടന്നിരിക്കുകയാണ്. വഴിയോരങ്ങളിൽ പ്രിയ നേതാവിനെ കാണാൻ അലകടലായി ജനം ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്നേവരെ കാണാത്ത യാത്രാമൊഴിയാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കേരളം നൽകുന്നത്. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിന്നത് പതിനായിരങ്ങളാണ്. മണിക്കൂറുകളും പിന്നിട്ടിട്ടും കാത്ത് നിന്നവരുടെ എണ്ണത്തിൽ യാതൊരു കുറവും വന്നില്ല. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് രാവിലെ ഏഴുമണിയോടെ ആരംഭിച്ചവിലാപയാത്ര എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്.

പിന്നിട്ട വഴികളിലെല്ലാം സ്ത്രീകളും കുട്ടികളും ഉൾപ്പടെ പതിനായിരങ്ങൾ പ്രിയ കുഞ്ഞൂഞ്ഞിനെ കാണാൻ എത്തി. തിരുവനന്തപുരത്ത് നിന്നും കോട്ടയം തിരുനക്കര മൈതാനിയിലേക്കുള്ള ദൂരം 150 കിലോമീറ്ററാണ്. 20 മണിക്കൂറുകൾ പിന്നിട്ടപ്പോഴും താണ്ടാനായത് പകുതിയിലേറെ ദൂരംമാത്രമായിരുന്നു.

തിരുവനന്തപുരത്തുനിന്ന് ഇന്നലെ രാവിലെ ആരംഭിച്ച വിലാപയാത്ര ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് ശേഷമാണ് സ്വന്തം ജില്ലയായ കോട്ടയം ജില്ലയിലെത്തുന്നത്.

മണിക്കൂറുകൾ പിന്നിടുമ്പോഴും വൻജനാവലിയാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ തടിച്ച് കൂടിയത്. കേരളത്തിന്റെ തെരുവുകൾ കണ്ണീർ കടലായി മാറി. വികാര നിർഭരമായ രംഗങ്ങക്ക് സാക്ഷ്യം വഹിച്ചാണ് വിലപയാത്ര കടന്നുപോകുന്നത്. സൗമ്യമായ പുഞ്ചിരി തൂകിയ മുഖം ഇനിയില്ല എന്ന തിരിച്ചറിവിൽ കേരള ജനത റോഡിന്റെ ഇരുവശങ്ങളിൽ നിന്നും വിങ്ങിപ്പൊട്ടി. ജനങ്ങളെ താണ്ടിയുള്ള ഈ അവസാന യാത്ര ജനനായകന് മടുപ്പുളവാക്കില്ല.

Celebrities including Mammootty, Suresh Gopi and Dileep came to see Oommen Chandy

TAGS :

Next Story