Quantcast

ആ സന്ദേശം നിങ്ങള്‍ക്കും ലഭിച്ചേക്കാം, ജാഗ്രത വേണം; സെന്‍സസിൻ്റെ പേരില്‍ തട്ടിപ്പ്

വ്യാജ കോളുകള്‍, സന്ദേശങ്ങള്‍, ലിങ്കുകള്‍ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ്

MediaOne Logo
census cyber scam
X

കൊച്ചി: രാജ്യത്ത് നടക്കുന്ന സെന്‍സസ് കണക്കെടുപ്പിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ് നടക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. സെന്‍സസിന്റെ പേരില്‍ തട്ടിപ്പുകാര്‍ വ്യാജ കോളുകള്‍, സന്ദേശങ്ങള്‍, പരിശോധനാ ലിങ്കുകള്‍ എന്നിവ ഉപയോഗിച്ച് ജനങ്ങളെ ലക്ഷ്യമിടുകയാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഔദ്യോഗികമായ സെന്‍സസ് വിവരണ ശേഖരണത്തിന്റെ ഭാഗമായി അധികൃതര്‍ ഒരിക്കലും ഒടിപി, ബാങ്ക് വിവരങ്ങള്‍, ആധാര്‍ നമ്പര്‍, പാന്‍ വിവരങ്ങള്‍ എന്നിവ ആവശ്യപ്പെടില്ല. ഏതെങ്കിലും വിവരങ്ങള്‍ പങ്കുവെക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും മുമ്പ് ഔദ്യോഗിക സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി വിവരങ്ങള്‍ സ്ഥിരീകരിക്കണമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.

വിവരശേഖരണത്തിന്റെ ഭാഗമായി വിളിക്കുകയാണെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ വേണമെന്നുമാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുക. ഫോണിലേക്കെത്തുന്ന ഒടിപി വേണമെന്നും ആവശ്യപ്പെടും. ഒടിപി നല്‍കുന്നതോടെ അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ കയ്യിലെത്തും. അതിനാല്‍ അപരിചിത കോളുകള്‍ക്ക് ഒരിക്കലും വ്യക്തി വിവരങ്ങളോ ഒടിപിയോ നല്‍കരുത്.

ലിങ്ക് അയച്ചും തട്ടിപ്പുണ്ട്. സെന്‍സസ് പ്രക്രിയയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് സന്ദേശം വരിക. സന്ദേശത്തിനൊപ്പം ഒരു ലിങ്കും നല്‍കും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ സെന്‍സസ് സൈറ്റ് പോലെ തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റിലെത്തും. ഇതില്‍ കയറിയാല്‍ സെന്‍സസ് പ്രോസസിങ് ചാര്‍ജായി പണം അടയ്ക്കാന്‍ ആവശ്യപ്പെടും. പണം അടച്ചാല്‍ പിന്നെ തട്ടിപ്പുകാരന്റെ പൊടിപോലുമുണ്ടാകില്ല.

തട്ടിപ്പിന് ഇരയായാല്‍

നിങ്ങളോ പരിചയത്തിലുള്ള ആരെങ്കിലുമോ സൈബര്‍ തട്ടിപ്പിന് ഇരയായി എന്നിരിക്കട്ടെ. ഏറ്റവുമാദ്യം ചെയ്യേണ്ടത് നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലിന്റെ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിവരം അറിയിക്കുകയാണ്. തട്ടിപ്പ് നടന്ന ഉടനെയുള്ള മണിക്കൂറുകള്‍ ഗോള്‍ഡന്‍ അവേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. കാരണം ഈ സമയത്താണ് നഷ്ടമായ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത ഏറ്റവും കൂടുതല്‍. അതിനാല്‍ എത്രയും വേഗം തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യണം.

സൈബര്‍ ക്രൈം പോര്‍ട്ടലില്‍ വിളിക്കുമ്പോള്‍ ഈ വിവരങ്ങള്‍ നല്‍കുവാന്‍ ശ്രദ്ധിക്കണം.

  • തട്ടിപ്പിനിരയായ വ്യക്തിയുടെ പേര്
  • മൊബൈല്‍ നമ്പര്‍
  • തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷന്‍
  • ജില്ലയുടെ പേര്, പിന്‍ കോഡ്
  • ബാങ്ക് വിവരങ്ങള്‍
  • നഷ്ടപ്പെട്ട തുക
  • യുപിഐ വഴിയാണ് തട്ടിപ്പെങ്കില്‍ യുപിഐ ഐഡി
  • ഓരോ ഇടപാടിന്റെയും ട്രാന്‍സാക്ഷന്‍ ഐഡി
  • തട്ടിപ്പ് എങ്ങനെയാണ് നടന്നതെന്നുള്ള ലഘുവിവരണം

https://cybercrime.gov.in എന്ന പോര്‍ട്ടല്‍ വഴിയും പരാതി രജിസ്റ്റര്‍ ചെയ്യാം

TAGS :

Next Story