നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ തള്ളി കേന്ദ്രം; ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയം
ഔദ്യോഗികമായി പ്രതികരിക്കാന്‍ വിദേശകാര്യമന്ത്രാലയം തയ്യാറായിട്ടില്ല

ന്യൂഡല്‍ഹി: യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രം.ഇതുമായി ബന്ധപ്പെട്ട് ചില വ്യക്തികൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. എന്നാല്‍ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിമിഷക്ക് മാപ്പ് നൽകാൻ കൊല്ലപ്പെട്ട യമനി യുവാവ് തലാലിൻ്റെ കുടുംബം തയാറായെന്ന് മധ്യസ്ഥർ അറിയിച്ചു. കാന്തപുരം അബുബക്കർ മുസ്‍ലിയാരുടെ ഇടപെടലിനെ തുടർന്ന് യമനിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക പുരോഗതിയുണ്ടായത്. തുടർനടപടികൾ വൈകാതെയുണ്ടാകുമെന്ന് സൂചന.
കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ഇടപെടലിനെ തുടർന്ന് സുഫി പണ്ഡിതൻ ഉമർ ഹഫിളിൻ്റെ പ്രതിനിധികൾ കൊല്ലപ്പെട്ട യമനി യുവാവ് തലാലിൻ്റെ കുടുംബവുമായി നടത്തിയ ചർച്ചയിലാണ് നിർണായക പുരോഗതിയുണ്ടായത്. നിമിഷക്ക് മാപ്പ് നൽകാൻ തലാലിൻ്റെ കുടുംബം തയാറായതായി ചർചയിൽ പങ്കെടുത്ത മധ്യസ്ഥർ അറിയിച്ചു. കുടുംബം ഇക്കാര്യം കോടതിയെ അറിയിച്ചാൽ വധശിക്ഷ റദ്ദാക്കും.
അതേസമയം ,വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് തലാലിൻ്റെ സഹോദരൻ അബ്ദുൽഫതാഹ്. വധശിക്ഷ നടപ്പാക്കുന്നതിന് പുതിയ തിയതി തീരുമാനിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂട്ടർക്ക് കുടുംബം അയച്ച കത്തും ഫതാഹ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടു.
തലാലിൻ്റെ മാതാപിതാക്കൾ മാപ്പ് നൽകാൻ തയാറായി എന്നതാണ് മധ്യസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ടയാളുടെ മാതാപിതാകൾ മാപ്പ് നൽകിയാൽ വധശിക്ഷ റദ്ദാക്കുമെന്നും മധ്യസ്ഥർ പറയുന്നു. മാപ്പ് നൽകിയെന്ന് കാണിച്ച് കുടുംബം പ്രോസിക്യൂട്ടർക്ക് കത്ത് നൽകുന്നതോടെ ഇക്കാര്യത്തിലെ അവ്യക്തതകൾക്ക് അവസാനമാകുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16

