ചങ്ങനാശ്ശേരിയിലെ കൂട്ട ആത്മഹത്യ; ഓണ്‍ലൈന്‍ ഗെയിമാണ് കടബാധ്യതയ്ക്ക് കാരണമെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് പൊലീസ്
വിദേശത്തുള്ള സവിന്റെ ഭാര്യ ഇന്ന് നാട്ടിലെത്തും. ഇവരുടെ സാന്നിധ്യത്തില്‍ വീട്ടില്‍ വിശദമായ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്

കോട്ടയം: ചങ്ങനാശ്ശേരി എസ്ബി കോളജിന് സമീപമുള്ള വീട്ടിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ ഗെയിം കളിച്ചുണ്ടായ കടബാധ്യതയാണെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് പൊലീസ്. ചങ്ങനാശ്ശേരി കരിങ്ങട വീട്ടില്‍ സാജു ആന്റണി, ഭാര്യ അനു, മകന്‍ സവിന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടത്. വിദേശത്തുള്ള സവിന്റെ ഭാര്യ ഇന്ന് നാട്ടിലെത്തും. ഇവരുടെ സാന്നിധ്യത്തില്‍ വീട്ടില്‍ വിശദമായ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയതിന് ശേഷമായിരിക്കും സംസ്‌കാരം.
വീട്ടില്‍ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. കടബാധ്യതകളുടെ വിവരങ്ങളാണ് കുറിപ്പിലുള്ളത്. മൂന്ന് ലക്ഷം രൂപ പലര്‍ക്കായി നല്‍കാനുണ്ടെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇത് തീര്‍ക്കണമെന്നും സഹോദരനോട് കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്.
ഓണ്‍ലൈന്‍ റമ്മിയാണോ കടബാധ്യതയ്ക്ക് കാരണമെന്ന് പൊലീസ് പ്രാഥമികഘട്ടത്തില്‍ സംശയിച്ചിരുന്നു. കുടുംബത്തിന്റെ ബാങ്ക് വിവരങ്ങളടക്കം പരിശോധിച്ചേക്കും.
Adjust Story Font
16

