'ജയിലിൽ മട്ടൻ കിട്ടും'; മകനെയും മരുമകളേയും പേരക്കുട്ടികളെയും ചുട്ടുക്കൊന്ന ഹമീദിന്റെ കൊടുംക്രൂരത
മഞ്ചിക്കല്ലിൽ പുതിയ വീടിന്റെ നിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശം നടത്താനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ഫൈസലിനെയും കുടുംബത്തെയും പിതാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്

Hameed And Family | Photo | Mathrubhumi
ഇടുക്കി: മകനെയും കുടുംബത്തേയും ചുട്ടുകൊന്ന ഇടുക്കി ചീനിക്കുഴി സ്വദേശി ഹമീദിന്റെ കൊടുംക്രൂരതക്ക് കോടതി നൽകിയത് വധശിക്ഷ. 2022 മാർച്ച് 19ന് ആയിരുന്നു നാടിനെ ഞെട്ടിച്ച കൂട്ടക്കൊല. മകന് നൽകിയ 58 സെന്റ് പുരയിടം തിരകെ വേണമെന്ന് ആവശ്യപ്പെട്ട് ഹമീദ് വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു. ഇതാണ് ഒടുവിൽ കേരളത്തിന്റെ ചരിത്രത്തിൽ സമാനതയില്ലാത്ത കൊലപാതകത്തിൽ കലാശിച്ചത്.
ചീനിക്കുഴിയിൽ പലചരക്ക് കട നടത്തിയിരുന്ന മുഹമ്മദ് ഫൈസൽ (45), ഭാര്യ ഷീബ (45), മക്കളായ മെഹർ (16), അസ്‌ന (14) എന്നിവരെയാണ് പിതാവ് ഹമീദ് കൊലപ്പെടുത്തിയത്. മകനും കുടുംബവും ഒരു കാരണവശാലും രക്ഷപ്പെടരുതെന്ന് ഉറപ്പിച്ച് ആസൂത്രിതമായാണ് ഹമീദ് കൃത്യം നടത്തിയത്. രക്ഷപ്പെടാനായി ഫൈസലും മക്കളും അലറിവിളിച്ചെങ്കിലും ഫലമുണ്ടായില്ല. അയൽക്കാർ എത്തി തീയണച്ചപ്പോൾ കണ്ട് കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ നാല് മൃതദേഹങ്ങളായിരുന്നു.
കൊലപാതകം നടന്ന വീടുൾപ്പെടുന്ന 58 സെന്റ് പുരയിടം വർഷങ്ങൾക്ക് മുമ്പ് ഹമീദ് ഫൈസലിന് ഇഷ്ടദാനം നൽകിയതായിരുന്നു. മരണംവരെ ആദായവും ചെലവിനും നൽകണമെന്നായിരുന്നു നിബന്ധന. എന്നാൽ മൂന്നുനേരവും മീനും ചിക്കനും മട്ടനും അടങ്ങുന്ന ഭക്ഷണം വേണമെന്നായിരുന്നു ഹമീദിന്റെ ആവശ്യം. ഇത് നൽകുന്നില്ലെന്ന് ആരോപിച്ചാണ് വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നത്. സ്വത്ത് തിരികെ നൽകിയില്ലെങ്കിൽ ഫൈസലിനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലുമെന്ന് ഹമീദ് ഭീഷണി മുഴക്കിയിരുന്നു. അവസാനകാലംവരെ നല്ല ഭക്ഷണം കഴിക്കണമെന്നും ജയിലിൽ ഇപ്പോൾ മട്ടനുണ്ടെന്നും അതിനുള്ള വഴി താൻ നോക്കുമെന്നും ഹമീദ് നാട്ടുകാരോട് പറഞ്ഞിരുന്നു.
കൊലപാതകം നടന്ന ദിവസവും ഹമീദ് വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മകനെയും കുടുംബത്തെയും വകവരുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ചീനിക്കുഴി ഭാഗത്ത് പെട്രോൾ പമ്പുകളില്ലാത്തതിനാൽ ഫൈസൽ പലചരക്ക് കടയിൽ പെട്രോൾ കുപ്പികളിലാക്കി വിൽപ്പന നടത്തിയിരുന്നു. ഇതിനായി വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന പെട്രോൾ കുപ്പികളാണ് ഹമീദ് കൃത്യം നടത്താനുള്ള ആയുധമാക്കി മാറ്റിയത്. ആരുമില്ലാത്ത സമയത്ത് രാത്രി ഹമീദ് ഈ പെട്രോൾ കുപ്പികളിൽ തിരിയിട്ട് പെട്രോൾ ബോംബുകളാക്കി. എല്ലാവരും ഉറങ്ങിയതോടെ അടുത്തഘട്ടത്തിലേക്ക് കടന്നു. തീപിടിച്ചാൽ വേഗം അണയ്ക്കാതിരിക്കാനും ആരും രക്ഷപ്പെടാതിരിക്കാനും വേണ്ട തയ്യാറെടുപ്പുകൾ നടത്തി. ഇതിനായി പൈപ്പ് കണക്ഷൻ വിച്ഛേദിച്ചു. വാട്ടർടാങ്കിലെ വെള്ളം ഒഴുക്കികളഞ്ഞു. തുടർന്നാണ് ഫൈസലും കുടുംബവും കിടന്നുറങ്ങിയ മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയത്. വീട്ടിലെ മറ്റുവാതിലുകളും അടച്ച് ഇയാൾ പുറത്തിറങ്ങി വീടിന് തീകൊളുത്തി.
തുടർന്ന് നേരത്തേ തയ്യാറാക്കിയ പെട്രോൾകുപ്പികൾ ഓരോന്നായി തീകൊളുത്തി വീടിനുള്ളിലേക്കും ഫൈസലിന്റെ മുറിയിലേക്കും വലിച്ചെറിഞ്ഞു. ഇതിനിടെ ഫൈസലിന്റെ മകൾ മെഹർ അയൽക്കാരനായ രാഹുലിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 'ഓടിവായോ അങ്കിളേ ഞങ്ങളെ രക്ഷിക്കണേ..' എന്നാണ് മെഹർ ഫോണിലൂടെ കരഞ്ഞുപറഞ്ഞത്. ഇത് കേട്ടയുടൻ രാഹുൽ വീട്ടിൽനിന്ന് താഴേയുള്ള ഫൈസലിന്റെ വീട്ടിലേക്ക് ഓടിയെത്തി. ഹമീദ് അടച്ചുപൂട്ടിയ മുൻവശത്തെ വാതിൽ ചവുട്ടിത്തുറന്ന് അകത്തെത്തി. അപ്പോഴും തീ ആളിക്കത്തുകയായിരുന്നു. വീട്ടിലാകെ പെട്രോളിന്റെയും പുകയുടെയും ഗന്ധം. എന്നിട്ടും ധൈര്യം കൈവിടാതെ കിടപ്പുമുറി ചവിട്ടിത്തുറന്നു. ഈ സമയം പിൻവാതിൽ വഴിയെത്തിയ ഹമീദ് പെട്രോൾ നിറച്ച രണ്ട് കുപ്പികൾ കൂടെ രാഹുലിന്റെ പിറകിലൂടെ അകത്തേക്കെറിഞ്ഞു. മുറിയിലെ ബെഡ്ഡിന് തീപ്പിടിച്ച് ആളിക്കത്തി. ഇതോടെ പ്രാണരക്ഷാർഥം കുളിമുറിയിൽ കയറിയ നാലംഗകുടുംബത്തെ രക്ഷിക്കാൻ കഴിയാതെപോയി. തീ ആളിപടരുമ്പോൾ രക്ഷയ്ക്കായി കേഴുന്ന അവരുടെ ശബ്ദം മാത്രമാണ് രാഹുലിന് കേൾക്കാനായത്. ഇതിനിടെ ഹമീദ് രാഹുലിനെ തള്ളിയിടാനും ശ്രമിച്ചു. തിരികെ തള്ളിയതോടെ ഹമീദ് പുറത്തേക്ക് ഓടി. രാഹുലിന്റെ വീട്ടുകാരാണ് മറ്റുള്ളവരെ വിളിച്ചുകൂട്ടി തുടർന്നുള്ള രക്ഷാപ്രവർത്തനം നടത്തിയത്. പുറത്തുനിന്ന് പൈപ്പിട്ട് വെള്ളമൊഴിച്ച് തീകെടുത്തിയപ്പോഴേക്കും ഫൈസലും പെൺകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം മരണത്തിന് കീഴടങ്ങിയിരുന്നു.
മഞ്ചിക്കല്ലിൽ പുതിയ വീടിന്റെ നിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശം നടത്താനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ഫൈസലിനെയും കുടുംബത്തെയും പിതാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. പിതാവ് ഹമീദുമായി പ്രശ്‌നങ്ങൾ നിലനിന്നതുമൂലമാണ് ഭാര്യ ഷീബയുടെപേരിൽ മഞ്ചിക്കല്ലിൽ ഫൈസൽ സ്ഥലം വാങ്ങി വീടുനിർമാണം ആരംഭിച്ചത്. ഏപ്രിൽ ആദ്യംതന്നെ വീട്ടിലേക്ക് മാറിത്താമസിക്കാവുന്ന രീതിയിൽ അതിവേഗത്തിലായിരുന്നു നിർമാണം. വെറും ആറുദിവസത്തെ ജോലികൾ മാത്രമാണ് പുതിയ വീട്ടിൽ അവശേഷിച്ചിരുന്നത്. പുതിയ വാഷിങ് മെഷീനും ഫ്രിഡ്ജുമടക്കം വീട്ടിൽ ഇറക്കിയിരുന്നു. വീട്ടിലേക്കുള്ള ഫർണിച്ചറായി ഒരു ഡൈനിങ് ടേബിൾമാത്രമാണ് പണിയാനുണ്ടായിരുന്നത്.പഴയ വീട്ടിൽനിന്ന് ഒന്നും എടുക്കുന്നില്ലെന്നും ബന്ധുക്കളോട് ഫൈസൽ പറഞ്ഞിരുന്നു. എന്നാൽ, അവിടേക്ക് കൂടുമാറുന്നതിന് മുമ്പാണ് ഹമീദിന്റെ ക്രൂരതയിൽ നാല് ജീവിതങ്ങൾ അവസാനിച്ചത്.
Adjust Story Font
16

