Quantcast

'തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ തലമുറ മാറ്റം വേണം'; ചെറിയാൻ ഫിലിപ്പ്

ഗ്രൂപ്പ് ശിങ്കിടികളെ പരിഗണിക്കുന്നതിന് പകരം ജനസമ്മതിയുള്ളവരെ ഭാരവാഹികൾ ആക്കണം

MediaOne Logo

Web Desk

  • Published:

    2 Aug 2025 12:17 PM IST

തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ തലമുറ മാറ്റം വേണം; ചെറിയാൻ ഫിലിപ്പ്
X

തിരുവനന്തപുരം: കോൺഗ്രസിൽ പുതു രക്തപ്രവാഹം നിലച്ചതാണ് സംഘടനാ ദൗർബല്യത്തിന് കാരണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. തെരഞ്ഞെടുപ്പുകളിൽ ജയിക്കണമെങ്കിൽ തലമുറ മാറ്റവും യുവജന മുന്നേറ്റവും അനിവാര്യം.ഗ്രൂപ്പ് ശിങ്കിടികളെ പരിഗണിക്കുന്നതിന് പകരം ജനസമ്മതിയുള്ളവരെ ഭാരവാഹികൾ ആക്കണം. പുനഃസംഘടനയിൽ എഐസിസി നിർദേശം പാലിക്കണം എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോൺഗ്രസിൻ്റെ എല്ലാ തലങ്ങളിലും 50 ശതമാനം സംഘടനാ സ്ഥാനങ്ങൾ 50 വയസ്സിന് താഴെയുള്ളവർക്ക് നൽകുമെന്ന 2023-ലെ റായ്പൂർ എഐസിസി പ്ലീനറി സമ്മേളന തീരുമാനം കെപിസിസി-ഡിസിസി പുനഃസംഘടനയിൽ കർശനമായി പ്രാവര്‍ത്തികമാക്കണം.

25 ശതമാനം സ്ഥാനങ്ങൾ വനിതകൾക്ക് നൽകുമെന്ന എഐസിസി നിബന്ധന പൂർണമായും പാലിക്കണം. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനവും വനിതാ സംവരണം നിയമമാക്കിയ സാഹചര്യത്തിൽ കോൺഗ്രസിൽ കെപിസിസിയിലും ഡിസിസികളിലും വനിതകൾക്ക് 25 ശതമാനമെങ്കിലും ഭാരവാഹിത്വം അനുവദിക്കേണ്ടത് സാമാന്യ നീതിയാണ്. ഡിസിസി പ്രസിഡന്‍റാകാൻ യോഗ്യതയുള്ള നിരവധി വനിതകൾ കോൺഗ്രസിലുണ്ട്.

പുതു രക്തപ്രവാഹം നിലച്ചതാണ് കോൺഗ്രസിലെ സംഘടനാ ദൗർബല്യത്തിന് മുഖ്യകാരണം. തദ്ദേശ,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ ഒരു തലമുറ മാറ്റവും യുവജന മുന്നേറ്റവും അനിവാര്യമാണ്.

പഴയ ഗ്രൂപ്പ് നേതാക്കളുടെ ശിങ്കിടികളെ പരിഗണിക്കുന്നതിനു പകരം പ്രവർത്തനക്ഷമത, ജനസമ്മതി, സ്വഭാവശുദ്ധി തുടങ്ങിയ ഗുണ വിശേഷങ്ങളുള്ളവരെയാണ് ഭാരവാഹികളായി നിശ്ചയിക്കേണ്ടത്. ദീർഘകാലമായി അധികാര സ്ഥാനങ്ങളിൽ തുടരുന്ന സ്ഥിരം മുഖങ്ങളെ ഒഴിവാക്കി രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള ഇതുവരെയും അവസരം ലഭിക്കാത്ത പുതുമുഖങ്ങളെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തണം.

TAGS :

Next Story