Quantcast

'ഫാഷിസത്തോടും നാസിസത്തോടും കമ്യൂണിസ്റ്റുകൾക്ക് ഒരു കാലത്തും എതിർപ്പുണ്ടായിരുന്നില്ല'; സ്റ്റാലിൻ-ഹിറ്റ്‌ലർ കരാർ ഓർമിപ്പിച്ച് മുഖ്യമന്ത്രി

1941ൽ ഹിറ്റ്‌ലർ മോസ്‌കോ ആക്രമിച്ചപ്പോഴാണ് സ്റ്റാലിൻ നിലപാട് മാറ്റിയത്. അപ്പോഴാണ് കേരളത്തിലെയും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരും നിലപാട് മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    4 Jun 2026 4:49 PM IST

ഫാഷിസത്തോടും നാസിസത്തോടും കമ്യൂണിസ്റ്റുകൾക്ക് ഒരു കാലത്തും എതിർപ്പുണ്ടായിരുന്നില്ല; സ്റ്റാലിൻ-ഹിറ്റ്‌ലർ കരാർ ഓർമിപ്പിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഫാഷിസം, നാസിസം പോലുള്ള പ്രത്യയശാസ്ത്രങ്ങളോട് ഒരു കാലത്തും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് എതിർപ്പുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. 1939ലെ സ്റ്റാലിൻ- ഹിറ്റ്‌ലർ കരാർ ചൂണ്ടിക്കാട്ടിയായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ പരാമർശം. രണ്ടാംലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും പിന്നീട് ബ്രിട്ടന്റെ കൂടെ കൂടിയതാണെന്നുമായിരുന്നു പ്രതിപക്ഷനേതാവായ പിണറായി വിജയൻ പറഞ്ഞത്.

എന്നാൽ ഹിറ്റ്‌ലർ മനുഷ്യരെ കൂട്ടക്കൊല നടത്തിയിരുന്ന കാലത്ത് 1939ൽ സ്റ്റാലിൻ- ഹിറ്റ്‌ലർ കരാർ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അന്ന് സ്റ്റാലിൻ പറയുന്നതാണ് കേരളത്തിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റുകാർ കേട്ടിരുന്നു. അതുകൊണ്ട് തന്നെ ഹിറ്റ്‌ലർ പറയുന്നതാണ് കമ്യൂണിസ്റ്റുകാർ കേട്ടിരുന്നത്. 1941ൽ ഹിറ്റ്‌ലർ മോസ്‌കോ ആക്രമിച്ചപ്പോഴാണ് സ്റ്റാലിൻ നിലപാട് മാറ്റിയത്. അപ്പോഴാണ് കേരളത്തിലെയും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരും നിലപാട് മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിർണായക സാഹചര്യത്തിലാണ് ഹിറ്റ്‌ലറുമായി സ്റ്റാലിൻ കരാർ ഒപ്പുവെച്ചതെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ വാദം. സോവിയറ്റ് യൂണിയൻ വന്നിട്ട് അധിക നാളുകളായിരുന്നില്ല. പെട്ടെന്ന് ഒരു ആക്രമണം ഉണ്ടായാൽ അത് വലിയ പ്രത്യാഘാതമുണ്ടാക്കും. അത് ഒഴിവാക്കാനുള്ള അടവുനയമായിരുന്നു ഹിറ്റ്‌ലറുമായുള്ള കരാർ. ആ അവസരം ഉപയോഗിച്ചാണ് സോവിയറ്റ് യൂണിയൻ ശക്തിപ്പെട്ടതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഈ വാദം മുഖ്യമന്ത്രി തള്ളി. സോവിയറ്റ് യൂണിയൻ 1917ൽ നിലവിൽ വന്നിട്ടുണ്ട്. ഹിറ്റ്‌ലറും സ്റ്റാലിനും ചെയ്തിരുന്നത് ഒരേ ജോലിയാണ്. ആളെ കൊല്ലുക എന്നതായിരുന്നു രണ്ടുപേരുടെയും ശൈലി. അതുകൊണ്ടാണ് ഇരുവരും ഒരുമിച്ചത്. സ്വന്തം പാർട്ടിക്കാർക്ക് പോലും സ്റ്റാലിനെ ഭയമായിരുന്നു. ഫാഷിസത്തിനും നാസിസത്തിനും എതിരെ സ്റ്റാലിന് ഒരു നിലപാടും ഉണ്ടായിരുന്നില്ല. എതിരാളികളെ മുഴുവൻ സൈബീരിയയിലേക്ക് നാടുകടത്തിയ ആളാണ് സ്റ്റാലിനെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story