Quantcast

നാലകത്ത് ഖാദി ഫൗണ്ടേഷൻ അവാർഡ് ജിഫ്രി തങ്ങൾക്ക് സമ്മാനിച്ചു

സമുദായത്തിനകത്തും പുറത്തും എല്ലാവരും ജിഫ്രി തങ്ങളെ ആദരവോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo
നാലകത്ത് ഖാദി ഫൗണ്ടേഷൻ അവാർഡ് ജിഫ്രി തങ്ങൾക്ക് സമ്മാനിച്ചു
X

കോഴിക്കോട്: നാലകത്ത് മുഹമ്മദ് കോയ ഖാദി ഫൗണ്ടേഷൻ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് സമ്മാനിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് പുരസ്‌കാരം സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരനൂറ്റാണ്ട് കാലം മിശ്കാൽ പള്ളി കേന്ദ്രീകരിച്ച് നീതിക്കും സാഹോദര്യത്തിനും വേണ്ടി പ്രവർത്തിച്ച മഹാപണ്ഡിതനായിരുന്നു നാലകത്ത് മുഹമ്മദ് കോയ ബാഖവി. സങ്കീർണമായ ഒരു സാഹചര്യത്തിലാണ് അദ്ദേഹം നേതൃസ്ഥാനത്തേക്ക് വരുന്നത്. ആ പാരമ്പര്യത്തോട് എല്ലാ അർഥത്തിലും ചേർത്തുവെക്കാവുന്ന പേരാണ് ജിഫ്രി തങ്ങളുടേത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ ശക്തികൾ സംഘടിതമായി അശാന്തി പടർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തെളിമയോടെ നിലപാടുകൾ ഉയർത്തിപ്പിടിച്ച് സാഹോദര്യത്തിനായി നിലകൊള്ളാൻ തങ്ങൾക്ക് കഴിഞ്ഞു. മത രാഷ്ട്രീയ സാമുദായിക രംഗങ്ങളിലെല്ലാം എല്ലാവരും അദ്ദേഹത്തിന്റെ വാക്കിന് വിലകൽപ്പിക്കുന്നവരാണ്. സമുദായത്തിനകത്തും പുറത്തും എല്ലാവരും അദ്ദേഹത്തെ ആദരവോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമേരിക്കൻ സാമ്രാജ്യത്വവും ഇസ്രായേലും അന്താരാഷ്ട്ര മര്യാദകൾ മുഴുവൻ ലംഘിച്ചുകൊണ്ട് നടത്തുന്ന ആക്രമണങ്ങൾ ലക്ഷക്കണക്കിന് മനുഷ്യരുടെ ഉള്ളിലാണ് തീ പടർത്തുന്നത്. കടുത്ത അനീതി നടമാടുകയാണ്. ഒമാന്റെ നേതൃത്വത്തിൽ മധ്യസ്ഥ സംഭാഷണങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് ഇറാനെ ആക്രമിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ സമ്പന്നമായ മൂന്നു രാജ്യങ്ങൾ വെനസ്വേലയും ഇറാനും സൗദി അറേബ്യയുമാണ്. നമ്മുടെ രാജ്യം സ്വതന്ത്ര നിലപാടുകൾ ഉണ്ടായിരുന്ന രാജ്യമായിരുന്നു. എന്നാൽ ഇപ്പോൾ നെതന്യാഹുവിനെ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story