Quantcast

"കുഞ്ഞുങ്ങളെ വെയിലും മഴയും കൊള്ളാതെ വളർത്തുമ്പോൾ ചുരുങ്ങുന്നത് അവരുടെ ലോകമാണ്"; ഹേമന്ദ് രാജ് എഴുതുന്നു

"തനിയെ ഒരു ബസിൽ കയറി മറ്റൊരിടത്തിറങ്ങാൻ മക്കൾക്ക് അറിയില്ല എന്ന് പറയുന്ന ഒരുപാട് മാതാപിതാക്കളുണ്ട്. അവരുടെ ലോകം ചുരുക്കുമ്പോൾ നമ്മൾ തടയുന്നത് അവരുടെ ഉള്ളിലുള്ള പോരാളിയെ ആണ്"

MediaOne Logo

Web Desk

  • Published:

    11 Jun 2023 3:02 PM GMT

hemand raj
X

ഇന്നത്തെ കാലത്ത് ഓരോ കുട്ടികളെയും മാതാപിതാക്കൾ വളർത്തുന്നത് ചിറകിന്റെ കീഴിൽ തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. കാലിൽ ഒരു മുള്ളുപോലും കൊള്ളാതെയാണ് കുഞ്ഞുങ്ങളെ രക്ഷിതാക്കൾ നോക്കുന്നത്. എന്നാൽ, ഈ വളർത്തുരീതി കുഞ്ഞുങ്ങളുടെ കാര്യപ്രാപ്തിയെ തന്നെ ദോഷകരമായി ബാധിക്കുമെന്നാണ് കേണൽ ഹേമന്ദ് രാജ് പറയുന്നത്. ആമസോൺ മഴക്കാടിനുള്ളിൽ അകപ്പെട്ട് 40 ദിവസത്തോളം അതിജീവനം നടത്തിയ കൊളംബിയയിലെ നാലുകുഞ്ഞുങ്ങളുടെ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സ്വന്തമായി ഒരു കുഞ്ഞു പ്രശ്നത്തെപോലും നേരിടാനാവാതെ തകർന്നുപോകുന്നവരാണ് നമ്മുടെ മക്കൾ അധികവുമെന്ന് ഹേമന്ദ് ചൂണ്ടിക്കാട്ടുന്നു. മഴയത്തും വെയിലത്തും വാടാതെ പുറത്തിറങ്ങി കളിക്കാതെ നമ്മുടെ കണ്മുന്നിൽ വളരെ സെയിഫ് ആയി നമ്മുടെ കുഞ്ഞുങ്ങൾ വളരുമ്പോൾ ... അവരുടെ ലോകം ചുരുക്കുമ്പോൾ നമ്മൾ തടയുന്നത് അവരുടെ ഉള്ളിലുള്ള പോരാളിയെ ആണ് എന്ന് നമ്മൾ അറിയാതെ പോകുകയാണ്.. ഹേമന്ദ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

"55 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ആമസോൺ മഴക്കാടുകൾ നമുക്ക് പലപ്പോഴും അതിശയവും അദ്‌ഭുദവും ചിലപ്പോഴൊക്കെ ഭയവുമാണ്. ചീങ്കണ്ണി, ജാഗ്വാർ, പൂമ, അനാക്കൊണ്ട തുടങ്ങിയ വന്യജീവികളും വൈദ്യുത ഷോക്ക് അടിപ്പിക്കാൻ കഴിവുള്ള ഇലക്ട്രിക് ഈലുകളും മനുഷ്യനെ കടിച്ച് കൊല്ലാനും തിന്നാനും കഴിവുള്ള പിരാനകളും പേവിഷം പരത്താൻ കഴിവുള്ള വവ്വാലുകളും എന്നൊക്കെയാണ് ആമസോൺ കാടുകളെ കുറിച്ചുള്ള ഡോകളുമെന്ററികളോ വാർത്തകളോ വിക്കിപീഡിയയോ ഒക്കെ തിരഞ്ഞാൽ കിട്ടുക.ആ കൊടിയ വനത്തിൽ നിന്നും 13 വയസുള്ള ഒരു പെൺകുട്ടിയും ,പത്തിൽ താഴെ മാത്രം പ്രായമുള്ള മൂന്നു സഹോദരങ്ങളും 39 ദിവസമായി രക്ഷപെടണമെന്ന ഇച്ഛാശക്തിയിൽ ജീവിതത്തിലേക്ക് നടന്നു കയറി എന്നത് ഐതിഹാസികമായ അതീജീവനത്തിന്റെ ദിവസമായി തന്നെ കാണണം.അത് ചരിത്രമാണ്.

കൊളംബിയയിലെ ആമസോൺ കാട്ടിൽ Cessna 206 എന്ന ചെറുവിമാനം തകർന്ന് വീണത് മെയ് ഒന്നിനാണ്. റഡാറിൽ നിന്ന് കാണാതായ വിമാനത്തെത്തേടിയെത്തിയവർ കണ്ടത് യാത്രികരായിരുന്ന 4 കുട്ടികളുടെ അമ്മയുടേയും പൈലറ്റിന്റേയും സഹപൈലറ്റിന്റെയും മൃതദേഹങ്ങളാണ്.അതും പത്ത് ദിവസങ്ങൾക്ക് ശേഷം .അപകടസ്ഥലത്തെത്തിയ രക്ഷ പ്രവര്ത്തകര്ക്ക് കുഞ്ഞുങ്ങളുടെ ഒരു വിവരവും അറിയാൻ കഴിഞ്ഞില്ല .രക്ഷപെടുന്നതിന്റെ ശ്രമഫലമായി കുഞ്ഞുങ്ങൾ കാടിനുള്ളിലേക്ക് കയറിയിട്ടുണ്ടാകാം എന്നതിന്റെ സൂചനകൾ മാത്രം ലഭിച്ചു .കുഞ്ഞു കാൽപാദങ്ങളുടെ പാടുകൾ ,കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ,പാൽക്കുപ്പി,ഡയപ്പർ ,വെള്ളകുപ്പികൾ തുടങ്ങി.... .അന്വേഷണ ഉദ്യോഗസ്ഥരുടെയും രക്ഷ പ്രവർത്തകരുടേയുമൊക്കെ ഭാഷയിൽ പറഞ്ഞാൽ TELLTALE SIGNSന്റെ ബലത്തിലാണ് കൊളംബിയൻ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നത്.പത്തുദിവസമായി കുഞ്ഞുങ്ങൾ ഏതു ദിശയിലേക്ക് യാത്ര ചെയ്യുന്നു എന്നൊന്നും മനസിലാക്കാൻ കഴിയുമായിരുന്നില്ല.ലഭിച്ച സൂചനകളിൽ നിന്നും രക്ഷ പ്രവർത്തനം തുടങ്ങുകയായിരുന്നു .തിരച്ചിലിനായി പരീശിലനം ലഭിച്ച നായ്ക്കളുടെ സഹായവും രക്ഷാപ്രവര്‍ത്തകർ ഉപയോഗിച്ചിരുന്നു.കൊളംബിയൻ സൈന്യത്തിന്റെയും വ്യോമസേനയുടെയും വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ആമസോൺന്റെ ഇരുട്ടിലേക്ക് കുഞ്ഞുങ്ങളെ തേടിപ്പോയത് സൈനികരും കുട്ടികളുടെ ഗോത്രവിഭാഗത്തിലെ തന്നെ തദ്ദേശീയവാസികളും ആണ്.ഏകദേശം 150 പേർ..ഒരു മാസത്തോളമുള്ള ശ്രമം.... തുടക്കത്തിൽ അന്വേഷണം പലപ്പോഴും ഫലം കണ്ടില്ല.ലോകത്തിലെ തന്നെ ഏറ്റവും വലിയ മഴക്കാടിന്റെ ഏതോ കോണിൽ ആ കുട്ടികൾ വഴി തേടി നടന്നുകൊണ്ടേ ഇരുന്നിരിക്കാം.പക്ഷെ മഴയും ഇരുട്ടുമൊക്കെ രക്ഷാപ്രവർത്തനത്തിന് പലപ്പോഴും തടസമായിട്ടുണ്ടെന്ന് വാർത്തകൾ വന്നുകൊണ്ടിരുന്നു..

കേൾക്കുമ്പോൾ ഒരു അവിശ്വസനീയമായ കഥയും ക്ളൈമാക്‌സും പോലെ തോന്നും ഈ നാല്പത് ദിവസങ്ങൾ.കാടുകളുടെ കഥകൾ പരിചയമുള്ള ആ പതിമൂന്ന് വയസുകാരിയാണ് ഈ സർവൈവൽ സ്റ്റോറിയിലെ ഏറ്റവും വലിയ സസ്‌പെൻസും ക്ളൈമാക്‌സും.വിഷജന്തുക്കളും മൃഗങ്ങളും വേട്ടക്കാരുമൊക്കെയുള്ള ഒരു കൊടും വനത്തിൽ ഒരു കൈക്കുഞ്ഞിനെയും പത്ത് വയസിൽ താഴെയുള്ള രണ്ടു കുഞ്ഞ് സഹോദരങ്ങളെയും സംരക്ഷിച്ച് നിർത്തിയ ധൈര്യം ആ പെണ്കുട്ടിയുടേതാകും. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും .എങ്കിലും,രാത്രിയും പകലും ആ വനാന്തരങ്ങളിൽ ഇളയകുഞ്ഞുങ്ങൾക്ക് ധൈര്യം പകർന്ന്, രക്ഷപ്പെടണം എന്ന ലക്‌ഷ്യം പകർന്ന് അവൾ നടത്തിയ പോരാട്ടമാണ് ഇന്നത്തെ ദിവസത്തെ ചരിത്രദിനമാക്കി മാറ്റുന്നത്.

നമ്മൾ കഥകളിൽ വായിച്ചറിയുന്ന തണലും തണുപ്പും നൽകുന്ന,കിളികൾ കളകളാരവം പൊഴിക്കുന്ന അരുവികൾ ഒഴുകുന്ന ഒരിടമായി കാടിനെ കരുതരുത്.എപ്പോഴും അപകടങ്ങൾ പതിയിരിക്കും.കരിയിലകൾ ചുള്ളിക്കമ്പുകൾ കുഴികൾ,ഇഴജന്തുക്കൾ,മൃഗങ്ങൾ ഇവയെയൊക്കെ കാടിന്റെ ഇരുട്ടിൽ അതിജീവിക്കുക എന്നത് നിരന്തരമായി പോരാടാൻ കെൽപ്പുള്ളവർക്ക് മാത്രമേ കഴിയു.ഒരിക്കലും ദിക്കോ ദിശയോ മനസിലാക്കുക എന്നത് കാട്ടിനുള്ളിൽ പ്രയാസമാണ്.വെള്ളം കുടിക്കാൻ കിട്ടാതെ വന്നാൽ നിർജലീകരണം സംഭവിക്കാം.ഈ ചെറുപ്രായത്തിൽ ആ പതിമൂന്നുകാരി നേരിട്ടത് ഇതിനെയെല്ലാം ആണ്.ഇവിടെ ഭാഗ്യമെന്നോ ,അത്ഭുദമെന്നോ കാടിന്റെ അനുഗ്രഹമെന്നോ പറയുന്നതിന് പകരം അവളുടെ കാടിനെ കുറിച്ചുള്ള അറിവും ലീഡർഷിപ് ക്വാളിറ്റിയുമാണ് രക്ഷിച്ചത് എന്ന് ഒറ്റ വരിയിൽ പറയാം.ഒപ്പം രക്ഷ പ്രവർത്തകരുടെ വിവിധ ശ്രമങ്ങളും.

ഹുയിറ്റൊട്ടോ ഗോത്രക്കാരായ കുട്ടികള്‍ക്ക് കാട് പരിചിതമായതിനാല്‍ അതിജീവിക്കുമെന്ന് വിദഗ്ധര്‍ തുടക്കത്തിൽ തന്നെ അഭിപ്രായപ്പെട്ടിരുന്നു.മൂത്ത കുട്ടിക്ക് ആമസോൺ കാടുകളിൽ ഉള്ള പഴവർഗ്ഗങ്ങളിൽ ഏതൊക്കെ വിഷരഹിതമാണ് എന്ന് അറിവുണ്ടായിരുന്നു.ഒരു വയസിൽ താഴെയുള്ള കുഞ്ഞിനേയും ഏന്തി ഒമ്പതും നാലും വയസ്സുള്ള കൂടപ്പിറപ്പുകൾക്കൊപ്പം പഴങ്ങൾ കഴിച്ചും മഴവെള്ളം കുടിച്ചും കഴിഞ്ഞുകൂടിയപ്പോൾ കഴിക്കാൻ സാധ്യതയുള്ള പഴങ്ങളും ഭക്ഷണ സാധനങ്ങളും സൈന്യം ഹെലികോപ്റ്ററിൽ കാട്ടിനുള്ളിൽ വിതറി.മുത്തശിയുടെ ശബ്ദം റെക്കോഡ് ചെയ്ത് കാടിനുള്ളിലേക്ക് കേൾപ്പിച്ചു."വിഷമിക്കരുത് ഞങ്ങൾ നിങ്ങളുടെ തൊട്ടടുത്ത് തന്നെയുണ്ടെന്ന്".മനോധൈര്യം പകരുക എന്നതായിരുന്നു രക്ഷാപ്രവർത്തകരുടെ ലക്‌ഷ്യം.ശബ്ദം കേട്ടില്ലങ്കിലോ എന്ന് കരുതി ഹെലികോപ്റ്ററിൽ നിന്നും ഭക്ഷണം മാത്രമല്ല ഞങ്ങൾ കൂടെയുണ്ടെന്നും പുറത്തേയ്ക്ക് വരാനുള്ള റൂട്ട് മാപ്പും സന്ദേശമായി വിതറി.കാടിന്റെ ഏതോ കോണിൽ ആ കുഞ്ഞുങ്ങൾക്ക് ആശ്വസമേകനുള്ളതെല്ലാം രക്ഷാപ്രവർത്തകരും ചെയ്തുകൊണ്ടിരുന്നു .ഒടുവിൽ ജീവനോടെ അത്ര വലിയ പരുക്കുകളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാതെ കുഞ്ഞുങ്ങളെ കണ്ടെത്തി എന്ന വാർത്ത ഇന്ന് നമ്മളെ തേടി എത്തി.ഈ രക്ഷാപ്രവർത്തനത്തിന്റെ വിജയം ലോകം ഒന്നാകെ ആഘോഷിക്കുന്നു.

കുട്ടികൾക്ക് ഇച്ഛാശക്തിയും ധൈര്യവും കാര്യപ്രാപ്തിയും ഉണ്ടാവണം എന്നതിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഇന്ന് നമ്മൾ പങ്ക് വെക്കുന്ന ഈ സന്തോഷം .സ്വന്തമായി ഒരു കുഞ്ഞു പ്രശ്നത്തെപോലും നേരിടാനാവാതെ തകർന്നുപോകുന്നവരാണ് നമ്മുടെ മക്കൾ അധികവും.മഴയത്തും വെയിലത്തും വാടാതെ പുറത്തിറങ്ങി കളിക്കാതെ നമ്മുടെ കണ്മുന്നിൽ വളരെ സെയിഫ് ആയി നമ്മുടെ കുഞ്ഞുങ്ങൾ വളരുമ്പോൾ ... അവരുടെ ലോകം ചുരുക്കുമ്പോൾ നമ്മൾ തടയുന്നത് അവരുടെ ഉള്ളിലുള്ള പോരാളിയെ ആണ് എന്ന് നമ്മൾ അറിയാതെ പോകുകയാണ്.കുട്ടികൾ നാളെ മുതൽ ആമസോൺ കാടുകളിലൂടെ നടക്കണം എന്നല്ല ഒരു പ്രതിസന്ധിയെ നേരിടാൻ കുട്ടികളെ നമ്മൾ പ്രാപ്തരാക്കുന്നുണ്ടോ എന്നതാണ് ആലോചിക്കേണ്ടത്.

തനിയെ ഒരു ബസിൽ കയറി മറ്റൊരിടത്തിറങ്ങാൻ അവന് അല്ലെങ്കിൽ അവൾക്ക് അറിയില്ല എന്ന് പറയുന്ന ഒരുപാട് മാതാപിതാക്കളെ ഞാൻ കണ്ടിട്ടുണ്ട്.ഒരു സ്ഥലത്തു ഒന്ന് ഒറ്റപ്പെട്ടുപോയാൽ ,വഴിതെറ്റിയാൽ ,കറന്റ് പോയാൽ ഒക്കെ എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരുപാട് കുഞ്ഞുങ്ങൾ നമുക്കിടയിൽ ഉണ്ട് .ഒരിക്കൽ വീട്ടിൽ വെള്ളം തീർന്നപ്പോൾ എന്ത് ചെയ്യണമെന്ന് ഗൾഫിൽ ഉള്ള അച്ഛനെ വിളിച്ചു ചോദിച്ചത് എന്റെ സുഹൃത്തിന്റെ പതിനാല് വയസുള്ള മകൻ ആണ്.ആമസോൺ കാടുകളിൽ പത്ത് വയസിൽ താഴെയുള്ള 3 കുഞ്ഞുങ്ങളെ നയിച്ച ആ പെണ്കുട്ടിയെക്കുറിച്ച് മുത്തശി പറഞ്ഞത് നമ്മൾ കേട്ടതാണ് . 'അമ്മ ജോലി ചെയ്യുമ്പോൾ ഇളയ കുഞ്ഞുങ്ങളെ നോക്കിയിരുന്നത് അവളാണ്.അവൾ അവരെ നോക്കിക്കൊള്ളും. ഏതൊക്കെ പഴങ്ങൾ കഴിക്കാം കഴിക്കരുത് എന്ന് അവൾക്കറിയാം ...." .

സത്യത്തിൽ ആ അറിവ് തന്നെയാണ് അവളെ നയിച്ചതും.എല്ലാം നൽകി കുറവുകളില്ലാതെ കുഞ്ഞുങ്ങളെ വളർത്താൻ നമ്മൾ ആഗ്രഹിക്കും .എന്നാൽ സ്വന്തമായി ചെയ്യേണ്ട അറിയേണ്ട കാര്യങ്ങൾ കൂടി അവരെ ശീലിപ്പിക്കണം.അപകട ഘട്ടങ്ങൾ ഉണ്ടായാൽ സ്വയം രക്ഷയ്ക്കായി ചെയ്യേണ്ട കാര്യങ്ങൾ വീടുകളിലും സ്‌കൂളുകളിൽ നിന്നും കുഞ്ഞുങ്ങൾക്ക് ലഭിക്കണം.പല സ്ഥലങ്ങളിലെ ക്യാമ്പുകൾ അവർ അറ്റൻഡ് ചെയ്യണം ..നമ്മുടെ നാട്ടിൽ അട്ടപ്പാടി എന്നൊരു സ്ഥലമുണ്ട് എന്നും അവിടെ ഗോത്രവർഗക്കാർ അവരുടെ രീതിയിൽ ജീവിക്കുന്നു എന്നും എത്ര കുട്ടികൾക്ക് അറിയാം.കേരളത്തിലെ മലമ്പ്രദേശങ്ങളെ കുറിച്ചോ കാടുകളെ കുറിച്ചോ എന്തിന് തൊട്ടടുത്തുള്ള സ്ഥലങ്ങൾ ഏതെന്നു പോലും അവർ മനസിലാക്കിയിട്ടുണ്ടാവില്ല .

കുട്ടികൾ സ്പോർസ് ശീലിക്കണമെന്നു ഞാൻ എപ്പോഴും പറയാറുണ്ട്. സ്പോർട്സ് ശീലിക്കുന്ന കുഞ്ഞുങ്ങൾക്ക് പലപ്പോഴും പ്രയത്നിക്കാനുള്ള മാനസിക നില ഉണ്ടാകും എന്നറിയാവുന്നത്കൊണ്ടാണ് അങ്ങനെ പറയുന്നത് .നിരന്തരം പോരാടുക എന്ന തിയറി ആണ് ആ പെൺകുട്ടി 39 ദിവസങ്ങളായി ചെയ്തത്.പല രക്ഷ പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യവും ഇതാണ് .അവിടെ എത്തും വരെ അവർ ധൈര്യത്തോടെ ,ജീവനോടെ പൊരുതണം എന്നത്.ഞാൻ അവസാനമായി കേരളത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ കുറുമ്പാച്ചിമലയിൽ ബാബുവിൽ കണ്ട കാര്യവും അതുതന്നെയായിരുന്നു.

കുഞ്ഞുങ്ങളെ ഏത് പ്രതിസന്ധി ഘട്ടത്തിലും അതിജീവിക്കാൻ പ്രാപ്തരാക്കുക.ലോകത്തിന് മുഴുവൻ സന്തോഷം ചൊരിഞ്ഞ ഓപ്പറേഷൻ ഹോപ്പ് എന്ന ഈ രക്ഷാപ്രവർത്തനം ലോകത്തോട് വിളിച്ചു പറയുന്നതും അത് തന്നെയാണ്.ഹോപ്പ് എന്ന മനോഹരമായ വാക്കിനെ ചേർത്ത് നിർത്തൂ.അവസാനം വരെ"

പാലക്കാട് ചെറാട് മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ദൗത്യ സംഘത്തിന്റെ തലവൻ കൂടിയായിരുന്നു കേണൽ ഹേമന്ദ് രാജ്.

TAGS :

Next Story