Quantcast

ചിറയൻകീഴിലെ കയ്യാങ്കളി: അന്വേഷണം നടത്താൻ കെപിസിസി; ചുമതല എം.എം ഹസന്

കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    5 Sept 2026 5:08 PM IST

ചിറയൻകീഴിലെ കയ്യാങ്കളി: അന്വേഷണം നടത്താൻ കെപിസിസി; ചുമതല എം.എം ഹസന്
X

കോഴിക്കോട്: ചിറയൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും മറ്റ് കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ വാഗ്വാദത്തിലും പരസ്യമായ തമ്മിലടിയിലും അന്വേഷണം നടത്താൻ മുതിർന്ന നേതാവ് എം.എം ഹസനെ കെപിസിസി ചുമതലപ്പെടുത്തി. വിഷയത്തിന്റെ ഗൗരവം പൂർണമായും ഉൾക്കൊള്ളുന്നുണ്ടെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.

പാർട്ടിയിൽ പാലിക്കേണ്ട യാതൊരുവിധ സംഘടനാ മര്യാദകളും ഈ വിഷയത്തിൽ പാലിക്കപ്പെട്ടിട്ടില്ലെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ചിറയൻകീഴിൽ ഇരുവിഭാഗങ്ങളും പരസ്യമായി ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കെപിസിസിയുടെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്. രമ്യ ഹരിദാസും മറ്റ് കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ തർക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ താൻ ഇന്ന് രാവിലെയാണ് അറിഞ്ഞതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിവാദമായ ഈ സാഹചര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് എം.എം ഹസനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ഐഐഎമ്മിൽ നടക്കുന്ന പരിശീലന പരിപാടിക്കിടെയായിരുന്നു നേതാക്കൾ തമ്മിലുള്ള കൂടിയാലോചനകൾ നടന്നത്. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാണ് അന്വേഷണച്ചുമതല എം.എം ഹസന് നൽകാൻ തീരുമാനിച്ചതെന്ന് സണ്ണി ജോസഫ് വിശദീകരിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക്, പാർട്ടി അച്ചടക്കം ലംഘിച്ചവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story