Quantcast

ശരീര സൗന്ദര്യ മത്സര വിജയികളുടെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം; വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ട് ചിത്തരേഷ് നടേശന്‍

ഷിനു ചൊവ്വ മെഡിക്കല്‍ പരിശോധനയില്‍ വിജയിച്ചു

MediaOne Logo

Web Desk

  • Published:

    11 April 2026 12:13 PM IST

ശരീര സൗന്ദര്യ മത്സര വിജയികളുടെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം; വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ട് ചിത്തരേഷ് നടേശന്‍
X

തിരുവനന്തപുരം: ശരീര സൗന്ദര്യ മത്സരത്തിലെ വിജയികളുടെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനായുള്ള വൈദ്യപരിശോധനയില്‍ പരാജയപ്പെട്ട് ചിത്തരേഷ് നടേശന്‍. ചിത്തരേഷിന്റേത് പരന്ന പാദങ്ങളെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാജയപ്പെട്ടത്. ഷിനു ചൊവ്വ മെഡിക്കല്‍ പരിശോധനയില്‍ വിജയിച്ചു. ഇരുവരെയും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമിക്കാനുള്ള തീരുമാനം വലിയ വിവാദമായിരുന്നു. സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരും.

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പൊലീസില്‍ എത്താനുളള കായികക്ഷമത പരിശോധനയില്‍ ഷിനു ചൊവ്വ നേരത്തെ പരാജയപ്പെട്ടതാണ്. എന്നാല്‍ തോല്‍ക്കാന്‍ ഷിനുവോ തോല്‍പ്പിക്കാന്‍ സര്‍ക്കാരോ തയ്യാറായിരുന്നില്ല. അതിനാലാണ് ഷിനുവിനും ചിത്തരേഷിനും വീണ്ടും കായികക്ഷമത പരീക്ഷയ്ക്ക് വീണ്ടും അവസരം ഒരുക്കിനൽകിയത്. ഒരിക്കല്‍ പരാജയപ്പെട്ടെങ്കിലും ഒരവസരം കൂടി നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ ഉത്തരവിറക്കിയിരുന്നത്.

ശരീരസൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്ത വിജയിച്ചിട്ടുള്ളവരെ സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് നിയമിക്കാറില്ല. ചിത്തരേഷിനെയും ഷിനുവിനെയും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പൊലീസില്‍ നിയമിക്കുന്നതിനെ മുന്‍ സംസ്ഥാന പൊലീസ് മേധാവി ശക്തമായ എതിര്‍ത്തിരുന്നു. ഇതിനെ മറികടന്നായിരുന്നു അന്ന് ഇരുവരെയും പൊലീസിലേക്ക് കൊണ്ടുവരാനുള്ള നീക്കം. കണ്ണൂരിലെ സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് ഷിനുവും ചിത്തരേഷും. ഈ അടുപ്പമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് വിമര്‍ശനം ഉയരുന്നത്.

TAGS :

Next Story