Quantcast

'വകുപ്പിനെ കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ട് പോകണം': വൈദ്യുതി മന്ത്രിക്കെതിരെ സി.ഐ.ടി.യു

'ചിറ്റൂര്‍ ഒഴികെ മറ്റെല്ലായിടത്തും കൊതുമ്പിന് കീഴെയാണ് കൊച്ചങ്ങ, പക്ഷെ അവിടെ മാത്രം മുകളിലാണോ കൊച്ചങ്ങയെന്ന് സംശയമുണ്ട്'

MediaOne Logo

Web Desk

  • Updated:

    2022-04-12 08:26:55.0

Published:

12 April 2022 8:21 AM GMT

വകുപ്പിനെ കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ട് പോകണം: വൈദ്യുതി മന്ത്രിക്കെതിരെ സി.ഐ.ടി.യു
X

തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ വിമർശിച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ. വകുപ്പിനെ കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ട് പോകണം. പാലക്കാട് ചിറ്റൂരിൽ കൊതുമ്പിന് മുകളിൽ കൊച്ചങ്ങ വളരുകയാണെന്നും സുനിൽ കുമാർ പരിഹസിച്ചു.

"വകുപ്പ് മന്ത്രിയോട് ചോദിച്ചപ്പോള്‍ അറിഞ്ഞില്ലെന്ന്. വകുപ്പില്‍ നടക്കുന്നതൊന്നും അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് അവിടെ ഇരിക്കുന്നത്? അറിയാത്ത മന്ത്രി എന്തിനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്? മന്ത്രി അറിയാതെ കാര്യങ്ങള്‍ ചെയ്യുന്ന ചെയര്‍മാനെ എന്തിനാ വെച്ചിരിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് എല്ലാം കേരളത്തോട് ഉത്തരം പറയേണ്ടി വരുമെന്നതിന് ഒരു സംശയവും വേണ്ട. നോട്ടീസ് ഇറക്കി അത് മുന്നോട്ട് വെക്കുന്ന നിലപാടുകള്‍ മീഡിയയോട് വിശദീകരിച്ചു എന്ന കാരണം പറഞ്ഞ് എംജി സുരേഷിനേയും ഹരികുമാറിനേയും സസ്‌പെന്‍ഡ് ചെയ്ത ഈ എംഡി മന്ത്രിയുടെ അനുമതിയോടെയാണോ മീഡിയക്ക് മുന്നില്‍ പുലഭ്യം പറഞ്ഞത്? സര്‍ക്കാരിന്റെ അനുമതിയോടെയാണോ മീഡിയയ്ക്ക് മുന്നില്‍ സ്ത്രീത്വത്തെ അപമാനിച്ചത്? ഇത്തരം പ്രഖ്യാപനങ്ങള്‍ ഇവിടുത്തെ മന്ത്രിയുടെ അറിവോടെയല്ലായെങ്കില്‍ ഈ സിഎംഡിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ആര്‍ജവം കേരളത്തിന്റെ വൈദ്യുതി മന്ത്രി കാണിക്കണം. അതാണ് ഞാന്‍ പറഞ്ഞത് ചിറ്റൂര്‍ ഒഴികെ മറ്റെല്ലായിടത്തും കൊതുമ്പിന് കീഴെയാണ് കൊച്ചങ്ങ, പക്ഷെ അവിടെ മാത്രം മുകളിലാണോ കൊച്ചങ്ങയെന്ന് സംശയമുണ്ടെന്ന് പറഞ്ഞത്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു സംശയമുണ്ട്. ആരാണ് മന്ത്രി, ആരാണ് ചെയര്‍മാന്‍ എന്ന്".

എന്നാൽ പരാമർശം വിവാദമായതോടെ വകുപ്പിനെ കുറിച്ച് മന്ത്രിക്ക് അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സുനിൽ കുമാർ വിശദീകരിച്ചു. ചെയർമാൻ മന്ത്രിക്ക് കീഴിലാകണം എന്ന് ഓർമിപ്പിക്കാനാണ് കൊച്ചങ്ങ പരാമർശം നടത്തിയതെന്നും സുനിൽ കുമാർ പ്രതികരിച്ചു.

കെ.എസ്.ഇ.ബി ചെയർമാനും ഇടത് സംഘടനകളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ സർക്കാർ തലത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി രാവിലെ വ്യക്തമാക്കുകയുണ്ടായി. മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തേണ്ട, ബോർഡ് തലത്തിൽ ചർച്ച നടത്തിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ചെയർമാൻ ബി അശോകുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാൻ ബോർഡ് തയ്യാറായാൽ ചർച്ചക്ക് തയ്യാറാണെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചു

കെ.എസ്.ഇ.ബിയിലെ പ്രശ്നപരിഹാരം ബോർഡ് തലത്തിൽ മതിയെന്നാണ് സർക്കാർ തീരുമാനം. ചട്ടമനുസരിച്ച് കെ.എസ്.ഇ.ബിയിലെ പ്രശ്നം പരിഹരിക്കേണ്ടത് ചെയർമാനാണ്. ചെയർമാന്‍ കഴിഞ്ഞില്ലെങ്കിൽ മന്ത്രി ഇടപെടുമെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പ്രതികരിച്ചു. സമരം തുടരുന്നുണ്ടെങ്കിലും ഓഫീസേഴ്സ് അസോസിയേഷൻ ചർച്ചക്ക് സന്നദ്ധത അറിയിച്ചു. സമരം സമവായത്തിലെത്താനാണ് സാധ്യത.

TAGS :

Next Story