സി.കെ ജാനു യുഡിഎഫിലേക്ക്?; ചർച്ച നടന്നെന്നും തീരുമാനം പിന്നീടെന്നും ജാനു
എതിർപ്പിനെ തുടർന്ന് കഴിഞ്ഞ യുഡിഎഫ് യോഗം വിഷയത്തിൽ തീരുമാനമെടുത്തില്ല

photo| mediaone
തിരുവനന്തപുരം: യുഡിഎഫ് പ്രവേശന സാധ്യത സജീവമാക്കി ആദിവാസി നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയുമായ സി.കെ ജാനു.മുന്നണി എന്ന നിലയിൽ യുഡിഎഫുമായി ചർച്ച നടന്നെന്നും തീരുമാനം പിന്നീട് അറിയിക്കാമെന്നും സി.കെ ജാനു പറഞ്ഞു. എന്നാല്‍ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്നാണ് യുഡിഫിലെ ഒരുവിഭാഗത്തിന്റെ അഭിപ്രായം. എതിർപ്പിനെ തുടർന്ന് കഴിഞ്ഞ യുഡിഎഫ് യോഗം വിഷയത്തിൽ തീരുമാനമെടുത്തില്ല.
അടുത്തിടെയാണ് പിന്തുണ ലഭിക്കുന്നില്ലെന്നാരോപിച്ച് ജെആര്‍പി എന്‍ഡിഎ മുന്നണി വിട്ടത്. 2016 മുതല്‍ കൂടെ നിന്നിട്ടും എന്‍ഡിഎ മുന്നണി മര്യാദ പാലിച്ചില്ലെന്നായിരുന്നു സി.കെ ജാനു ഇതിനെക്കുറിച്ച് പ്രതികരിച്ചത്. 'ഇത്രയും വര്‍ഷം കൂടെ നിന്നിട്ടും അവരൊന്നും ചെയ്തിട്ടില്ല. ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്വയംഭരണം, ബോർഡ്-കോർപ്പറേഷൻ പ്രാതിനിധ്യം ,രാജ്യസഭാ സീറ്റ് തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും സി.കെ ജാനു മീഡിയവണിനോട് പറഞ്ഞു. ഇനി ചര്‍ച്ച ചെയ്തിട്ട് എന്തേലും നടക്കുമെന്ന വിശ്വാസമില്ലെന്നും' ജാനു വ്യക്തമാക്കിയിരുന്നു.
ബിഡിജെഎസിനു ലഭിക്കുന്ന പരിഗണനന ജെആര്‍പിക്ക് ലഭിക്കുന്നില്ല. കേന്ദ്ര സർക്കാരിന് കീഴിലുള്ള ബോർഡുകളിൽ പ്രാതിനിധ്യമില്ല.പിന്നെന്തിനാണ് രാജ്യത്ത് അധഃസ്ഥിത വിഭാഗങ്ങൾക്ക് നേരെ ആക്രമണം അഴിച്ചു വിടുന്ന ബിജെപിക്കൊപ്പം നിൽക്കുന്നതെന്നാണ് ജെആര്‍പി നേതാക്കൾ ചോദിക്കുന്നത്.
എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിയുമായി സഹകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ ജാനു പറഞ്ഞിരുന്നത്. തൽക്കാലം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഒറ്റയ്ക്ക് മൽസരിക്കും.യുഡിഎഫിനോടോ എല്‍ഡിഎഫിനോടോ സഹകരിക്കുന്ന കാര്യം ആലോചനയിലില്ലെന്നും ഒറ്റക്ക് നിന്ന് പാര്‍ട്ടി ശക്തിപ്പെടുത്തുമെന്നും സി.കെ. ജാനു നേരത്തെ പ്രതികരിച്ചിരുന്നു.
Adjust Story Font
16

