മേൽക്കൂര തകർന്നുവീണ കാർത്തികപ്പള്ളി ഗവ.യുപി സ്‌കൂളിൽ സംഘർഷം; സിപിഎം-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം സിപിഎം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

ആലപ്പുഴ: കെട്ടിടം തകർന്ന ആലപ്പുഴ കാർത്തിക പള്ളി ഗവൺമെന്റ് യു.പി സ്കൂളിൽ സംഘർഷം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം സിപിഎം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കടക്കം പരിക്കേറ്റു. രാവിലെ വാര്‍ത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തരെ സിപിഎം പഞ്ചായത്തംഗം നിബുവിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. മീഡിയവൺ റിപ്പോർട്ടർ യു ഷൈജുവിനെ പിടിച്ച് തള്ളി.
അതേസമയം,സ്കൂളില്‍ നിന്ന് മാധ്യമങ്ങളെ ഇറക്കിവിടുകയും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്ത വിഷയത്തിൽ വിശദീകരണം തേടുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രശ്നങ്ങൾ ജനങ്ങളെ എത്തിക്കുന്നത് മാധ്യമങ്ങളാണ്. സംഭവത്തില്‍ പഞ്ചായത്തിനോട് വിശദീകരണം ചോദിക്കും. മാധ്യമങ്ങളെ അകത്ത് കയറ്റി വിടാൻ ആലപ്പുഴ ഡിഡിഇക്ക് വിദ്യാഭ്യാസ മന്ത്രി ഫോണിലൂടെ നിർദേശം നൽകുകയും ചെയ്തു.
ഞായറാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിലാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നത്.ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടമാണ് തകർന്നത്. അവധി ദിവസമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. നാലാം ക്‌ളാസിന്റെ രണ്ട് ഡിവിഷനുകളും ഹെഡ് മാസ്റ്ററുടെ ഓഫീസും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതായി രക്ഷിതാക്കളും വിദ്യാർഥികളും പറയുന്നു.
Watch Video Report
Adjust Story Font
16

