Quantcast

ജനമൈത്രി പൊലീസ്? സംസ്ഥാനത്ത് പൊലീസിനെതിരെ വ്യാപക പരാതി

സൈനികനെയും സഹോദരനെയും മർദിച്ചെന്ന പരാതിയിൽ കൊല്ലം കമ്മിഷണറോട് ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി.

MediaOne Logo

Web Desk

  • Updated:

    2022-10-20 05:37:06.0

Published:

20 Oct 2022 5:14 AM GMT

ജനമൈത്രി പൊലീസ്? സംസ്ഥാനത്ത് പൊലീസിനെതിരെ വ്യാപക പരാതി
X

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിനെതിരെ വ്യാപക പരാതി. മലപ്പുറത്തും പാലക്കാടും കൊല്ലത്തുമാണ് പുതിയ പരാതികൾ ഉയർന്നത്. മലപ്പുറം മഞ്ചേരിയിൽ രാത്രിയിൽ ഭക്ഷണം കഴിക്കാനിറങ്ങിയ യുവതിയെയും സഹോദരനെയും സുഹൃത്തുക്കളെയും അകാരണമായി മർദിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.വാഹന പരിശോധന തടസ്സപ്പെടുത്തിയതിൽ നിയമപരമായ നടപടിയാണ് സ്വീകരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

കിഴിശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച പൊലീസുകാരനെ സംരക്ഷിക്കാൻ നീക്കമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. സ്ഥലംമാറ്റത്തിൽ നടപടി ഒതുങ്ങരുതെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വാളയാറിൽ പൊലീസ് ജീപ്പ് കാറിൽ തട്ടിയത് ചോദ്യം ചെയ്തവരെ സിഐ മർദിച്ചതായും പരാതിയുണ്ട്. സഹോദരങ്ങളായ ഹൃദയസ്വാമി,ജോൺ ആൽബർട്ട് എന്നിവർക്കാണ് മർദനമേറ്റത്. പരിക്കേറ്റ രണ്ടുപേരും വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയായ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മർദനം.

അതേസമയം കൊല്ലത്ത് സൈനികനെയും സഹോദരനെയും മർദിച്ചെന്ന പരാതിയിൽ കൊല്ലം കമ്മിഷണറോട് ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി.വിഷ്ണു,വിഗ്നേഷ് എന്നിവർക്കാണ് മർദനമേറ്റത്. നാട്ടുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് സ്റ്റേഷനിലെത്തിയ ഇവരെ ക്രൂരമായി മർദിച്ചെന്നാണ് പരാതി.

TAGS :

Next Story